KeralaLatest News

ശബരിമല സ്‌ത്രീ പ്രവേശനം ; കോടതി വിധിയിൽ ആശങ്കയോടെ സി.പി.എം.

തിരുവനന്തപുരം : ശബരിമലയില്‍ സ്‌ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ആശങ്കയോടെ സി.പി.എം. വിധിക്കു കാരണം സി.പി.എമ്മും പിണറായി സര്‍ക്കാരുമാണെന്ന പ്രചാരണം അഴിച്ചവിട്ട്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ ബി.ജെ.പി ഒരുങ്ങുന്നത്‌. വിധിയില്‍ ഹൈന്ദവ വികാരം വ്രണപ്പെട്ടുവെന്നും ഇത്‌ ഹിന്ദു ഏകീകരണത്തിനും വഴിതെളിക്കുമെന്നുമാണു ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

താഴേത്തട്ടു മുതല്‍ പ്രചാരണപരിപാടികള്‍ നടത്താന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കി കഴിഞ്ഞു. വിധിയോടുള്ള താഴ്‌മണ്‍ മഠത്തിലെ തന്ത്രി കുടുംബാംഗങ്ങളുടെയും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെയും പ്രതികരണങ്ങള്‍ അടങ്ങിയ ബാനറുകളും ഫ്‌ളക്‌സ്‌ ബോര്‍ഡുകളും നാടൊട്ടുക്കും സ്‌ഥാപിച്ചാകും പ്രചരണം.

സുപ്രീംകോടതി വിധിയെ പരസ്യമായി സ്വാഗതം ചെയ്‌തെങ്കിലും ആശങ്കയോടെയാണ്‌ സി.പി.എം. നോക്കി കാണുന്നത്‌. സര്‍ക്കാര്‍ നിലപാടാണ്‌ സ്‌ത്രീപ്രവേശനത്തിന്‌ വഴിതെളിച്ചതെന്ന്‌ ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും പ്രചരണത്തിന്‌ തടയിടാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കും. വിഷയത്തില്‍ സൂക്ഷിച്ചു മാത്രമേ പ്രതികരിക്കാവൂവെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിനും അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കരുതലോടെയാണു കോണ്‍ഗ്രസിന്റെ പ്രതികരണം. വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്‌ഥരാണെന്നും അതേസമയം വിശ്വാസം സംരക്ഷിക്കണമെന്നുമുള്ള പ്രതികരണങ്ങളാണ്‌ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവര്‍ നടത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button