
ബിഗ് ബോസ് വീട്ടിൽ നിന്നുമുള്ള അർച്ചനയുടെ പുറത്താകൽ വ്യക്തിപരമായി അംഗീകരിക്കാനാവില്ലെന്ന് അർച്ചനയുടെ സുഹൃത്തും ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയുമായ ദീപൻ മുരളി. സത്യസന്ധമായി കളിച്ചു മുന്നോട്ട് പോയ ആളാണ് അർച്ചന. ശക്തരായ മത്സരാർത്ഥികളായതു കൊണ്ടു മാത്രമാണ് അവസാന ആഴ്ച്ചയിലെ നോമിനേഷനിൽ സാബുവും അർച്ചനയും വന്നത്. ബിഗ്ബോസിൽ നിന്നും ഇതുവരെ പുറത്തായ ഒരാൾ പോലും അതിനകത്തുള്ളവരെ സപ്പോർട്ട് ചെയ്തു സംസാരിച്ചിട്ടില്ല.
എന്നാൽ ബിഗ്ബോസിൽ നിന്നും പുറത്തായശേഷം അർച്ചനയെ പിന്തുണച്ച് അവൾക്ക് വേണ്ടി സംസാരിച്ചയാളാണ് ഞാൻ. ഒരു പ്രേക്ഷകനെന്ന നിലയിലും ആ വീട്ടിലുള്ള എല്ലാവരേയും അടുത്തു നിന്ന കണ്ടയാൾ എന്ന നിലയിലും അർച്ചന, രഞ്ജിനി, സാബു എന്നിവരെയാണ് ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം ഞാൻ പിന്തുണച്ചത്. നന്നായി ടാസ്ക് ചെയ്യുകയും ശരിയായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് ബിഗ്ബോസിൽ നിലനിർത്തേണ്ടത് എന്നാണ് എന്റെ നിലപാട്. അർച്ചനയേയും സാബുവിനേയും പിന്തുണച്ചു രംഗത്തു വന്നതു മുതൽ സോഷ്യൽ മീഡിയയിലൂടെ എനിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണവും വ്യക്തിഹത്യയുമാണ് ഉണ്ടായത്.
അവരെ പിന്തുണച്ചതിന്റെ പേരിൽ ഇനി എനിക്ക് കേൾക്കാൻ തെറിയൊന്നും ബാക്കിയില്ല. പേർളിയുടേയും ഷിയാസിന്റേയും ഫാൻസെന്ന് പറഞ്ഞു വന്നവരായിരുന്നു ഇതൊക്കെ ചെയ്തത്. ഇതെല്ലാം ഫേക്ക് അക്കൗണ്ടുകൾ ആയിരുന്നു എന്നത് വേറെ കാര്യം. മറ്റൊരു ചാനലിൽ ഞാൻ പരിപാടി ചെയ്തപ്പോൾ അതിൽ നിന്നും എന്നെ മാറ്റണം എന്നാവശ്യപ്പെട്ട് ഫേക്ക് ഐഡികളിൽ നിന്നും ആവശ്യവുമായി ചാനലിന്‍റ് ഫേസ്ബുക്ക് പേജിലും പ്രചരണമുണ്ടായി.ഷിയാസായാലും പേർളിയായാലും എനിക്ക് ഒരുപോലെയാണ്. ഞങ്ങൾ ഒരുമിച്ചു ജീവിച്ചവരാണ് പുറത്തുവന്നാലും അവരോടെല്ലാം എനിക്ക് അടുപ്പവും സ്നേഹവും ഉണ്ടാവും.
എന്നാൽ ഒരു സുഹൃത്തെന്ന നിലയിലും ഒരു പ്രേക്ഷകനെന്ന നിലയിലും ഞാൻ അർച്ചനയേയും സാബുവിനേയും ആണ് പിന്തുണച്ചത്. നിങ്ങൾക്ക് ഷിയാസിനേയോ പേർളിയേയോ പിന്തുണയ്ക്കാനും അവർക്ക് വേണ്ടി വോട്ടു തേടാനും അവകാശമുള്ള പോലെ തന്നെ എനിക്കും ഇഷടപ്പെട്ട മത്സരാർത്ഥിയെ പിന്തുണയ്ക്കാൻ അവകാശമുണ്ട്. അർച്ചനയെക്കുറിച്ച് പേർളി ഫാൻസ് ഉന്നയിക്കുന്ന പ്രധാന ആരോപണം അർച്ചന ഏഷണിയും പരദൂഷണവും പറയുന്നുവെന്നാണ്. അർച്ചന സംസാരിക്കുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്. വീട്ടിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെയാണ് അവൾ ചൂണ്ടിക്കാണിച്ചത്.
അവൾ പറഞ്ഞതെല്ലാം അൽപം വൈകിയാണെങ്കിലും സത്യമാണെന്ന് തെളിയാറുണ്ട്. എന്നാൽ അതിന്റെ പേരിൽ അർച്ചനയെ വീടിനകത്തും പുറത്തും ഒറ്റപ്പെടുത്തുന്നതിനോടും പി.ആർ ഏജൻസികളെ കൊണ്ട് അർച്ചനയെ പിന്തുണയ്ക്കുന്നവരെ അക്രമിക്കുകയും ചെയ്യുന്നതും ശരിയായ കാര്യമല്ല. ആത്മർത്ഥമായി ടാസ്ക് ചെയ്യുകയും വീട് നോക്കുകയും നോമിനേഷനിൽ പോലും കൃത്യമായ നിലപാട് പറയുകയും ചെയ്യുന്ന ആളാണ് അർച്ചന. നോമിനേഷനിൽ കൃത്യമായി കാരണം പറയാൻ പോലും ആ വീട്ടിലുള്ള പലർക്കും അറിയില്ല. പലരും നോമിനേഷനിൽ പറയുന്നത് ഒരേ കാരണങ്ങളാണ്.
ശക്തരായ മത്സരാർത്ഥികളാണെന്നും പറഞ്ഞാണ് സാബുവിനേയും അർച്ചനയേയും കഴിഞ്ഞ ആഴ്ച്ച ഷിയാസും ശ്രീനിഷും നോമിനേറ്റ് ചെയ്യുന്നത്. ഒരേ കിടക്കയിൽ കിടന്നുറങ്ങുന്നവർ ഒരേകാര്യം പറഞ്ഞു നോമിനേറ്റ് ചെയ്യണമെങ്കിൽ അത് കൃത്യമായി പ്ലാൻ ചെയ്തുള്ള കളിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.ഒരു ഗെയിമിൽ നിങ്ങൾ കളിക്കാനിറങ്ങിയാൽ അതിനെ ഗെയിമായി കാണണം. അല്ലാതെ അവിടെ മോളും, പെങ്ങളും,കാമുകിയും, സഹോദരനും, കുഞ്ഞമ്മയുടെ മോളുമായി ബന്ധങ്ങളായാൽ പിന്നെ നിങ്ങൾക്കെങ്ങനെ ഒരാളെ നോമിനേറ്റ് ചെയ്യാൻ സാധിക്കും..? അപ്പോൾ മോളായി കാണാൻ പറ്റാത്തവരേയും സഹോദരനായി കാണാൻ പറ്റാത്തവരേയും നോമിനേറ്റ് ചെയ്യും.
അങ്ങനെയാണ് നന്നായി ഗെയിം കളിച്ചവരൊക്കെ നോമിനേഷനിൽ വന്നതും അല്ലാത്തവർ സേഫ് ആയതും. കഷ്ടപ്പെട്ട് ടാസ്ക് കളിച്ചവർക്കൊന്നും ഒരു വിലയുമില്ലേ… ഇതിലെന്ത് നീതിയാണുള്ളത്… ഇതാണോ ബിഗ് ബോസ്. സുരേഷേട്ടൻ രണ്ട് പേരെ നോമിനേറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ സ്ട്രോംഗ് പ്ലെയറായ പേർളിയെ നോമിനേറ്റു ചെയ്തു. എന്ത് കൊണ്ട് സുരേഷട്ടൻ അങ്ങനെ ചെയ്തു. പലരുമായും അടുത്തു പെരുമാറി അവരുടെ അടുപ്പം പിടിച്ചു പറ്റി സേഫാക്കാൻ ശ്രമിക്കുകയാണ് ചിലർ. നമ്മുക്കൊരാളെ നമ്മുടെ മകളായോ സഹോദരിയായോ തോന്നിയാൽ പിന്നെ അവരുടെ തെറ്റ് ചൂണ്ടിക്കാട്ടാനോ അവരെ നോമിനേറ്റ് ചെയ്യാനോ സാധിക്കില്ല.
ഇത്തരം ഗെയിമുകളാണ് അവിടെയിപ്പോൾ നടക്കുന്നത്. ബിഗ്ബോസിൽ പങ്കെടുക്കാൻ പോകുന്ന കാര്യം അടുത്ത സുഹൃത്തുകളോട് പോലും ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ പുറത്തിറങ്ങിയപ്പോൾ ആണ് പലരും പിആർ ഏജൻസികളേയും സുഹൃത്തുകളേയും സംഘടിപ്പിച്ചും വാട്സാപ്പ് ഗ്രൂപ്പുകൾ വരെ ഉണ്ടാക്കി വച്ചുമാണ് ബിഗ്ബോസിലേക്ക് വന്നതെന്ന് മനസ്സിലായത്. ഇങ്ങനെ അജൻഡയും പ്ലാനിംഗും ഇല്ലാതെ വന്നവരാണ് അകപ്പെട്ടു പോയത്. ബിഗ് ബോസിനുള്ളിൽ ചിലർ സ്ട്രോംഗ് ആയിട്ടുള്ളവരെ മാത്രമാണ് നോമിനേറ്റ് ചെയ്യുന്നത്. വീക്ക് ആയ മത്സരാർത്ഥികളെയൊന്നും പേർളിയോ ശ്രീനിഷോ നോമിനേറ്റ് ചെയ്യുന്നില്ല. ഇതൊക്കെ ഭയങ്കര കളിയാണ്.
അർച്ചനയും സാബുവും ഗ്രാൻഡ് ഫിനാലെയിൽ വരണമെന്നായിരുന്നു എന്റെ വ്യക്തിപരമായ ആഗ്രഹം. എന്നാലിപ്പോൾ അർച്ചന ഔട്ടായിരിക്കുന്നു ഇതെനിക്ക് വ്യക്തിപരമായി അംഗീകരിക്കാൻ പറ്റുന്നില്ല. സാബു ചേട്ടൻ ബിഗ് ബോസ് വിന്നറാവണമെന്നാണ് ഇനി ആഗ്രഹിക്കുന്നത്. ആഴ്ച്ചയ്ക്ക് ആഴ്ച്ചയ്ക്ക് സ്വഭാവം മാറുന്നവർക്ക് ഇത്രയും പിന്തുണ കിട്ടുന്നത് സമൂഹത്തിന് ഗുണകരമായ കാര്യമായി തോന്നുന്നില്ല. ബിഗ് ബോസിലെ ചിലർക്ക് മലയാളം സംസാരിക്കാൻ അറിയില്ല. ചിലർക്ക് ദേഷ്യം വന്നാൽ ഉപയോഗിക്കുന്ന ഭാഷ അങ്ങേയറ്റം തരംതാണതാണ്. പക്ഷേ ഇവരൊക്കെ സേഫായി മുന്നോട്ട് പോകുന്നു. ഞങ്ങളൊക്കെ പങ്കെടുത്ത ഒരു ഷോയിൽ ശക്തരായ, യോഗ്യരായ മത്സാർത്ഥികൾ ഗ്രാൻഡ് ഫിനാലേയിൽ എത്തണം എന്നാണ് ആഗ്രഹം.
എന്റെ അഭിപ്രായത്തിൽ ഗ്രാൻഡ് ഫിനാലേയ്ക്ക് മുൻപുള്ള ആഴ്ച്ചയിൽ മുഴുവൻ പേരേയും നോമിനേഷനിൽ നിർത്തണമായിരുന്നു. ജനങ്ങൾ തീരുമാനിക്കട്ടെ ഇവരിൽ ആരാണ് ഫൈനലിൽ എത്താൻ യോഗ്യരെന്ന്. ഇതൊന്നും ശരിയായ രീതിയല്ല.എന്റെ നേരിട്ടുള്ള അനുഭവത്തിൽ അർച്ചനയ്ക്ക് നല്ല രീതിയിൽ കുടുംബപ്രേക്ഷകരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ അവർക്ക് എങ്ങനെ വോട്ട് ചെയ്യണം എന്നറിയില്ല. നേരെ മറിച്ച് കൂടെ നോമിനേഷനിൽ വന്ന മത്സരാർത്ഥികൾക്ക് വേണ്ടി വോട്ടു ചെയ്യാൻ സംഘടിതരായ ആളുകളുണ്ട്. അവിടെയാണ് അർച്ചന തോറ്റു പോകുന്നത്. ഒഫീഷ്യൽ ഗ്രൂപ്പിൽ മുഖമില്ലാത്ത പ്രൊഫൈലുകൾ ആണ് കൂടുതലും. ഏഷ്യാനെറ്റ് ഓൺലൈനിൽ ആണ് ദീപൻ മുരളിയുടെ പ്രതികരണം.
Post Your Comments