തലശ്ശേരി: പാർട്ടി പ്രവർത്തകർക്കായി പല നിറത്തിലുള്ള പുതപ്പുകള്‍ ഇറക്കാനുള്ള തത്രപാടിലാണ് തലശ്ശേരി ഗവ. ജനറല്‍ ആശുപത്രി. സഖാക്കള്‍ക്ക് ചുവപ്പും, ബിജെപിയ്ക്ക് കാവിയും, കോണ്‍ഗ്രസിന് ത്രിവര്‍ണ്ണവും, ലീഗിന് പച്ചയും ഇറക്കാനാണ് തീരുമാനം. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളാണ് ഇത്തരത്തിലൊരു വ്യവസ്ഥ മുന്നോട്ടുവെച്ചത്. എന്നാൽ ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കാൻ ബുദ്ധിമുട്ട് ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചതായാണ് സൂചന. വാര്‍ഡുകളിലേക്ക് പുതപ്പുകളുമായി ഡിവൈഎഫ്ഐയാണ് ആദ്യം എത്തിയത്. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എന്ന് ആലേഖനം ചെയ്ത 150 പുതപ്പുകളാണ് ഇവർ എത്തിച്ചത്. പിന്നാലെ ചന്ദ്രക്കല പതിപ്പിച്ച പച്ചപ്പുതപ്പുകളുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി. പിന്നാലെ സംഘടനയുടെ ചിഹ്നവും പേരും പതിപ്പിച്ച പുതപ്പുകള്‍ ഉടന്‍ എത്തിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രാദേശിക നേതാക്കളും സൂപ്രണ്ടിനെ അറിയിച്ചു.
ഇതോടെ സംഘടനകളുടെ പേരുകളും ചിഹ്നങ്ങളും മായ്ച്ച ശേഷം പുതപ്പുകൾ നൽകിയാൽ വാങ്ങാമെന്ന നിലപാടുമായി ആശുപത്രി അധികൃതരും രംഗത്തെത്തി. പുതപ്പിലും വിരിയിലും രാഷ്ട്രീയം കലർത്തിയാൽ അത് സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സിസേറിയനു വിധേയരായ വനിതകള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി, ശീതീകരിച്ച ജനറല്‍ വാര്‍ഡ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച മെഡിക്കല്‍ ഐസിയുവും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡിന്റെ പണികളും പൂർത്തിയാകാറായിട്ടുണ്ട്.
Post Your Comments