കണ്ണൂര്‍•ഇസ്രയേല്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ നിശ്ചിത ഇടവേളകളില്‍ വടക്കന്‍ കേരളത്തിലെ ഒരു ടൗണിലേക്ക് എത്തുന്നത് എന്തിനാണെന്ന് അറിയാമോ..കേരളത്തിന്റെ മഹത്തായ കൈത്തറി പാരമ്പര്യമാണ് ഈ ഉദ്യോഗസ്ഥരെ ഇവിടെയെത്തിക്കുന്നത്.
കണ്ണൂരിലെ ഒരു തയ്യല്‍ കേന്ദ്രത്തില്‍ നിന്നാണ് ഇസ്രായേലി പൊലീസിന്റെ ഇലംനീല നിറത്തിലുള്ള നീണ്ട കൈകളുള്ള യൂണിഫോം ഷര്‍ട്ടുകള്‍ തുന്നിനല്‍കുന്നത്. വലിയവെളിച്ചം വ്യവസായ പാര്‍ക്കിലെ മറിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡിലെ നൂറുകണക്കിന് തയ്യല്‍ക്കാരാണ് ഇസ്രായേലി പോലീസിന്റെ യൂണിഫോം തുന്നിയെടുക്കാന്‍ മണിക്കൂറുകളോളം തയ്യല്‍മെഷിന്‍ ചവിട്ടുന്നത്. ഡബിള്‍പോക്കറ്റ് ഷര്‍ട്ടുകള്‍ തുന്നുക മാത്രമല്ല, കൈകളില്‍ ട്രേഡ്മാര്‍ക്ക് ചിഹ്നങ്ങള്‍ ചേര്‍ത്ത് രൂപകല്പന ചെയ്യുന്നതും ഇവര്‍ തന്നെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രയേലി പോലീസിന് ഒരു വര്‍ഷം ഒരു ലക്ഷം ഷര്‍ട്ടുകളാണ് ഇവിടെ നിന്ന് തുന്നി നല്‍കിയിരിക്കുന്നത്.
തൊടുപുഴ ആസ്ഥാനമായ വ്യവസായി തോമസ് ഒല്‍ക്കലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോള്‍ കുവൈത്തിന്റെ അഗ്നിശമന യൂണിറ്റിന്റെയും ദേശീയക്കാരുടെയും യൂണിഫോം തുന്നി നല്‍കാനുള്ള ഓര്‍ഡറും ഏറ്റെടുത്തിട്ടുണ്ട്. മാത്രമല്ല ഫിലിപ്പൈന്‍ സൈന്യത്തിന് അണിയാനുള്ള ഷര്‍ട്ടുകളും അധികം താമസിയാതെ ഇവിടെ തുന്നപ്പെടുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. മുമ്പ് ഇസ്രയേലി സൈന്യത്തിനുള്ള പാന്റും തുന്നി നല്‍കിയിരുന്നു. ഇപ്പോള്‍ ഈ ഉത്തരവാദിത്തം ഒരു ചൈനീസ് കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് കമ്പനിയുടെ അക്കൗണ്ട്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സിജിന്‍ കുമാര്‍ പറഞ്ഞു.
2006 ല്‍ സംസ്ഥാനതല കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിച്ച ഈ കമ്പനി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സൈനിക യൂണിഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ആരോഗ്യസേവന പ്രവര്‍ത്തകര്‍ എന്നിവരുടെ യൂണിഫോം തുന്നുന്നതില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.
Post Your Comments