തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഷീ ലോഡ്ജുകള്‍ ആരംഭിക്കുന്നു. നഗരസഭയാണ് പദ്ധതി തയ്യാറാക്കിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാനും ദര്‍ശനം നടത്താമുമുള്ള സംവിധാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി നഗരസഭാധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു.
ഗുരുവായൂര്‍ വടക്കേ ഔട്ടര്‍ റിങ് റോഡിലുള്ള അഗതിമന്ദിരത്തിനടുത്ത് 28 സെന്റ് സ്ഥലത്ത് മൂന്നുനിലകളിലാണ് ലോഡ്ജ് പണിയുന്നത്. ഷെല്‍ട്ടര്‍ ഫോര്‍ ലേഡീസ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നിര്‍മ്മാണച്ചെലവ് നാലുകോടി. 13,000 ചതുരശ്രയടി വിസ്തൃതി ഉണ്ടാകും. ഇവിടെ സൗജന്യ നിരക്കില്‍ 70 പേര്‍ക്ക് താമസിക്കാം. കൂടാതെ ഇതിനു താഴെ റസ്റ്റോറന്റും തുടങ്ങും. സ്ത്രീകള്‍ തന്നെയാണ് ഇത് ഏറ്റെടുത്തു നടത്തുക.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒറ്റയ്ക്കു തൊഴാന്‍ വരുന്ന ഭക്തകള്‍ക്കും ജോലി, ഇന്റര്‍വ്യൂ, പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വരുന്നവര്‍ക്കും വളരെ ഉപകാരവും സുരക്ഷിതവുമായിരിക്കും ഷീ ലോഡ്ജ്.
ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റിയിക്കായിരിക്കും നിര്‍മ്മാണ ചുമതല നല്‍കുക. നഗരസഭയുടെ ബജറ്റിലുള്ള പദ്ധതിയാണിത്. ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരിയും വൈസ് ചെയര്‍മാന്‍ കെ.പി. വിനോദും അറിയിച്ചു.
Post Your Comments