KeralaLatest News

കുട്ടികളുണ്ടാകാനുള്ള ചികിത്സ തേടിയ യുവതിക്ക് ചികിത്സാ പിഴവിൽ ദാരുണാന്ത്യം : പ്രതിഷേധവുമായി ബന്ധുക്കൾ

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി ഡോകടര്‍മാരുടെ പിഴവു മൂലമാണ് മഹേഷിന്റെ ഭാര്യ സബിത മരിച്ചത്

തിരുവനന്തപുരം: അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തില്‍ മഹേഷിന്റെ ഭാര്യ സബിതയാണ്(34) മരിച്ചത്. ദീര്‍ഘകാലമായി കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ നടത്തിയ ശസ്ത്രക്രിയയിലെ അപാകതയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കൾ പറയുന്നതിങ്ങനെ, തുടക്കത്തില്‍ ചികിത്സക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ലാപ്രോസ്‌കോപ്പി ചെയ്യാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

ഇതിനായി സ്‌കാന്‍ ചെയ്തപ്പോള്‍ വയറിനുള്ളില്‍ തരിതരിയായി മുഴകള്‍ ഉളളതായി കണ്ടെത്തിയിരുന്നു. ഇതുകാരണം ലാപ്രോസ്‌കോപ്പി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ലാപ്രോസ്‌കോപ്പിക്ക് മാത്രമായി 68000 രൂപ ചികിത്സ തുകയായി ഈടാക്കി.വയറിനുള്ളിലെ മുഴക്ക് 15 സെന്റീമീറ്ററോളം ആഴം ഉണ്ടായിരുന്നു. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം സബിതയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയുമായിരുന്നു.

എന്നാല്‍ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച പിഴവു മൂലം വന്‍കുടലില്‍ ചെറിയ ദ്വാരം രൂപപ്പെട്ടു.തുടര്‍ന്ന് ദ്വാരം വലുതാകുകയും അതിലൂടെ ആഹാരം, വെള്ളം, മരുന്ന് എന്നിവ വെളിയിലേക്ക് വരികയായിരുന്നു. ഇതേ തുടര്‍ന്ന് ഉദരത്തിലെ നാല് അവയവങ്ങള്‍ക്ക് അണുബാധ ഉണ്ടാകുകയും ഉദര വീക്കം,ശ്വാസം മുട്ടല്‍ തുടങ്ങിയവ സബിതക്ക് അനുഭവപ്പെടുകയുമായിരുന്നു. വേദന അനുഭവപ്പെടുന്നതായി ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ശസ്ത്രക്രിയ നടത്തിയതിലുള്ള സ്വാഭാവിക വേദനയാണെന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മാര്‍ വിശ്വസിപ്പിക്കുകയായിരുന്നു.

പിന്നീട് വേദന ഗുരുതരമായതോടെ ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം
സബിതയെ പട്ടം എസ്.യു.ടിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിന്റെ സഹായത്തൊടെ വന്‍ കുടല്‍ വഴി ഉളളിലേക്ക് കടന്ന എല്ലാ മാലിന്യങ്ങളും നീക്കം ചെയ്തു. തുടര്‍ന്ന് തുടക്കത്തില്‍ സബിത മരുന്നുകളോട് പ്രതികരിച്ചെങ്കിലും പിന്നീട് കരളിന്റെ പ്രവര്‍ത്തനം താഴുകയും ഹൃദയമിടിപ്പ് കുറഞ്ഞ് മരണത്തിനു കീഴടങ്ങുകയുമായിരുന്നു. 7 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി ഇവര്‍ക്ക് ചിലവായത്. മലേഷ്യയിലെ മഹേഷിന്റെ സമ്പാദ്യവും സ്വര്‍ണം വിറ്റുമാണ് സബിതക്കുള്ള ചികിത്സ ചിലവ് കണ്ടെത്തിയത്.

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി ഡോകടര്‍മാരുടെ പിഴവു മൂലമാണ് കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തിൽ സബിത മഹേഷിന് മരണം സംഭവിച്ചതെന്നും എന്നാൽ ഇതിനെതിരെ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി അധികൃതരുടെ പിഴവുമൂലം തന്റെ പ്രിയതമ മരണത്തിനു കീഴടങ്ങുമ്പോള്‍ താങ്ങാനാകാത്ത വേദനയിലാണ് സബിത യുടെ ഭര്‍ത്താവ് മഹേഷ് കുമാര്‍.

shortlink

Related Articles

Post Your Comments


Back to top button