എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഷാമിലിനെ കാണാതായിട്ട് അഞ്ചു മാസം : പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി
കാസര്‍ഗോഡ് : എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഷാമിലിനെ കാണാതായിട്ട് അഞ്ചു മാസമായിട്ടും ഒരു തുമ്പും ലഭിയ്ക്കാത്ത സാഹചര്യത്തില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. അണങ്കൂര്‍ ബൈത്തുല്‍ ആഇശയിലെ സലീമിന്റെ മകനും മംഗളൂരുവില്‍ ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷാമിലിനെയാണ് കാണാതായത്. ഇതുവരെ ഷാമിലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്ക്വാഡിനെയും നിയോഗിച്ചു.
ഏപ്രില്‍ 17നാണ് ഷാമിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സുഹൃത്തിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് രാവിലെ ഒമ്പതു മണിയോടെ സ്വന്തം വീട്ടില്‍ നിന്ന് കാറോടിച്ചുപോയ ഷാമിലിനെ പിന്നീട് കാണാതാവുകയായിരുന്നു. സലീമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ഷാമില്‍ കൊണ്ടുപോയ കാര്‍ പിന്നീട് ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാമില്‍ പഠിക്കുന്ന കോളേജിലും ബന്ധുവീടുകളിലുമടക്കം അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല.
ഇതിനിടെ ഷാമില്‍ ഗോവയിലുണ്ടെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗോവയില്‍ നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. ഷാമില്‍ 17ന് രാവിലെ 11 മണിക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സഹപാഠി അറിയിച്ചിരുന്നു. കോളേജ് ഗേറ്റിന്റെ പുറത്തുണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍. നോക്കിയപ്പോള്‍ ഷാമിലിനെ കണ്ടില്ലെന്നും ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം വിജയിച്ചില്ലെന്നുമാണ് സഹപാഠിയുടെ വെളിപ്പെടുത്തല്‍.
ഏപ്രില്‍ 14, 15 തീയ്യതികളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയപ്പോള്‍ ഒപ്പം ഷാമിലുമുണ്ടായിരുന്നു. അധ്യാപകരടക്കം അറുപതോളം പേരാണ് വിനോദയാത്ര പോയത്. കര്‍ണാടക ദണ്ഡേരിയിലെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിനോദയാത്രക്കിടെ ആരോ ഷാമിലിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകന്റെ തിരോധാനവും ഈ ഭീഷണിയും തമ്മില്‍ ബന്ധമുണ്ടെന്നും പിതാവ് സലീം ആരോപിക്കുന്നു.
Post Your Comments