ദുബായ്: കുടുംബങ്ങള്‍ക്കായി ഒരുക്കിയ സ്ഥലങ്ങളിൽ ബാച്ചിലേഴ്‌സിന്റെ താമസം വിലക്കാനൊരുങ്ങുന്നു. നഗര പ്രദേശങ്ങളില്‍ കുടുംബങ്ങള്‍ക്കായി മാത്രം നിര്‍മ്മിക്കപ്പെട്ടിട്ടുളള ഇടങ്ങളില്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ താമസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് പദ്ധതി. തിങ്കളാഴ്ച ദുബായ് ഓഫീസേഴ്സ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ ദുബായിലെ ഇന്‍റീരിയര്‍ മന്ത്രാലയമാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ ഉളള സ്ഥലങ്ങളില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ സാന്നിധ്യം കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുമെന്നതിനാല്‍ കുടുംബത്തിന്‍റെ പൂര്‍ണ്ണമായ സുരക്ഷക്കായാണ് ദുബായ് മന്ത്രാലയം ബാച്ചിലേഴ്സിനെ വിലക്കുന്ന പുതു പദ്ധതി രൂപീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഫെഡറൽ ഡെമോഗ്രാഫിക് സ്ട്രക്ച്ചർ കൗൺസിൽ (എഫ്ഡിഎസ്), അർബൻ പ്ലാനിംഗ് കൌൺസിലുകൾ, ഭൂമി, വസ്തുവക ഡിപ്പാർഡുകൾ, മാനവ വിഭവശേഷി മന്ത്രാലയം, അടിസ്ഥാന സൗകര്യവികസന മന്ത്രാലയം, രാജ്യത്തുടനീളം വിവിധ മുനിസിപ്പാലിറ്റികളുടെ പ്രതിനിധികൾ എന്നിവരുടേയെല്ലാം പൂര്‍ണ്ണ സഹകരണത്തോടെയായിരിക്കും ദുബായ് മന്ത്രാലയം പദ്ധതി വെളിച്ചത്ത് കൊണ്ടുവരുകയെന്ന് ബന്ധപ്പെട്ട ഓഫിസേര്‍സ് അറിയിച്ചു. കുടുംബത്തിന്‍റെ സുരക്ഷക്കും ജീവിത നിലാവാരം ഉയര്‍ത്തുന്നതിനായും വിനോദത്തിനായും നിരവധി പദ്ധതികളും കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍റഷ്യല്‍ ഏരിയയില്‍ നടപ്പില്‍ വരുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം അവിവാഹിതരായ യുവതീയുവാക്കള്‍ ഒന്നിച്ച് താമസിക്കുന്നതും നിരുല്‍സാഹപ്പെടുത്തുമെന്നും ആരോഗ്യവിഭാഗത്തിലെ അധികൃതര്‍ അറിയിച്ചു.
Post Your Comments