ദമ്മാം: അനിശ്ചിതങ്ങൾ നിറഞ്ഞ സൗദി പ്രവാസം അവസാനിപ്പിച്ച്, നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി അഭയകേന്ദ്രത്തിൽ നിന്നും ഇന്ത്യൻ വനിത നാട്ടിലേയ്ക്ക് മടങ്ങി.
തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ അഞ്ജനമ്മയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വർഷം മുൻപാണ് ഒരു ഏജന്റ് വഴി അഞ്ജനമ്മ സൗദി അറേബ്യയിൽ പ്രവാസിയായി എത്തിയത്. ഏജന്റ് അവരെ ഒരു സൗദിയുടെ വീട്ടിൽ ജോലിയ്ക്ക് കൊണ്ടാക്കി. അഞ്ചു മാസം ആ വീട്ടിൽ യാതൊരു പ്രശ്നവുമില്ലാതെ, ജോലി ചെയ്തു. അപ്പോഴേയ്ക്കും ഏജന്റ് വന്ന് അവരെ കൂട്ടികൊണ്ടു പോയി മറ്റൊരു സൗദി ഭവനത്തിൽ ജോലിയ്ക്ക് കൊണ്ടാക്കി. പുതിയ വീട്ടിലെ ജോലി ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ഏജന്റിനോട് പരാതി പറഞ്ഞപ്പോൾ, രണ്ടു മാസത്തിനു ശേഷം നാട്ടിലേയ്ക്ക് കയറ്റിവിടാം എന്നയാൾ വാക്കു നൽകി. എന്നാൽ മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഏജന്റ് വന്നില്ല എന്ന് മാത്രമല്ല ഫോൺ വിളിച്ചാൽ എടുക്കാതെയുമായി. ഒടുവിൽ ജോലിസ്ഥലത്തെ ദുരിതങ്ങൾ സഹിയ്ക്കാനാകാതെ അഞ്ജനമ്മ ആ വീട്ടിൽ നിന്നും പുറത്തു കടന്ന്, ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്പ് ഡെസ്ക്കിൽ എത്തി പരാതി പറഞ്ഞു. ഹെൽപ്പ് ഡെസ്ക്കിൽ നിന്നും അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, അഞ്ജനമ്മയോട് സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കുകയും, പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിയ്ക്കുകയും ചെയ്തു.
നവയുഗം ജീവകാരുണ്യപ്രവർത്തകർ അഞ്ജനമ്മയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, ആ ഏജന്റ് തന്റെ കൈയ്യിൽ നിന്നും വീട്ടുജോലിക്കാരിയുടെ വിസയ്ക്കായി പതിനയ്യായിരം റിയാൽ വാങ്ങിയിട്ടുണ്ടെന്നും, ആ പണം തിരികെ കിട്ടാതെ അഞ്ജനമ്മയ്ക്ക് എക്സിറ്റ് നൽകില്ലെന്നും അയാൾ ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല, സ്പോൺസർ ലേബർ കോടതിയിൽ കേസും ഫയൽ ചെയ്തു. നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കോടതിയിൽ തന്റെ വാദങ്ങൾ അഞ്ജനമ്മയ്ക്ക് അവതരിപ്പിയ്ക്കാൻ കഴിഞ്ഞു.
സത്യാവസ്ഥ ബോധ്യമായ കോടതി സ്‌പോൺസറുടെ കേസ് തള്ളി. സ്പോൺസർ പണം നൽകിയത് ഏജന്റിന് ആയതിനാൽ, അത് തിരികെ നൽകാനുള്ള ബാധ്യത അഞ്ജനമ്മയ്ക്ക് ഇല്ല എന്നായിരുന്നു കോടതിയുടെ തീർപ്പ്. അഞ്ജനമ്മയെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാൻ കോടതി സ്പോൺസറോട് നിർദ്ദേശിച്ചു.
മഞ്ജു മണിക്കുട്ടന്റെ അഭ്യർത്ഥന മാനിച്ച്, ഹൈദരാബാദ് സാമൂഹ്യപ്രവർത്തകനായ ധർമ്മപുരി നരസായ, അഞ്ജനമ്മയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികൾ വേഗം പൂർത്തിയാക്കി അഞ്ജനമ്മ നാട്ടിലേയ്ക്ക് മടങ്ങി,
Post Your Comments