Latest NewsIndia

പ്രധാനമന്ത്രിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം

ഞായറാഴ്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി ഉദ്ഘാടനം ചെയ്തത്.

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയതിനാണ് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ.പി സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ഞായറാഴ്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി ഉദ്ഘാടനം ചെയ്തത്. 2019 ജനുവരി 31 ആണ് നാമനിര്‍ദേശം നല്‍കേണ്ട അവസാന തീയ്യതി. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുക. 50 കോടി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിത്. പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാകും. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുകഴ്ത്തി തിമിഴിശൈ സൗന്ദര്‍രാജന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതായി വാര്‍ത്ത വന്നിരിക്കുന്നത്.

സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാവുന്നതാണെന്നും തിമിഴിശൈ സൗന്ദര്‍രാജ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ നടന്നത്. 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയോട് ചില സംസ്ഥാനങ്ങള്‍ മുഖം തിരിച്ചുനില്‍ക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചാല്‍ മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളൂ.കേരളം, ഒഡീഷ, ദില്ലി, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാകുന്നില്ല. ചെലവേറിയ പദ്ധതിയാണിതെന്നാണ് കേരളത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം പ്രതികരണം തേടിയിരുന്നു.പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതിയാണ് പിന്നീട് പേരുമാറ്റി ആയുഷ്മാന്‍ ഭാരത് എന്നാക്കി മാറ്റിയത്.

ഒട്ടേറെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗമാകാന്‍ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്.ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയുടെ നേട്ടങ്ങളും ഗുണങ്ങളും വിശദീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കത്ത് പുറത്തിറക്കിയിട്ടുണ്ട്. ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് ഇത് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button