തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണവിവരം ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. അനന്തപുരി ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ലക്ഷ്മി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഏവരേയും നൊമ്പരപ്പെടുത്തി ബാലഭാസ്‌കറിന്റെ മരണമെത്തുന്നത്. ഒന്നും അറിയാത്ത ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് രണ്ട് അമ്മമാര്‍ക്ക് ഒരു എത്തും പിടിയുമില്ല. ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയും ഈ ആശയക്കുഴപ്പത്തിലാണ്.
വസതിയായ തിരുമല വിജയമോഹിനി മില്ലിനു സമീപം എല്‍ഐസി ലെയ്‌നില്‍ ‘ഹിരണ്‍മയ’യിലേക്കു ബാലഭാസ്‌കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോള്‍ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു.ആര്‍ക്കും വീട്ടിലുള്ളവരുടെ വേദനകള്‍ക്ക് മറുപടി നല്‍കാനാകുന്നില്ല. മകന്റെ മുഖത്തേക്കു വീണ്ടും നോക്കാനാകാതെ ശാന്തകുമാരി മോഹാലസ്യപ്പെട്ടു. ബന്ധുക്കള്‍ ചേര്‍ന്ന് ഇരുവരെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണിയും (ചന്ദ്രന്‍) ലക്ഷ്മിയുടെ അച്ഛന്‍ സുന്ദരേശന്‍ നായരും ദുഃഖം താങ്ങാനാവാതെ തളര്‍ന്ന നിലയിലാണ്.
ലക്ഷ്മിയോട് എന്ത് പറയുമെന്നതാണ് ഇവരുടെ ചോദ്യം. ബാലഭാസ്‌കറും ലക്ഷമിയും ഒരുമിച്ച് ജീവിതം തുടങ്ങിയത് ഇവിടെയാണ്. തേജസ്വിനിയെന്ന ജാനിക്കുട്ടിയുടെ കളി ചിരികള്‍ ആസ്വദിച്ച വീട്. ഈ വീട് ഇന്ന് ദുരന്ത ഭൂമി പോലെയാണ്. കോളജ് പഠനത്തിനിടെ പ്രണയിച്ച് 22ാം വയസില്‍ ബാലുവിനെ വിവാഹം ചെയ്തു. അതും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്. അതിന് ശേഷം രണ്ട് വീട്ടുകാരും സ്വീകരിച്ചു. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മകള്‍ തേജസ്വിനിയും എത്തി. തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകള്‍ ജാനിക്കും സംഭവിച്ച ദുരന്തം ലക്ഷ്മിക്ക് താങ്ങാനാകില്ലെന്ന് അവര്‍ക്കും അറിയാം.
അതുകൊണ്ട് തന്നെ ലക്ഷ്മിയെ സമാധാനിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന ചിന്തയാണ് ഹിരണ്‍മയയില്‍ നിറയുന്നത്. ബാലു ഓര്‍മ്മയിലേക്ക് മായുമ്പോള്‍ ലക്ഷ്മിയെ ഓര്‍ത്താണ് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയുടേയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുടേയും കണ്ണീരത്രയും. കുടുംബ വീടായ തിരുമല വിജയമോഹിനി മില്ലിനു സമീപം ‘ഹിരണ്‍മയ’യിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. മൃതദേഹം ശാന്തികവാടത്തിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുന്നതിനു മുമ്പ് അച്ഛന്‍ സി.കെ. ഉണ്ണിയും അമ്മ ശാന്തകുമാരിയും മകനെ അവസാനമായി ഒരുനോക്ക് കണ്ടത് ഏവരെയും കണ്ണീരണിയിച്ചു.
ശാന്തികവാടത്തിലും തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ അവസാനമായി ഒരുനോക്കു കാണാന്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. സപ്തംബര്‍ 25 നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്തരിച്ചത്.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും വാഹനത്തിന്റെ ഡ്രൈവറും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. ഇളയമ്മയുടെ മകന്‍ വിഷ്ണുവാണ് മരണാനന്തര കര്‍മങ്ങള്‍ ചെയ്തത്
Post Your Comments