കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇന്നലെ നടന്ന 7 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ബിഷപ്പ് പൂര്‍ണമായും സഹകരിച്ചതായി പോലീസ് പറഞ്ഞു.
പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഏകദേശം ഏഴര മണിക്കൂറോളം ആദ്യഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ ബാക്കിയുള്ള ചോദ്യങ്ങള്‍ക്കാണ് ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി പറയേണ്ടത്.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് സംവിധാനമുള്ള പ്രത്യേക മുറി ചോദ്യം ചെയ്യലിനായി സജ്ജീകരിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്ബോള്‍ ബിഷപ്പിന്റെ ശരീരഭാഷയും മുഖഭാവവും നിരീക്ഷിക്കുന്നതടക്കമുള്ള ക്യാമറ സജ്ജീകരണങ്ങളും ഇവിടെയുണ്ട്.
നേരത്തേ ജലന്ദറില്‍ വെച്ച് ഒന്‍പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് നല്‍കിയ പല മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പച്ചക്കള്ളമാണെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നതും.
Post Your Comments