ബഹറൈച്ച്: ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹം ഒഴിവാക്കാന്‍ ശ്രമിച്ച യുവാവിനെതിരെ യുപിയില്‍ പൊലീസ് കേസെടുത്തു. സ്ത്രീധനപ്രശ്നത്തിലാണ് ഇയാള്‍ ഫോണിലൂടെ തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കാന്‍ ശ്രമിച്ചത്.
സൗദി അറേബ്യയില്‍ ജോലി നോക്കുന്ന യുവാവാണ് നാട്ടിലുള്ള ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിക്കാന്‍ നോക്കിയത്. ‘സെപ്റ്റംബര്‍ 10 നാണ് ഭാര്യ 20 വയസുള്ള നൂറിയെ ഒഴിവാക്കുകയാണെന്ന് ഇയാള്‍ അറിയിച്ചത.് ഭാര്യയുടെ ബന്ധുക്കള്‍ വാഗ്ദാനം ചെയ്ത സ്ത്രീധനം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
യുവാവ് ഫോണിലൂടെ തലാഖ് ചൊല്ലിയതിന് പിന്നാലെ ഭര്‍ത്യമാതാവും സഹോദരിയും നൂറിയോട് വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇരയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തലാഖ് ചൊല്ലിയ ചന്ദ്ബാബു, അമ്മ, സഹോദരി എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 50,000 രൂപയും ഒരു മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ചന്ദ്ബാബുവിന്റെ ആവശ്യം.
മുസ്ലീംസ്ത്രീകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതിന് പിന്നാലെയാണ് ഫോണിലൂടെ തലാഖ് നടത്തി ഭാര്യയെ ഒഴിവാക്കാന്‍ ശ്രമം. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അനുഭവിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 22 ന് സുപ്രീംകോടതിയും മുത്തലാഖിനെ വിമര്‍ശിച്ചിരുന്നു. ഭരണഘടന ഉറപ്പാക്കുന്ന സമത്വത്തിന് എതിരാണ് മുത്തലാഖ് എന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
Post Your Comments