മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടര്‍ന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന് ഭഗത് സിംഗിനെ ഒരിക്കലും വാക്കുകളിലൊതുക്കാന്‍ കഴിയില്ല. ബ്രട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകര്ന്നുനല്കി തൂക്കുമരം പൂകിയ ഭഗത് സിംഗിന്റെ മഹത്യം അത്രയ്ക്കും വലുതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് (28 സെപ്റ്റംബര്‍ 1907- 23 മാര്‍ച്ച് 1931). ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു.
ബാല്യകാലം മുതല്‍ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയിരുന്ന ഭഗത് സിംഗിനെ തീവ്ര ഇടത് ചിന്താഗതിക്കാരനാക്കിയത് യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. അതോടെ അദ്ദേഹം അരാജക വാദത്തോടും മാര്‍ക്സിസത്തോടും അടുത്തു. ഇന്ത്യയിലെ ആദ്യ മാര്‍ക്സിസ്റ്റുകളിലൊരാളായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത നിരീശ്വര വാദിയായിരുന്ന അദ്ദേഹം എന്തുകൊണ്ട് ഞാന്‍ ഒരു അവിശ്വാസി (വൈ അയാം ആന്‍ എത്തീയിസ്റ്റ്) എന്ന പേരില്‍ ലേഖനമെഴുതി. തന്റെ ചിന്തകള്‍ പൊള്ളയാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയായി ആ പുസ്തകം. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ സിംഗ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസില്‍ കീഴടങ്ങുന്നതും തൂക്കിലേറ്റപ്പെടുന്നതും. രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങളുണ്ടായിട്ടും തന്റെ ആശയം ബ്രിട്ടീഷ്കാര് തിരിച്ചറിയാനാണ് ഭഗത് സിംഗും സുഹൃത്തുക്കളും കീഴടങ്ങുന്നത്.
തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ദര്‍ശിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. ജാലിയന്‍വാലാബാഗിലെ ഒരുപിടി മണ്ണ് ഒരു കുപ്പിയിലാക്കി തന്റെ തന്റെ മുറിയില്‍ സൂക്ഷിച്ചുകൊണ്ട് സ്വതന്ത്ര്യം, ആവശ്യമെന്ന് പ്രഖ്യാപിച്ച ഭഗത് സിംഗ്, പക്ഷേ തെരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയായിരുന്നു. അതേ പാതയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കടന്നുവന്നു. ജോണ്‍ സൗണ്ടര്‍ എന്ന പോലീസുകാരനെ വധിച്ച കേസിലാണ് ഭഗത് സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പക്ഷേ പിടിയിലായത് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോര്‍ ഗൂഢാലോചനക്കേസിലും. സര്‍ക്കാര്‍ 1928 ല്‍ പോലീസിന് സ്വതന്ത്ര അധികാരം നല്കുന്ന പബ്ലിക് സേഫ്റ്റി ബില്‍ എന്ന പേരില്‍ ഒരു നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചതിനെതിരെ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാന്‍ കൂടുന്ന സഭയില്‍ ബോംബെറിയാന്‍ തീരുമാനിച്ചു. ആരെയും വധിക്കാതെ, ഒരു സ്ഫോടനത്തിലൂടെ നീതിപീഠത്തിന്റെ കണ്ണുതുറപ്പിക്കുകയെന്ന ഉദ്ദേശ്യമായിരുന്നു ഭഗത്സിംഗിനും കൂട്ടര്‍ക്കുമുണ്ടായിരുന്നത്.
ഇതിനെതുടര്‍ന്ന് 1929 ഏപ്രില്‍ 8 ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയില്‍ ബോംബെറിഞ്ഞ് ഇന്‍ക്വിലാബ് സിന്ദാബാദ് സാമ്രാജ്യത്വം മൂര്‍ദ്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി. ബധിരര്‍ക്കു ചെവി തുറക്കാന്‍ ഒരു വന്‍ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനങ്ങളും അവര്‍ വിതരണം ചെയ്ത് അവര്‍ സ്വയം അറസ്റ്റ് വരിക്കുകയായിരുന്നു. ജയിലില്‍ എല്ലാ തടവുകാര്‍ക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തിധ14പ. ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു.
1930 മെയ് അഞ്ചു മുതല്‍ 1930 സെപ്തംബര്‍ 10 വരെ നടന്ന വിചാരണയ്ക്കൊടുവില് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. അസ്സംബ്ലി ബോംബേറു കേസില്‍ ബി.കെ.ദത്ത് ഉള്‍പ്പടെയുള്ള മൂന്നു പേരെ മുമ്പ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മാപ്പപേക്ഷ നല്കിയാല് വധശിക്ഷയൊഴിവാകുമെന്നിരിക്കേ തന്റെ രാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഭഗത് സിംഗും കൂട്ടരും. അതിന്‍പ്രകാരം 1931 മാര്‍ച്ച് 24 ന് നടപ്പിലാക്കാന്‍ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കി. 1931 മാര്‍ച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റുകയായിരുന്നു. ഭഗത് സിംഗിന്റെ ജീവിതം പിന്നീട് ധാരാളം യുവാക്കളെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചതായി കണക്കാക്കപ്പെടുന്നു
Post Your Comments