തൃശൂര്‍: യുവാക്കളെ കബളിപ്പിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി തൃശൂര്‍ കുന്നംകുളത്ത് അറസ്റ്റില്‍. തിരുവനന്തപുരത്ത് വെഞ്ഞാറമൂട് സ്വദേശിയായ പ്രിയയാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് ധനകാര്യസ്ഥാപനം നടത്തിയ ശേഷം മുങ്ങിയ യുവതി കുന്നംകുളത്തുള്ള വാടകവീട്ടില്‍ താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടയിലാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിക്ക് മുന്ന് മക്കളുണ്ട്. എന്നാല്‍ ഇക്കാര്യം നാട്ടുകാരില്‍ നിന്ന് മറച്ചുവെച്ച പ്രിയ ഇത് അനാഥകുട്ടികാളാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പ്രവാസിയാണ് പ്രിയയുടെ വലയില്‍ ആദ്യം പെട്ടത്. പ്രിയയുടെ വാചകമടിയില്‍ കുടുങ്ങിയ കേച്ചേരി സ്വദേശി മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോള്‍ പ്രവാസിയുടെ സൗഹൃദം വളര്‍ന്നു. സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെറിയ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സൗഹൃദം വാട്‌സാപ്പിലേക്ക് മാറി. കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു.
പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസിയാകട്ടെ ഇതു സമ്മതിച്ചു. 20 ലക്ഷം രൂപ പ്രിയയ്ക്കു നല്‍കി. പിന്നീട് അധികം വൈകാതെ തന്നെ താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് പ്രവാസിക്ക് മനസിലായി. ഇത് കൂടാതെ ഭീകരമായ മറ്റൊരു തട്ടിപ്പിനും പ്രവാസി ഇരയായി. തിരുവനന്തപുരത്ത് തര്‍ക്കത്തില്‍ കിടക്കുന്ന ഭൂമി കിട്ടാന്‍ വിവാഹരേഖ വേണം. ഭൂമി കിട്ടിയാല്‍ അതു വില്‍ക്കാം. നല്ലൊരു തുക കിട്ടും. പാതി തരാമെന്ന് വാഗ്ദാനവും. പ്രവാസിയാകട്ടെ മകനോട് ഇക്കാര്യം പറഞ്ഞു.
ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹം. പിന്നെ, റജിസ്‌ട്രേഷന്‍. ഇതെല്ലാം പൂര്‍ത്തിയാക്കി. അവിവാഹിതനായ മകനോട് ഇതു കാര്യമാക്കേണ്ടെന്ന് പ്രവാസിയുടെ നിലപാട്. എന്നാല്‍ വിവാഹരേഖ സംഘടിപ്പിച്ചത് ഭാവിയില്‍ ഭീഷണിപ്പെടുത്തി തുക തട്ടാനാണെന്ന് പൊലീസ് പറയുന്നു. .ജ്വല്ലറി വര്‍ക്കിനിടെ ഇന്റീരിയല്‍ ജോലിക്ക് വന്ന യുവാവായിരുന്നു പിന്നത്തെ ഇര. ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവിനെ പറ്റിച്ചത്. ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു.
അഞ്ചു ലക്ഷം രൂപ നല്‍കി. കൂടാതെ ഇന്റീരിയര്‍ പണിക്കു വന്ന യുവാക്കളും നല്‍കി ലക്ഷങ്ങള്‍. ഒരു യുവാവിന് പണമില്ലാതെ വന്നതോടെ അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം നല്‍കി. ഇങ്ങനെ, പതിനഞ്ചു പേരില്‍ നിന്നായി പ്രിയ തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്. തിരുവനന്തപുരം പൊലീസ് കഴിഞ്ഞ ഒരു വര്‍ഷമായി അന്വേഷിച്ച് വരികയായിരുന്ന പിടികിട്ടാപ്പുള്ളിയാണ് യുവതി. കുന്നംകുളം എ.സി.പി: സിനോജ്, സി.ഐ: കെ.ജി.സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരാതികളില്‍ അന്വേഷണം തുടരുകയാണ്
Post Your Comments