തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേല്‍ക്കാനിരിക്കെ നിയുക്ത പ്രചാരണവിഭാഗം അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്‍ ഉമ്മൻചാണ്ടിയെ പുകഴ്ത്തി പ്രസ്താവന. അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയായിരിക്കും യുഡിഎഫ‌് പ്രചാരണത്തിലെ താരമെന്നാണ‌് ഒരു ചാനലിന‌് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ വ്യക്തമാക്കിയത്.
എ ഗ്രൂപ്പിനെയും ഉമ്മന്‍ചാണ്ടിയെയും തഴഞ്ഞ ഹൈക്കമാന്‍ഡ‌് നടപടിയോട‌് യോജിപ്പില്ലെന്നും പുതിയ ഭാരവാഹികള്‍ വന്നാലും പാര്‍ട്ടി നിയന്ത്രണം ഗ്രൂപ്പുകള്‍ക്കായിരിക്കുമെന്നും ഉള്ള സന്ദേശമാണ‌് മുരളീധരന്‍ നല്‍കുന്നത‌്. പൂര്‍ണമായും നിശ്ചലമായ എ ഗ്രൂപ്പ‌് ക്യാമ്പിനെ സജീവമാക്കാനുള്ള തന്ത്രം കൂടിയാണിത്. എ ഗ്രൂപ്പ‌് പിണങ്ങിയാല്‍ കോണ്‍ഗ്രസിന‌് അത‌് തിരിച്ചടിയാകുമെന്ന‌് മുരളി കണക്ക‌് കൂട്ടുന്നു. ഒപ്പം ഐ ഗ്രൂപ്പ‌് വിട്ട തന്റെ കൂറ‌് എ ഗ്രൂപ്പിനോടാണെന്നും മുരളി പറയാതെ പറയുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രതികരണത്തെയും മുരളിധരന്‍ തള്ളി. ഇനി ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ‌് ഹൈക്കമാന്‍ഡ‌് തീരുമാനം വന്ന ഉടനെ മുല്ലപ്പള്ളി പ്രതികരിച്ചത‌്. വര്‍ക്കിങ‌് പ്രസിഡന്റുമാര്‍ വര്‍ക്ക‌് ചെയ്യാനുള്ളതാണെന്നും അതുകൊണ്ടു തന്നെ ഇത‌് അവര്‍ക്കും ബാധകമാണെന്നും മുല്ലപ്പള്ളി സൂചന നല്‍കി. എന്നാല്‍, വര്‍ക്കിങ‌് പ്രസിഡന്റുമാര്‍ മത്സരിക്കുന്നത‌് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ‌് മുരളീധരന്‍ പറഞ്ഞത്. അതേസമയം, പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ പേര‌് മുരളീധരന്‍ പരാമര്‍ശിച്ചതുപോലുമില്ല.
ഇതോടെ സുധീരനെ പോലെ മുല്ലപ്പള്ളിക്കും വല്ലാതെ വിയര്‍ക്കേണ്ടിവരുമെന്ന‌് ഒരിക്കല്‍ കൂടി വ്യക്തമായി. ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കണമെന്ന‌് രാഹുല്‍ ഗാന്ധി ഉപദേശിച്ച‌് വിട്ട‌് 48 മണിക്കൂര്‍ തികയുംമുമ്പാണ‌് മുരളീധരന്റെ പ്രതികരണം. കെ കരുണാകരന്റെ അവസാനകാലത്തും കരുണാകരന്റെ മരണശേഷവും കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണതാരമായി കണ്ടത‌് എ കെ ആന്റണിയെയായിരുന്നു. എ ഗ്രൂപ്പ‌് നേതാവായിരുന്നെങ്കില്‍ക്കൂടി കുറെ വര്‍ഷങ്ങളായി ഗ്രൂപ്പിനതീതമായ ദേശീയനേതാവായാണ‌് ആന്റണിയെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കണക്കാക്കുന്നത‌്.
ഐ എസ ആർ ഓ കേസിൽ പ്രതിക്കൂട്ടിലായ ഉമ്മൻ ചാണ്ടിക്കും ആന്റണിക്കും ആശ്വാസം പകരുന്നതാണ് അന്നേറ്റവും ക്രൂശിക്കപ്പെട്ട കരുണാകരന്റെ മകന്റെ ഈ പ്രസ്താവന. എ-ഐ ഗ്രൂപ്പുകളുടെ തമ്മിലടിഘട്ടത്തിലും രണ്ട‌് ഗ്രൂപ്പും ചേര്‍ന്ന‌് മുന്‍ കെപിസിസി പ്രസിഡന്റ‌് വി എം സുധീരനെതിരെ ഒളിപ്പോര‌് നടത്തിയപ്പോഴുമെല്ലാം ആന്റണിയാണ‌് പരിഹരിക്കാന്‍ മുന്നിലുണ്ടായത‌്. അങ്ങനെയുള്ള ആന്റണിയെ പോലും തള്ളിപ്പറഞ്ഞാണ‌് ഉമ്മന്‍ചാണ്ടിയെ മുരളി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത‌്.
ഉമ്മന്‍ചാണ്ടി ഭരണത്തിലെ അഴിമതിയും ക്രമക്കേടുകളുമെല്ലാമാണ‌് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക‌് കാരണമെന്ന‌് മുന്‍ കെപിസിസി പ്രസിഡന്റ‌് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുകയും ചെയ്യുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടിയെ മുരളീധരൻ ഉയർത്തിക്കാട്ടുന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
Post Your Comments