തിരുവനന്തപുരം: ചിക്കന്‍ വില കുറഞ്ഞിട്ടിത് രണ്ട് മാസത്തോളമാകുന്നു. എന്നാല്‍ ചിക്കന്‍ വിഭവങ്ങള്‍ക്കിപ്പോഴും തോന്നുംപടി വിലയീടാക്കുകയാണ് ഹോട്ടലുകള്‍. ഓരോ വിഭവങ്ങള്‍ക്കും പല ഹോട്ടലുകളിലും പല വിലയാണ്. ഇതേസമയം നേരത്തേ ചിക്കനു വിലകൂട്ടിയപ്പോള്‍ വിഭവങ്ങള്‍ക്ക് 15 ശതമാനത്തിനു മുകളിലാണ് ഹോട്ടലുകളില്‍ വിലയുയര്‍ന്നത്. എന്നാല്‍ അതേ ശുഷ്‌കാന്തി വില കുറയുമ്പോള്‍ കാണിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരിക്കുന്നത്.
കോഴിഫാമുകളില്‍ ഇന്നലെ കോഴി വില കിലോയ്ക്ക് 63 രൂപയായിരുന്നു. ചില്ലറ വിപണിയില്‍ 85 രൂപ നിരക്കിലായിരുന്നു വില്‍പന. ഹോട്ടലുകളിലേക്കു മൊത്തമായി എടുക്കുമ്പോള്‍ 75 രൂപ നിരക്കില്‍ നല്‍കും. തലസ്ഥാനത്തെ ഹോട്ടലുകളില്‍ 120 മുതല്‍ 400 വരെയാണു ചിക്കന്‍ വിഭവങ്ങളുടെ വില. ഷവായി, തന്തൂരി ഐറ്റങ്ങള്‍ക്കാണ് ഉയര്‍ന്ന വില ഈടാക്കുന്നത്.
തമിഴ്‌നാട്ടിലെ ഫാമുകളില്‍ ഇന്നലെ ചിക്കന് കിലോയ്ക്ക് 55 രൂപയായിരുന്നു വില. അവിടെ 60 മുതല്‍ 65 രൂപയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തിയത്. അതേസമയം തിരുവന്തപുരത്ത് 63 രൂപയ്ക്കായിരുന്നു വില്‍പ്പന. തലസ്ഥാനത്ത് ചിക്കന്‍ കൂടുതലും എത്തുന്നത് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ നിന്നാണ്. തൊട്ടടുത്തുള്ള സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുമെന്നതാണ് ഭൂരിപക്ഷത്തിനെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഒരു തവണ പോലും കോഴിവില നൂറു കടന്നു പോയിട്ടില്ല. എന്നിട്ടും വിഭവങ്ങളുടെ വലിയ വിലയില്‍ കുറവില്ല.
വിഭവങ്ങള്‍ക്കാവശ്യമായ മറ്റ് വസ്തുക്കളുടെ ഉയര്‍ന്ന വിലയാണ് ചിക്കന്‍ വിഭവങ്ങളുടെ വില കുറയ്ക്കാന്‍ സാധിക്കാത്തതെന്നാണ് ഹോട്ടലുകാരുടെ ന്യായം. എന്നാല്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഫാമുകളില്‍ കോഴി ഉല്‍പാദനം കൂടിയിട്ടുണ്ട്. കൂടാതെ ആവശ്യക്കാര്‍ കുറഞ്ഞതോടെ കോഴികള്‍ പലയിടത്തും കെട്ടിക്കിടക്കുകയാണ്. ഇതോടെ കോഴി വിലയും കുറഞ്ഞു. ഇതേ വിലയില്‍തന്നെ കോഴി വില മുന്നോട്ടു പോകുമെന്നാണ് മൊത്തവിതരണക്കാര്‍ പറയുന്നത്.
Post Your Comments