തിരുവനന്തപുരം•അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്നു. അതിശക്തമായ കാറ്റുണ്ടാവും. കടല്‍ അതിപ്രക്ഷുബ്ധമാവും. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ അഞ്ചിന് മുമ്പ് തീരത്തെത്തണം. ഒക്ടോബര്‍ നാലിനു ശേഷം ആരും കടലില്‍ പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ അഞ്ച് മുതല്‍ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയുണ്ടാവും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം പാലിക്കണം. ഒക്ടോബര്‍ അഞ്ചോടെ മലയോര മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം. ഒക്ടോബര്‍ അഞ്ചു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇടുക്കിയില്‍ നീലക്കുറിഞ്ഞി കാണുന്നതിന് ജനങ്ങളെത്തുന്നത് ഒഴിവാക്കണം. പുഴയുടെയും ആറുകളുടെയും തീരങ്ങളില്‍ കഴിയുന്നരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം.
ജലാശയങ്ങളില്‍ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും അനുവദിക്കില്ല. മരങ്ങള്‍ വീഴാനും വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിലും തീര മേഖലയിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. പ്രളയത്തെ തുടര്‍ന്ന് പല വീടുകളും തകര്‍ന്ന സ്ഥിതിയിലാണ്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സേനാ വിഭാഗങ്ങളോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍. ഡി. ആര്‍. എഫിന്റെ അഞ്ച് ടീമുകളെ ആവശ്യപ്പെടും. ഭിന്നശേഷിക്കാരെ മാറ്റി പാര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് നടപടിയെടുക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ (ഒക്ടോബര്‍ -4) ചേര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി നടപടി സ്വീകരിക്കും.
Post Your Comments