ദുബായ്: വിവിഐപികള്‍ക്കു സഞ്ചരിക്കാനുള്ള ഹെലികോപ്ടര്‍ വാങ്ങാന്‍ ഉണ്ടാക്കിയ 3,600 കോടി രൂപയുടെ കരാറിലെ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന്‍ ക്രിസ്റ്റ്യന്‍ ജെയിംസ് മിഷേലിനെ ഇന്ത്യക്കു കൈമാറാന്‍ ദുബായ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതു വൈകും.
സിബിഐയുടെ അപേക്ഷയനുസരിച്ച് മിഷേലിനെ ഇന്ത്യക്കു കൈമാറാന്‍ സെപ്റ്റംബര്‍ രണ്ടിനാണ് കോടതിവിധിച്ചത്. എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒക്‌ടോബര്‍ 2 വരെ സാവകാശം ലഭിച്ച മിഷേല്‍ ഇപ്പോള്‍ ജ്യാമ്യത്തിലാണ്. അപ്പീല്‍ അവകാശമുള്ളതിനാല്‍ ഉടനടി അയാളെ ഇന്ത്യക്കു കൈമാറാനാകില്ലെന്ന് ഔദ്യോഗികവൃത്തങ്ങളില്‍ നിന്ന് അറിവായി. മിഷേലിന്റെ അപ്പീലിന്മേലുള്ള വിചാരണ പിന്നെയും നീണ്ടേക്കാം.
മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്തുനടന്ന ഈ ഹെലികോപ്ടര്‍ ഇടപാടില്‍ വ്യോമസേനാ മേധാവിയായിരുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. വ്യവസ്ഥകള്‍ ലംഘിച്ച് ഇടനിലക്കാരായ മിഷേലിനും അയാളുടെ കൂട്ടാളികളായ ഗ്വിദ്ധോ ഹാഷ്‌കേ, കാര്‍ലോ ജറോസ എന്നിവര്‍ക്ക് 423 കോടി രൂപ കോഴനല്‍കിയതായി സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നു പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി ഈ കരാര്‍ റദ്ദാക്കിയിരുന്നു.
മുമ്പൊരിക്കല്‍ മിഷേലിനെ ഇന്ത്യക്കു കൈമാറുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ ആവശ്യമായ രേഖകള്‍ ഇന്ത്യ ഹാജരാക്കാത്തതിനാല്‍ കേസ് തള്ളിയിരുന്നു. രേഖകള്‍ സഹിതമുള്ള രണ്ടാമത്തെ അപേക്ഷയിലാണ് ഇടനിലക്കാരനായ മിഷേലിനെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ ജഡ്ജി എലിസ മുഹമ്മദ് ഷെരീഫ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചത്.
Post Your Comments