തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടു പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവമുറിയില്‍ മാനസിക പിന്തുണ നല്‍കാന്‍ ഭര്‍ത്താവിന്റെ സാന്നിധ്യം അനുവദിക്കുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാവും. മികച്ച പ്രസവ സുരക്ഷയ്ക്കായുള്ള ‘ലക്ഷ്യ’യെന്ന പദ്ധതിപ്രകാരമാണ് ഭര്‍ത്താവിന്റെ സാന്നിധ്യം അനുവദിക്കുന്നത്. ദേശീയ ആരോഗ്യദൗത്യമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് പ്രസവസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പുനലൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ഭര്‍ത്താക്കന്‍മാരുടെ കൂട്ടിരിപ്പ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
ഇതുമൂലം പ്രസവസമയത്തെ മാനസിക സമ്മര്‍ദം കുറയ്ക്കാനാകും എന്ന് കരുതുന്നു. ആദ്യഘട്ടത്തില്‍ ജില്ലയില്‍ എസ്.എ.ടി. ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് ഈ പദ്ധതി. ഇതിനായി ഭര്‍ത്താക്കന്‍മാര്‍ക്ക് കൗണ്‍സിലിങ് അടക്കമുള്ളവ നല്‍കും.
ഭര്‍ത്താക്കന്‍മാരുടെ സാമീപ്യം ആശ്വാസമായി ഒരു വിഭാഗം സ്ത്രീകള്‍ കരുതുമ്പോള്‍ പ്രസവം എന്താണെന്ന് പുരുഷന്‍മാര്‍ കണ്ടു മനസിലാക്കണമെന്നാണ് മറ്റൊരു വിഭാഗം ചിന്തിക്കുന്നത്. ഇരുകൂട്ടര്‍ക്കും ആശ്വാസം നല്‍കുന്നതാണ് ‘ലക്ഷ്യ’ യെന്ന പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ഇതിനായി പരിശീലനസംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.
Post Your Comments