Latest NewsKerala

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍

ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

15751 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുറ്റത്ത് നിന്നും കൂടി ദൃശ്യമാകുന്ന രീതിയിലാണ് വേദി തീര്‍ക്കുന്നത്. ഓഫീസ്, ഗ്രീന്‍ റൂം, സ്റ്റോര്‍, അടുക്കള, ടോയ് ലെറ്റുകള്‍ എന്നിവയും താഴത്തെ നിലയില്‍ ഉണ്ടാകും.

മുകളിലത്തെ നിലയില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കും. മ്യൂസിയത്തിലെ 4 ഹാളുകളിലായി ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ള നാല് വ്യത്യസ്ത ജീവിത കാലയളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മള്‍ട്ടിമീഡിയ സംവിധാനത്തിലൂടെ അവതരിപ്പിക്കും.

മികവാര്‍ന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അംഗീകാരങ്ങള്‍ നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നിര്‍വഹിക്കുക. ഒന്നര വര്‍ഷത്തിനുള്ളില്‍ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ശിവഗിരി തീര്‍ത്ഥാടന കാലത്ത് പതിനായിരകണക്കിനാളുകളാണ് ചെമ്പഴന്തിയിലെത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയല്‍വാരം വീട് കാണുന്നതിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. ശ്രീനാരായണ ജയന്തി അടക്കം നിരവധി ആഘോഷ പരിപാടികള്‍ നടക്കുന്ന ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന എറെക്കാലമായുള്ള ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button