ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരെ ടീം ഇന്ത്യക്ക് 26 റൺസ് വിജയം. 286 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹോംങ് കോങ്ങിന് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുക്കാനേ സാധിച്ചുള്ളൂ. 174 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഹോങ് കോങ് ടീം ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണ് ഇയര്‍ത്തിയത്.
92 റണ്‍സ് എടുത്ത നായകൻ നിസാകത് ഖാൻ, അൻഷുമാൻ റാത്ത് (73) എന്നിവരെ അടുത്തടുത്ത് പുറത്താക്കാന്‍ കഴിഞ്ഞതോടെയാണ് മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചു വന്നത്. പിന്നീടെത്തിയവർക്ക് സ്കോർ കണ്ടെത്താൻ കഴിയാതിരുന്നതോടെ ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യക്കായി ഖലീൽ അഹമ്മദും യുസ്വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റു വീതം നേടി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തിരുന്നു. ഇന്ത്യക്കായി ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയും (23), ധവാനും (127) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. തുടർന്നെത്തിയ അമ്പാട്ടി റായ്ഡു (60) ധാവാന് മികച്ച പിന്തുണ നൽകി. ദിനേഷ് കാർത്തിക്ക് (33), കേദാർ ജാദവ് (പുറത്താകാതെ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Post Your Comments