മംഗലശ്ശേരി നീലകണ്‌ഠനും, മുണ്ടയ്ക്കല്‍ ശേഖരനും മലയാളി പ്രേക്ഷക മനസ്സില്‍ അത്രത്തോളം ആഴ്ന്നിറങ്ങിയ പേരുകളാണ്. ‘ദേവാസുരം’ എന്ന ഐവി ശശി-രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം 25 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ വൈകാരിക സ്പര്‍ശങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്.
മുല്ലശ്ശേരിയില്‍ താന്‍ കണ്ടു വളര്‍ന്ന രാജുവേട്ടന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഫ്ലാഷ് ബാക്കിലെ പ്രണയമായിരുന്നു ദേവാസുരമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു രഞ്ജിത്ത് പറയുന്നു.
രഞ്ജിത്ത് സ്നേഹത്തോടെ ‘രാജുവേട്ടന്‍’ എന്ന് വിളിക്കുന്ന യഥാര്‍ത്ഥ മംഗലശ്ശേരി നീലകണ്ഠന്‍ സിനിമയിലെ നീലകണ്‌ഠനെപ്പോലെ ഒരു മാസ് അവതാരമായിരുന്നു, നീലകണ്ഠനെന്ന കഥാപാത്രമെഴുതാന്‍ രാജുവേട്ടന്‍ പ്രചോദനമായെങ്കില്‍ മുണ്ടയ്ക്കല്‍ ശേഖരനെ താന്‍ സിനിമയ്ക്ക് വേണ്ടി സൃഷ്ടിക്കുകയായിരുന്നുവെന്നു രഞ്ജിത്ത് പറയുന്നു. രാജുവേട്ടന് യഥാര്‍ത്ഥ ജീവിതത്തില്‍ ശത്രുക്കളുണ്ടായിരുന്നില്ല, വേറെയൊരു മനോഹരമായ സംഗതി എന്തെന്ന് വെച്ചാല്‍ ‘മുണ്ടയ്ക്കല്‍’ എന്റെ അച്ഛന്റെ കുടുംബത്തിന്റെ തറവാട്ട് പേരാണ്. ‘മുണ്ടയ്ക്കല്‍’ എന്ന് പറയുമ്പോള്‍ കിട്ടുന്ന ഒരു ശബ്ദ ഗാംഭീര്യമുണ്ട്,അതിനു വേണ്ടിയാണ് ‘മുണ്ടയ്ക്കല്‍’ എന്ന തറവാട്ട് പേര് ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയത്.
അഭിമുഖത്തിനിടെ രഞ്ജിത്ത് യഥാര്‍ത്ഥ ജീവിതത്തിലെ നീലകണ്‌ഠന്റെ കൊച്ചുമോള്‍ നടിയും, നര്‍ത്തകിയുമായ നിരഞ്ജനയോട് വ്യക്തമാക്കി. അതിനാല്‍ ‘മുണ്ടയ്ക്കല്‍’ എന്ന കുടുംബത്തില്‍ നിന്ന് നിനക്ക് യാതൊരു വധഭീഷണിയും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അഭിമുഖത്തിനിടെ രഞ്ജിത്ത് ചിരിയോടെ പങ്കുവച്ചു. മനോരമ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവാസുരത്തിന്റെ ഓര്‍മ്മകളില്‍ രഞ്ജിത്ത് മനസ്സ് തുറന്നത്.
Post Your Comments