കോഴിക്കോട്: ഡിജെ എന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ വലയിലാക്കിയ 20 കാരനെതിരെ കൂടുതല്‍ പരാതികളുമായി പെണ്‍കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി. ചിലര്‍ പണം നഷ്ടമായതായാണ് പരാതി നല്‍കിയതെങ്കില്‍ മറ്റു ചിലര്‍ തങ്ങള്‍ ഇയാളില്‍ നിന്നും ലൈംഗിക ചൂഷണത്തിന് ഇരയായതായും പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോഴിക്കോട് ചേവായൂര്‍ പൊലീസ് എറണാകുളം സ്വദേശിയായ 20കാരന്‍ ഫയാസ് മോബിനെ പൊലീസ് പിടികൂടിയത്.
ഫയാസ് മുബീന്‍ ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങിയിരുന്നതായും അറിയിച്ച് സ്ത്രീകളുള്‍പ്പെടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഫേസ്‌ബുക്കിലെ ഫയാസിന്റെ ഫോട്ടോ കണ്ട് മയങ്ങിയാണ് പെണ്‍കുട്ടികളും സ്ത്രീകളും ഇയാളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പലരും പതിവായി ഫയാസുമായി വാട്‌സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു. പതിവായി മൊബൈല്‍ ചാര്‍ജ് ചെയ്ത് നല്‍കിയിരുന്നതും പെണ്‍കുട്ടികളാണ്. ഇവരില്‍ പലരും ചേവായൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വിവരം അറിയിച്ചവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയാറായിട്ടില്ലെന്നും അന്വേഷണസംഘം പറയുന്നു.പേരുപറയാതെ കാര്യമറിയിച്ച് പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇരുപതിലധികം പേരാണ് ഇത്തരത്തില്‍ സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. സ്ത്രീകളും പെണ്‍കുട്ടികളുടെ രക്ഷിതാക്കളും വരെ പൊലീസ് സ്‌റ്റേഷനിലെത്തി ഫയാസിന്റെ ചതികളെ കുറിച്ചുള്ള വിവരം കൈമാറി.യുവാവിനെക്കുറിച്ച് കൂടുതല്‍ അറിവുണ്ടായിരുന്നില്ലെന്നാണു ചിലരുടെ പ്രതികരണം.
ഇയാള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാനായി തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്‌ബുക്കില്‍ ഇട്ടിരുന്നത്. മാത്രമല്ല മോഷ്ടിച്ച ബൈക്കിലായിരുന്നു ഫയാസിന്റെ കറക്കം. ഇക്കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും.ആഡംബര ബൈക്ക് കവര്‍ന്ന ഇടപ്പള്ളിയിലും കണ്ണാടി കവര്‍ന്ന കോഴിക്കോട് കനകാലയ ഷോറൂം ഉടമകളോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫയാസിന് രണ്ടായിരത്തിലധികം പെണ്‍ സുഹൃത്തുക്കളാണ് ഫേസ്‌ബുക്കിലുള്ളത്. കോഴിക്കോടുള്ള ഒരു സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ പത്ത് മാസമായി പഠിക്കുകയായിരുന്നു ഫയാസ്.
ഇതിനിടെ 17കാരിയുമായി പരിചയത്തിലായി. പരിചയം പിന്നീട് പ്രണയമായി. ഇതോടെ മറ്റാരും അറിയാതെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബൈക്കില്‍ പെട്രോള്‍ അടിക്കാനും മറ്റ് ചെലവ്ക്കും പതിനേഴ്കാരിയും മറ്റ് പെണ്‍ സുഹൃത്തുക്കളുമാണ് പണം നല്‍കിയിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിനെ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടിക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഫയാസ് ഒളിച്ച് കഴിഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മംഗലാപുരത്തു നിന്നുമാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. എറണാകുളം കുമ്പള സ്വദേശിയായ ഫയാസ് രണ്ട് സെന്റിലെ ചെറിയ കൂരയിലായിരുന്നു താമസം. വീടിനടുത്തുള്ള മുന്തിയ ഹോട്ടലില്‍ ഡി.ജെയായി ജോലി നോക്കുന്നുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.
Post Your Comments