തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ മുഖം മാറുന്നു. ആശുപത്രിയില്‍ വമ്പന്‍ പദ്ധതി . ആര്‍.സി.സി.യില്‍ പുതിയ 14 നില മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി. ഇതിനായി, അംഗീകൃത ഏജന്‍സിയായി ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
മന്ദിരത്തിനായി 187.22 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. 26,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ബഹുനില മന്ദിരം രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ആര്‍.സി.സി.യ്ക്ക് പുറകിലുള്ള സ്ഥലത്താണ് ഇത് നിര്‍മ്മിക്കുന്നത്.
തറനിരപ്പിന് താഴെയുള്ള രണ്ട് നിലകള്‍ പാര്‍ക്കിംഗിന് വേണ്ടിയാണ് ക്രമീകരിക്കുന്നത്. തറനിരപ്പില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ തെറാപ്പി സ്യൂട്ട്, ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്നിവ നിര്‍മ്മിക്കും. ഒന്നാം നിലയിലാണ് മൈക്രോ ബയോളജി വിഭാഗവും ബ്ലഡ് ബാങ്കും. രണ്ടാം നിലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗവും മൂന്ന്, നാല് നിലകളിലായി രോഗികളുടെ വാര്‍ഡുമാണുണ്ടാകുക. അഞ്ചാമത്തെ നിലയില്‍ ഓപ്പറേഷന്‍ തീയറ്ററും ഐ.സി.യു.വുമാണ്. ആറാമത്തെ നിലയില്‍ ലുക്കീമിയ വാര്‍ഡും ഏഴാമത്തെ നിലയില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗവും വിദ്യാഭ്യാസത്തിനുള്ള സൗകര്യവുമുണ്ടാകും.
എട്ടാമത്തെ നിലയില്‍ നഴ്‌സുമാരുടെ ഹോസ്റ്റലും ഒമ്പതാമത്തെ നിലയില്‍ പി.ജി. ഹോസ്റ്റലും നിര്‍മ്മിക്കുന്നതാണ്. പത്താം നിലയില്‍ ലക്ചര്‍ ഹാള്‍, അധ്യാപകരുടെ വിശ്രമമുറി, ലൈബ്രറി, ഗസ്റ്റ് റൂം എന്നിവയാണുള്ളത്. പതിനൊന്നാം നില ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 250 കിടക്കകളാണ് ഈ കെട്ടിടത്തില്‍ സജ്ജമാക്കുന്നത്.
ആറ് ഓപ്പറേഷന്‍ തീയറ്ററുകളും 10 ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് കിടക്കകളുള്ള മുറികളും ഉണ്ടാകും. മലിനജലസംസ്‌കരണ യൂണിറ്റ്, ജനറേറ്റര്‍, ലിഫ്റ്റുകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും.
Post Your Comments