KeralaLatest News

‘ കേരളത്തെ അവഗണിക്കരുത്‌ സ്വാമി’ എന്ന് സ്വാമി നിത്യാനന്ദയോട് കളക്ടർ ബ്രോ

കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയിരുന്നു

ന്യൂഡൽഹി: പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി സ്വാമി നിത്യാനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴി വെച്ചിരിക്കുകയാണ്. ഇതിനിടെ കളക്ടർ ബ്രോ പ്രശാന്ത് നായർ ട്രോളുമായി രംഗത്തെത്തി. ‘കേരളത്തെ അവഗണിക്കരുത്‌ സ്വാമി സ്വാമി നിത്യാനന്ദയുടെ പുതിയ പദ്ധതിയിൽ നിന്ന് കേരളം പുറത്ത്‌! തമിഴും സംസ്കൃതവും ഉൾപ്പെടുത്തിയപ്പോൾ എത്ര നൈസായിട്ടാണ്‌ ശ്രേഷ്ഠഭാഷയായ മലയാളത്തെ ഒഴിവാക്കിയത്‌! സാക്ഷരകേരളത്തിലെ പശുക്കൾക്കുമില്ലേ ന്യായമായ അവകാശങ്ങൾ?’

‘നമ്മൾ പ്രതികരിക്കണം. ഈ പദ്ധതിയിൽ മലയാളം കൂടി ഉൾപ്പെടുത്താൻ നമ്മുടെ എംപിമാർ ഇടപെടണം. നമ്മുടെ എംപിമാർ പാർലമെന്റിൽ മലയാളത്തിൽ സംസാരിക്കാറുണ്ടല്ലോ. പശുക്കൾക്ക്‌ മാത്രം എന്തേ തടസ്സം? സ്വാമി കനിയണം. കറവക്കാരനെതിരെ മൊഴികൊടുത്ത ശേഷം നന്ദിനി പശു മാധ്യമങ്ങളോട്‌ സംസാരിക്കുന്നത്‌ നമുക്ക്‌ കാണണ്ടേ? ഉണരൂ മലയാളീ ഉണരൂ!- ബ്രോ സ്വാമി ‘ എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. ഇതിനു താഴെ നിരവധി ട്രോളുകളാണ് നിറഞ്ഞിരിക്കുന്നത്.

പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായാണ് സ്വാമി നിത്യാനന്ദ രംഗത്തെത്തിയത്. മനുഷ്യബോധത്തിന് അതീതമായ മുന്നേറ്റത്തിലൂടെ മാത്രമേ ഇത് സാധ്യമാകുമെന്നും നിത്യാനന്ദ വ്യക്തമാക്കി.
‘ഇതുസംബന്ധിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ ? ഞങ്ങള്‍ ഏതാണ്ട് ആ കണ്ടുപിടുത്തത്തിന് അരികിലാണ്. ശാസ്ത്രത്തിന്‍റെ സഹായത്തോടെ ഇത് തെളിയിക്കും. കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെയുള്ള എല്ലാ ആന്തരിക അവയവങ്ങളും ഇല്ല.

എന്നാല്‍ മാനുഷിക മണ്ഡലത്തിനപ്പുറമുള്ള ചില ഇടപെടലുകളിലൂടെ അവയുടെ ശരീരത്തിലും മനുഷ്യർക്ക് ഉള്ളത് പോലെയുള്ള അവയവങ്ങൾ ഉണ്ടാക്കാനാകും. ‌ശാസ്ത്രീയമായും വൈദ്യശാസ്‌ത്രത്തിലൂടെയും അത് തെളിയിക്കുമെന്നും ‘നിത്യാനന്ദ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയിരുന്നു. അത് വിജയിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ നിങ്ങള്‍ക്ക് ഇത് രേഖപ്പെടുത്തി വെയ്ക്കാവുന്നതാണ്. എന്നിരുന്നാലും ഒരു വര്‍ഷത്തിനകം താനത് തെളിയിക്കുമെന്നും നിത്യാനന്ദ കൂട്ടിച്ചേർത്തു. കൂടാതെ സിംഹങ്ങൾക്കും കടുവകള്‍ക്കും കുരങ്ങുകള്‍ക്കുമായി ശരിയായ ഭാഷാ കോഡുകൾ വികസിപ്പിക്കുമെന്നും നിത്യാനന്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button