കൊച്ചി: കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി. കേസ് നിലവിലുണ്ടെന്ന പേരില്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തതിനെതിരെ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാരന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2014 നവംബറിലാണ് ഹര്ജിക്കാരന് തല്കാല് സ്കീമില്‍ പാസ്പോര്‍ട്ട് എടുത്തത്. പിന്നീട് വിദേശത്തേക്ക് ജോലിക്കുപോയ ഇയാള്‍ 2018 ജനുവരി ഒന്നിന് മടങ്ങിയെത്തിയപ്പോള്‍ എയര്‍പോര്‍ട്ടിലെ പോര്‍ട്ട് രജിസ്ട്രേഷന് ഓഫീസര്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. വളയം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്നാരോപിച്ചാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്.
എന്നാല്‍ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തണമെങ്കില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ കോടതി കുറ്റം ചുമത്തുകയോ വേണം. അല്ലാതെ അന്വേഷണം നീണ്ടുപോകുന്ന കേസുകളിലൊക്കെ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തി പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Post Your Comments