കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ അവസാനിച്ചു. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന തീരുമാനത്തിനായി നിയമോപദേശം തേടുന്നു. ഇതിനായി ഐജി വിജയ് സാക്കറെ ഡയറക്ടല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച നിയമോപദേശത്തിന് വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഹൈക്കോടതിയില്‍ ഡിജിപി ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ തന്നെയെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനത്തിന് കാക്കേണ്ടതില്ലെന്നാണ് തീരുമാനമായിരിക്കുന്നത്. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു.
Post Your Comments