Latest NewsSex & Relationships

താളം തെറ്റിയ മനുഷ്യ മനസ്സുകളും സാഹചര്യങ്ങളും : കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു

കലാ ഷിബു

സൈക്യാട്രിസ്റ്റി ന്റെ അടുത്ത് വര്‍ഷങ്ങളായി ചികിത്സയിൽ ആണ് ഭാര്യ ..
മരുന്നിൽ മുന്നോട്ടു പോകുന്ന ജീവിതം..
രോഗിയായ ഭാര്യയെ ഉപേക്ഷിക്കാൻ വീട്ടുകാർ നിർബന്ധിച്ചും കൂട്ടാക്കാതെ , ഒരു കുറവും ഇല്ലാതെ സംരക്ഷിക്കുന്ന ആ വ്യക്തിയെ കുറിച്ച് ആദരവാണ്..
കൗൺസിലിംഗ് വേണമെന്ന് പറഞ്ഞു വരുമ്പോൾ..
അതിശയം തോന്നിയില്ല.
എത്ര മാത്രം സംഘർഷം ആണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉള്ളതെന്ന് പറഞ്ഞു അറിയാം..
ചില തെറ്റുകൾക്ക് , വിധി നല്കുന്ന ശിക്ഷ കടുത്തതാകും..
ഞാൻ അപ്പോൾ എതിർത്തു..
അങ്ങനെ ഒന്നും ചിന്തിക്കേണ്ട..രോഗം ആർക്കും ഇപ്പോഴും വരുമല്ലോ..
ഭാര്യയുടെ കാര്യമല്ല..
എന്റെ കഴിഞ്ഞ ജീവിതത്തിലെ ഒരു ഏട്..
ചെറുപ്രായത്തിൽ പറ്റിയ ഒരു മാപ്പു അർഹിക്കാത്ത തെറ്റ്..
അടുത്ത ബന്ധത്തിൽ ഉള്ള ചേച്ചിയുടെ സഹായത്തിൽ ആണ് വിദേശത്തു പോയത്..
എന്റെ വീട്ടിലെ സാഹചര്യം അറിയുന്ന അവർ ,
ഒരുപാടു സഹായിച്ചു..
ഭാര്തതാവും മക്കളും അതേ മനസ്സോടെ , ഞാൻ അവിടെ ചെല്ലുമ്പോൾ ഒക്കെ സ്നേഹം പ്രകടിപ്പിച്ചു..
ഇടയ്ക്കു അവരുടെ ഫ്ലാറ്റിൽ താമസത്തിനു ,ചെല്ലാറുണ്ടായിരുന്നു .
മോൾടെ പത്താം ക്ലാസ് പരീക്ഷ സമയത്ത് , ഞാൻ അവിടെ ഉണ്ടായിരുന്നു..
എന്നെ ഏല്പിച്ചിട്ടു അവർ പുറത്തു പോയ നിമിഷം,
എന്റെ ഉള്ളിൽ സാത്താൻ കേറിയ ആ നേരത്ത് ,
ഞാൻ അവിവേകം കാണിച്ചു..
ബോധത്തോടെ തന്നെ ആണ് എന്നത് ഇന്നും എനിക്ക് സ്വയം ഉൾകൊള്ളാൻ പറ്റുന്നില്ല..
ആ കുട്ടിയുടെ സമനില തെറ്റിയ പോലെ അപ്പോഴേ തോന്നി..
അവൾ അമ്മയോട് , അതായത് എന്റെ ചേച്ചിയോട് പറഞ്ഞു..
ഞാൻ അതിനു മുൻപേ അവിടെ നിന്നും പോയിരുന്നു..
പിന്നെ അവരെ കാണാൻ എനിക്ക് ഭയമായിരുന്നു..
അവർ എന്റെ വീട്ടിലും കുടുംബത്തും പറഞ്ഞു ..
അന്നും ഞാൻ കേട്ടിട്ടുണ്ട്..,
ചിലർ അടക്കം പറയുന്നത് , സ്വന്തം മകളുടെ കാര്യം ഇങ്ങനെ പുറത്ത് പറയാമോ എന്ന്..
മുപ്പതു വര്ഷം മുൻപേ നടന്നത്..
ഇന്നും ഞാൻ ആ കുടുംബത്ത് പോകില്ല..
ആ കഥ..വിശ്വസിച്ചവരെ കാൾ അവിശ്വസിച്ചവർ ആണ് അധികവും എന്നത് കൊണ്ട് എനിക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ല.
എന്നെ കുറിച്ച് നാട്ടിലും വീട്ടിലും അത്ര അഭിപ്രായം ആയിരുന്നു..
ഇന്നും ആ കുട്ടിയെ കാണേണ്ടി വരുന്ന സന്ദർഭം എനിക്ക് ഭയമാണ്..
വർഷങ്ങൾ എടുത്ത് ആ ആഘാതത്തിൽ നിന്നും അവൾ ഇറങ്ങി വരാൻ എന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്..
അന്ന്, ആ നശിച്ച ദിവസം അവൾ എന്നെ നോക്കിയ നോട്ടം..
കണ്ണുകളിലെ ഭീതി..
ജന്മാന്തരങ്ങൾ എന്റെ ഉറക്കം കെടുത്തുന്നതാണ്..
ഭാര്യയുടെ രോഗം തിരിച്ചറിഞ്ഞപ്പോൾ , വീട്ടുകാർ ഒക്കെ നിർബന്ധിച്ചു , അവരെ കളയാൻ..
എനിക്കെന്തോ , ആയില്ല..
അവളിലെ രോഗിയെ കാണുമ്പോൾ..
ആ കണ്ണുകൾ രോഗാവസ്ഥയിൽ ചുവക്കുമ്പോൾ ഒക്കെയും ഞാൻ ആ കുട്ടിയുടെ മുഖം ഓർക്കും..

ഈ മനുഷ്യന്റെ ഏറ്റു പറച്ചിൽ കേട്ടപ്പോൾ ,
മറ്റൊരു പുരുഷനെ ഓർത്തു..
സഹപ്രവർത്തകയുടെ ചിറ്റപ്പൻ..
ആ വീട്ടിൽ ചെല്ലുമ്പോൾ ഒക്കെയും മോൾക്കും കൂട്ടുകാരികൾക്കും എന്താണ് വേണ്ടത് എന്ന് ചോദിച്ചു സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരാൾ..
അച്ഛനെയും അമ്മയെയും കാൾ അവളോട് കരുതൽ അദ്ദേഹത്തിനാണ് എന്ന് തോന്നിയിട്ടുണ്ട്..
വിവാഹം കഴിക്കാതെ ചേട്ടന്റെ കുടുംബത്തിന്റെ ഒപ്പം നിൽക്കുന്ന, അവർക്കു വേണ്ടി ജീവിക്കുന്ന ഒരു സാധു മനുഷ്യൻ..
എന്റെ കൂട്ടുകാരി പലപ്പോഴും അദ്ദേഹത്തോട് വളരെ ക്രൂരമായ പെരുമാറ്റം കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്..
കാണുന്ന എനിക്ക് നൊമ്പരം തോന്നുന്നു എങ്കിൽ അനുഭവിക്കുന്ന ആളിന്റെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചപ്പോൾ അവളോട് ദേഷ്യം തോന്നി..
ഒരിക്കൽ അതേ കുറിച്ച് തുറന്നു ചോദിച്ചു..
അദ്ദേഹത്തിന് പണമില്ലാതെ നിങ്ങളെ ആശ്രയിച്ചു നിൽക്കുന്നത് കൊണ്ടാണോ നിന്റെ ഈ പെരുമാറ്റം എന്ന്..
അവൾ പൊട്ടിത്തെറിച്ചു..
ഓർമ്മയായി കാലം മുതൽക്കു അദ്ദേഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണത്തെ പറ്റി അവൾ അലറി വിളിച്ചു പറഞ്ഞു..
”തിരിച്ചറിവായപ്പോൾ ഞാൻ പ്രതികരിച്ചു.
അതോടെ അയാൾ ഒതുങ്ങി..
അച്ഛനോട് പറയും എന്ന് പറഞ്ഞതിന് ശേഷം..
ഇത്രയും വർഷത്തിന് ശേഷവും എനിക്ക് ആ മനുഷ്യനോട് പക തന്നെ ആണ്..
അത് അയാൾ മരിച്ചാലും പോകില്ല..”
അവൾ മനസ്സിൽ അടക്കി വെച്ചതത്രയും പറഞ്ഞു കൊണ്ടിരുന്നു..
തരിച്ചിരുന്ന ഞാൻ ഒന്നും പറഞ്ഞില്ല..
അവളുടെ ഉള്ളു എനിക്ക് കാണാം..
ആ പകയും വെറുപ്പും.., ഇപ്പോൾ വ്യക്തമാണ്..
ഒരുപക്ഷെ ആ മനുഷ്യനും ഇന്ന് ആദ്യത്തെ കേസിലെ പോലെ പശ്ചാത്തപിക്കുന്നുണ്ടാകും..

വിവാഹമോചനത്തിന് അമ്മായി അമ്മയും , അമ്മായി അപ്പനും അല്ലാതെ ,
അമ്മായി അമ്മയുടെ അനിയൻ വില്ലൻ ആയ കേസ് ഓർമ്മയിൽ ഉണ്ട്..
വിവാഹം കഴിഞ്ഞു ഭാര്യയെയും കൊണ്ട് അനന്തിരവൻ , നാട് വിട്ടു മാറി താമസം ആയതിനു ശേഷം വിവരങ്ങൾ അറിയാൻ അവരുടെ അടുത്ത് ഇടയ്ക്കു ഇടയ്ക്കു ചെല്ലും..
ജോലി ചെയ്യുന്ന മെഡിക്കൽ കമ്പനിയുടെ പേരിൽ എഴുതി എടുക്കാവുന്ന ഹോട്ടൽ മുറിയുടെ വാടക സ്വന്തം കീശയിൽ ആക്കിയിട്ടു ,
നവദമ്പതിമാർ കഴിയുന്ന ഒറ്റ കിടക്ക മുറി ഫ്ലാറ്റിൽ അദ്ദേഹം ആഴ്ചയ്ക്കു വിരുന്നുകാരൻ ആയി.
ഒറ്റ മുണ്ടും ചുറ്റി അയാൾ വീട് മുഴുവൻ നടക്കും..
അടിവസ്ത്രം ഊരി എവിടെ എങ്കിലും ഇട്ടിട്ടു , അതും ചോദിച്ചു പിന്നെ വരും..
നിങ്ങൾ കണ്ടോ ,ഇവിടെ ഉണ്ടോ എന്നൊക്കെ ചോദിച്ചു , പരതി നടക്കും..
ഭാര്തതാവിനു അതൊക്കെ തമാശ..
അമ്മാവൻ ആള് ജോളി” ആണത്രേ..

കുഞ്ഞു ആയിട്ടും , ഈ രീതിക്കു മാറ്റമില്ല..
കമ്പനിയിലെ അങ്ങേരുടെ ജൂനിയർ പയ്യന്മാരെ കൂടി വിളിച്ചോണ്ട് വരും..
ഒട്ടും സൗകര്യമില്ലാത്ത വീട്ടിൽ..,
മുലപ്പാൽ കുടിക്കുന്ന കൈകുഞ്ഞും ആയി താമസിക്കുന്ന പെൺകുട്ടിക്ക് അയാളെ കാണുന്നതേ വെറുപ്പായി.
ഭാര്തതാവിന്റെ അമ്മാവൻ ആണ്.
സഹിക്കാതെ വയ്യല്ലോ…
”കമ്പനിയിൽ നിന്നും കാശു കിട്ടില്ലേ..ഹോട്ടലിൽ കഴിയാൻ..?
അങ്ങേർക്കു ബോധമില്ലേ, ഇവിടെ ഉള്ള അസൗകര്യങ്ങളെ കുറിച്ച്..
അതേ പോലെ അല്പവസ്ത്രം ആയി ഈ വീട്ടിൽ ഓടി നടക്കുമ്പോ, എനിക്കത് അറപ്പുണ്ടാക്കുന്നു..
അങ്ങേരു കാണിക്കുന്ന ഈ നിലവാരം കുറഞ്ഞ തമാശ എന്റെ കുടുംബത്തെ അമ്മാവന്മാർ കാണിച്ചു തന്നിട്ടില്ല..
അന്യ പെണ്ണിന്റെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നത് ഒരു മനോരോഗം ആണ്..!
ഈ പേരിൽ ഭാര്യയും ഭാര്തതാവും തമ്മിൽ സ്ഥിരം അടി ആയി..
”ഒറ്റ മോളെ നല്ല രീതിയിൽ കെട്ടിച്ചു വിടാൻ അങ്ങേരു പിശുക്കു കാണിക്കുന്നതാണ്..
നമ്മളോടല്ലേ പറ്റൂ..”
അതിനു വേണ്ടി നീ ഇല്ല കഥ പറയരുത്..!
പറയുമ്പോൾ മാഡത്തിന് മനസ്സിലാകുമോ എന്നറിയില്ല..
ഈ മനുഷ്യനൊന്നും യാതൊരു ഔചിത്യവും ഇല്ല.
അവൾ അരിശത്തോടെ അന്ന് പറഞ്ഞു..
അങ്ങേരു മോളെ വിദേശത്തു കെട്ടിച്ചു..
ഇപ്പൊ ഭാര്യയും ഭാര്തതാവും മാറി മാറി പോയി അവളുടെ കുട്ടിയെ വളർത്തൽ ആണ്.
ഞങ്ങളുടെ വിവാഹം കഴിഞ്ഞു ഈ മനുഷ്യൻ ഉണ്ടാക്കി തന്ന പ്രശ്നങ്ങൾ ചെറുതല്ല.
അങ്ങേരുടെ കയ്യിൽ നിന്നും
എന്റെ ഭാര്തതാവ് കടം വാങ്ങിച്ച പൈസ എന്നും പറഞ്ഞു ബഹളം വെച്ച് ,
എന്റെ കൈയിലെ വള വിവാഹം കഴിഞ്ഞു ഒരാഴ്‌ചയ്‌ക്കുള്ളിൽ ഊരി പണയം വെച്ച് കൊടുത്തു..
രാമന്റെ കാശു കൊടുത്തില്ല..!!
എന്ന ദീർഘശ്വാസം അമ്മായി ‘അമ്മ ഭാര്തതാവിന്റെ മുന്നിൽ വിവാഹം കഴിഞ്ഞ അന്ന് വൈകിട്ട് അഴിച്ചു വിട്ടതാണ്..
അന്ന് മുതൽ ഞങ്ങൾ തമ്മിൽ ഉള്ളാലെ ഇഷ്‌ടകേടുണ്ട്..
എന്റെ ഭാര്തതാവിനെ എന്നിൽ നിന്നും അകറ്റിയതിനു പൂർണ്ണമായും അയാൾക്കു പങ്കുണ്ട്..
അയാൾക്കും ഒരു മകളുണ്ട് മാഡം..
കാലം മറുപടി പറയും..!
പെൺകുട്ടി അരിശത്തോടെ പുലമ്പി..
അയാൾ കുടുംബത്തിന്റെ കാരണവർ എന്നാണ് അവിടെ പറയുന്നത്..
മുതിർന്നവരൊക്കെ മരിച്ചു..
അയാളുടെ ഉള്ളിൽ ഒരു കുറുക്കൻ ഉണ്ട് മാഡം..
അത്ര നികൃഷ്‌ടനായ അയാളുടെ യഥാർഥ സ്വഭാവം കാലം ലോകത്തിന്റെ മുന്നിൽ കൊണ്ട് വരും..
പക്ഷെ എന്റെ ജീവിതം അയാള് കാരണം ഇല്ലാതായി..!

ഓരോ കഥയ്ക്ക് പിന്നിലും അങ്ങനെ ഒരുപാടു കഥകൾ ഉണ്ട്..!
പുറമെ കാണുന്ന വില്ലത്തരത്തിനും വായാടിത്തരത്തിനും അപ്പുറം ഉയർന്നു നിൽക്കുന്ന നിറഞ്ഞ നന്മ മാത്രം ഉള്ളവർ ..ഇനിയും പറയാത്ത വാക്കുകളിലെ ” എരിച്ചിലും ശാപവും ” ഏറ്റു വാങ്ങാൻ തക്ക കുരുട്ടു ബുദ്ധിയും വക്രതയും ഉള്ള മറ്റൊരു കൂട്ടരും..!
എന്നിരുന്നാലും എന്നും ഒരേ അവസ്ഥ ആകണം എന്നില്ല…
മാറി വരും..മനുഷ്യ മനസ്സല്ലേ..!

shortlink

Related Articles

Post Your Comments

Related Articles


Back to top button