അവന്റെ ‘അമ്മ എത്ര നല്ലതാണു. മൂരാച്ചി മനോഭാവം ഒന്നും ഇല്ല..! പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തി. കണ്ടോ മാഡം, അവള്‍ എന്നെ കുറ്റം പറയുക ആണ്. അവന്റെ ‘അമ്മ നല്ലത് എന്ന്. അവര്‍ക്കു മോന്റെ ഇത്തരം കുരുത്തക്കേടിനു കൂട്ട് നില്‍ക്കാം, നാളെ അവനു ഒന്നും സംഭവിക്കാന്‍ ഇല്ല. എന്റെ മോളെയും കൊണ്ട് അവന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവര്‍ വിലക്കേണ്ടതല്ലേ..? പെണ്‍കുട്ടിയുടെ അമ്മയുടെ ആകുലതകള്‍ ഇങ്ങനെ നീളുന്നു..
പ്രണയത്തില്‍ ആയ ആണ്‍കുട്ടിയും പെണ്‍കുട്ടിയും രണ്ടു മതത്തില്‍ പെട്ടവര്‍ ആണ്. ജീവിത സാഹചര്യവും വ്യത്യസ്തം. പെണ്‍കുട്ടിയുടെ ‘അമ്മ വഴക്കു പറയുകയും അടിക്കുകയും ചെയ്യുന്നു. ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവ് ഇതറിഞ്ഞാല്‍ കൂട്ടകൊലപാതകം നടക്കും എന്നും ഭയക്കുന്നു. എന്നാല്‍, ആണ്‍കുട്ടിയുടെ അമ്മയുടെ നിലപാട് മറ്റൊരു തരത്തില്‍ ആണ്. ആണ്‍കുട്ടികള്‍ ആകുമ്പോ ഇത്തിരി കുരുത്തക്കേടൊക്കെ ഉണ്ടാകില്ലേ. അവന്‍ കൂട്ടുകാരികളെ ഒക്കെ കൊണ്ട് വരാറുണ്ട്. ഞാന്‍ വെച്ച് വിളമ്പി കൊടുക്കാറും ഉണ്ട്. ഒന്നിച്ചു പുറത്തു കറങ്ങാനും പോകാറുണ്ട്. അത് പ്രണയം ആണോ എന്നൊന്നും അറിയില്ല..! അലസമായ മറുപടിയില്‍ അവര്‍ ഒഴിഞ്ഞു.
കന്യകാത്വത്തിന്റെ പുല്ലിംഗം എന്തെന്ന് അറിയില്ലാത്ത കൊണ്ട് ആണ്‍കുട്ടിയെ ബോധവത്കരിക്കാന്‍ ഇനി ഒന്നും ഇല്ല. പക്ഷെ, ഇതിന്റെ മറ്റൊരു വശം ഉണ്ട്. അത് ആണ്‍കുട്ടിയുടെ ‘അമ്മ പ്രതീക്ഷിച്ചില്ല. കുട്ടിക്കളി മാറി മകന്‍ വലിയ പുരുഷന്റെ മാനസികാവസ്ഥ എത്തി എന്ന് ‘അമ്മ ഓര്‍ക്കണം. പിന്നെ സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്തതാണ്. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി, അവളെ ബന്ധത്തില്‍ നിന്നും കഷ്ടടപെട്ടു മാറ്റി എടുത്തു. അവള്‍ അകന്നു പോകുന്നത് അറിയവേ, ആണ്‍കുട്ടി പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. വൈകാരികമായ സംഘര്‍ഷം അവനില്‍ രൂക്ഷമായി. പഠനത്തില്‍ പിന്നോട്ട് ആയി. വീട്ടില്‍ അക്രമം, കോളേജില്‍ പ്രശ്‌നം.
‘അമ്മ കരഞ്ഞു കൊണ്ട് വന്നു. ആണ്‍കുട്ടിയുടെ കുസൃതിക്കു കൂട്ട് നിന്ന അമ്മയെ എങ്ങനെ സമാധാനപ്പെടുത്തണം എന്നറിയാതെ ഞാനും. പെണ്ണിന് നഷ്‌പ്പെടാന്‍ ഒരുപാടുണ്ട്. ആണുങ്ങള്‍ പക്ഷെ അങ്ങനെ അല്ല..അവര്‍ക്കു ഇത്തിരി കളിതമാശകള്‍ ആകാം. ഇതാണല്ലോ പൊതുവെ കുടുംബങ്ങളിലും സമൂഹത്തിലും ഉള്ള കാഴ്ചപ്പാട്. മകള്‍ക്കു ഒരു നിയമം. മകന് മറ്റൊന്ന്..! പക്ഷെ, ആണിനും പെണ്ണിനും ഉള്ളത് ഹൃദയം തന്നെ അല്ലെ. നോവും നൊമ്പരവും ഒക്കെ കൊണ്ടുകേറുന്ന ഒരിടം..? ബലഹീനര്‍ അല്ല എന്ന് എത്ര നടിച്ചാലും , പൊള്ളുന്ന സങ്കടം പെരുകുമ്പോള്‍ മറകള്‍ അഴിഞ്ഞു വീഴും തന്നെ ചെയ്യും.
അടുത്ത കൂട്ടുകാരിയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവ് മരിച്ചു. അല്ല, ആത്മഹത്യ ചെയ്തു.. അദ്ദേഹത്തിന് വിവാഹത്തിന് മുന്‍പ് മുറപ്പെണ്ണും ആയി അടുപ്പം ഉണ്ടായിരുന്നു. ചില കുടുംബവഴക്കുകളുടെ പേരില്‍ , അത് നടന്നില്ല. മുറപ്പെണ്ണ് ആയ കാമുകി ആദ്യം വിവാഹം കഴിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞു ഒരു അപകടത്തില്‍ അയാള്‍ മരിച്ചു. ഇതിനിടയില്‍ കാമുകനും വിവാഹിതനായി. വര്‍ഷങ്ങള്‍ കഴിയവേ, കുടുംബവഴക്കുകള്‍ ഒഴിഞ്ഞു ബന്ധുക്കള്‍ ഒന്നായി. കാമുകന്റെ അമ്മയും അയാളുടെ ഭാര്യയും തമ്മില്‍ ഒരിക്കലും ചേര്‍ച്ച ഇല്ല. അകന്നു പോയിരുന്ന ബന്ധുക്കള്‍ അടുത്തപ്പോള്‍, അമ്മയ്ക്ക് സങ്കടം.
തങ്കപ്പെട്ട മുറപ്പെണ്ണിനെ നഷ്ടമാക്കിയിട്ടു മകന് ഒരു താടകയെ കൊടുക്കേണ്ടി വന്നല്ലോ എന്ന്. മകനും കാമുകിയും വീണ്ടും പഴയ ബന്ധം പുതുക്കുന്നു എന്ന് കണ്ടിട്ടും ‘അമ്മ അങ്ങ് കണ്ണടച്ചു. മരുമകള്‍ എന്ന ശല്യം ഒഴിഞ്ഞു പോകുന്നു എങ്കില്‍ പോകട്ടെ. സ്വത്തുകാരിയായ ബന്ധു കടന്നു വരട്ടെ. അങ്ങനെ അമ്മയുടെ ഒത്താശയോടെ, ആ അവിഹിതം കൊഴുത്തു. ഭാര്യ വിവരം അറിഞ്ഞു. വഴക്കായി, അവര്‍ വിവാഹമോചനത്തിന് നീങ്ങിയപ്പോഴും ഭര്‍ത്താവ് കൂസല്‍ ഇല്ലാതെ നിന്നു. മക്കളുടെ മുഖം മനപ്പൂര്‍വ്വം നോക്കിയില്ല. പക്ഷെ , കാമുകി പിന്നെയും കാലു മാറി. മെച്ചപ്പെട്ട ഒരു കല്യാണം വന്നപ്പോള്‍ ,വീണ്ടും ഒരിക്കല്‍ കൂടി അയാള്‍ പറ്റിക്കപെട്ടു.
ഇത്തവണ ആ അപമാനം അയാള്‍ക്ക് താങ്ങാന്‍ ആയില്ല. ഇനി ഒരിക്കല്‍ കൂടി ഹൃദയത്തില്‍ കാര മുള്ളു പോലെ തറച്ചു പോയ വേദന വലിച്ചൂരി കളയാന്‍ ആകില്ല. അമ്മയ്ക്ക് മോനെ സമാധാനപ്പെടുത്താന്‍ സാധിച്ചില്ല.. അയാള്‍ ഒരു മുഴം കയറില്‍ തീര്‍ന്നു. സ്ത്രീയെ മനസ്സിലാക്കാന്‍ പുരുഷന് സാധിക്കില്ല എന്ന് പറയുന്നു. പുരുഷനെ മനസ്സിലാക്കാന്‍ തിരിച്ചും സാധിക്കുന്നുണ്ടോ..? സ്വന്തം അമ്മയ്ക്ക് പോലും പറ്റാറില്ല എന്നാണ് ഇത്തരം കേസുകള്‍ കാണുമ്പോള്‍ തോന്നാറ്. മകന് ശരീരത്തോടുള്ള ആസക്തി മാത്രമേ ഒരു ബന്ധത്തില്‍ ഉണ്ടാകു എന്ന് ഗര്‍വ്വോടെ വിശ്വസിക്കുന്നുണ്ടോ ‘അമ്മ മനസ്സിന്റെ അടിത്തട്ടില്‍ ?
അതൊക്കെ ആണ് പുരുഷ ലക്ഷണം എന്ന് ‘അമ്മ ചിന്തിച്ചാല്‍ പിന്നെ ആ മോന് ഭൂമിയില്‍ സ്വസ്ഥം ആയ നിലനില്‍പ്പില്ല. മകളെ നിന്റെ ചാരിത്ര്യം സംരക്ഷിക്കുക എന്ന് ഭയപ്പെടുത്തി വളര്‍ത്തുന്ന അമ്മമാര്‍ എന്ത് കൊണ്ടു മോനോട്, അവന്റെ നല്ല നടപ്പിനെ കുറിച്ച് പറഞ്ഞു കൊടുത്തു വളര്‍ത്തുന്നില്ല..? കന്യകാത്വവും പാതിവൃത്യവും വാഴ്ത്തപ്പെടുമ്പോള്‍, പുരുഷന് അവന്റെ ആണത്തത്തിനു ഒരു വിലയും ഇല്ലേ..?
Post Your Comments