തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കരപാര്‍ കമ്പനിയ്ക്ക് അന്ത്യശാസനം. ഇതോടെ റോഡിന്റെ റീടാറിങ്ങും അറ്റകുറ്റപ്പണിയും ഒക്ടോബര്‍ പത്തിനകം പൂര്‍ത്തിയാക്കാമെന്ന് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും ഉറപ്പ് നല്‍കി. കലക്ടറേറ്റില്‍ മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അടുത്ത വര്‍ഷം ജനുവരി 29നു മുമ്പു കുതിരാനിലെ രണ്ടു തുരങ്കങ്ങളും തുറന്നുകൊടുക്കാമെന്നും കമ്പനി അറിയിച്ചു. ഈ സമയപരിധികള്‍ ലംഘിച്ചാല്‍ കമ്പനിക്കെതിരെ നിയമനടപടിക്കു മടിക്കില്ലെന്നു മന്ത്രി മുന്നറിയിപ്പുനല്‍കി.
കെഎംസി കമ്പനിയെയാണ് നിര്‍മാണ ചുമതലകള്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ കമ്പനി കരാര്‍ലംഘനം നടത്തിയതായി മന്ത്രി കുറ്റപ്പെടുത്തി. പണമില്ലാത്തതല്ല പ്രശ്‌നം. കരാര്‍ ഏറ്റെടുത്ത ശേഷം 14 ചെറിയ കമ്പനികള്‍ക്കു പുറംകരാറുകള്‍ കൊടുത്തതു നിയമവിരുദ്ധമാണ്. ഇതു ഗുണമേന്മയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുതിരാന്‍ ഭാഗത്തെ രണ്ടര കിലോമീറ്റര്‍ ഭാഗവും മണ്ണുത്തി-വടക്കഞ്ചേരി പാതയിലെ ബാക്കി 15 കിലോമീറ്റര്‍ ഭാഗവും ഒക്ടോബര്‍ പത്തിനു മുന്‍പു യാത്രായോഗ്യമാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടിവരും. പണി സമയത്തു തീര്‍ക്കാന്‍ ‘കൗണ്ട് ഡൗണ്‍’ തുടങ്ങണം. കരാര്‍പ്രകാരവും സര്‍ക്കാര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്കനുസരിച്ചും പണി പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്തതിനു ശേഷമേ ടോള്‍ പിരിവ് അനുവദിക്കൂ എന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷാവശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നൈയില്‍നിന്നുള്ള വിദഗ്ധ സംഘം ഇന്നു തുരങ്കത്തിലെത്തും.
Post Your Comments