സത്‌ന: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ അദ്ധ്യാപകന് വധശിക്ഷ. മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തിലാണ് സ്‌കൂള്‍ അദ്ധ്യാപകന് കോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചത്. ജൂലൈ ഒന്നിന് ബലാത്സംഗത്തിനിരയായ കുട്ടിയുടെ നില ഇന്നും അതീവ ഗുരുതരമായി തുടരുകയാണ്. അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍ ജഡ്ജ് ദിനേശ് കുമാര്‍ ശര്‍മയാണ് ശിക്ഷ വിധിച്ചത്. മഹേന്ദ്ര സിങ് ഗോണ്ട് എന്ന 23കാരനാണ് നാലുവയസ്സുകാരിയെ പീഡിപ്പിച്ചത്.
പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ഉള്ള ഐപിസി 376 എബി പ്രകാരം കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന നിയമം ആദ്യം പാസാക്കിയത് മധ്യപ്രദേശ് ആയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പാസാക്കിയ നിയമ പ്രകാരം ഇയാള്‍ക്ക് കോടതി വധശിക്ഷയ്ക്ക് വിധിക്കുക ആയിരുന്നു.ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും കോടതി വിധിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടേയും വീട്ടുകാരുടെയും മൊഴിയെടുത്ത ശേഷമാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. 21 സാക്ഷികളേയും വിസ്തരിച്ചു.പ്രതിക്ക് കുട്ടിയുടെ കുടുംബവുമായി അടുപ്പം ഉണ്ടായിരുന്നു. ജൂലൈ ഒന്നിന് രാത്രി പെണ്‍കുട്ടിയുടെ അച്ഛനെ കാണാനായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നു. അച്ഛനോടൊപ്പം കട്ടിലില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ആണ് ഇയാള്‍ കണ്ടത്. കുട്ടിയുടെ അച്ഛനെ കണ്ട ശേഷം ഇയാള്‍ തിരികെ പോന്നു.
എന്നാല്‍ രാത്രി വൈകിയതോടെ ഇയാള്‍ വീണ്ടും അവിടേക്ക് ചെല്ലുകയും കട്ടിലില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.അച്ഛന്‍ തിരികെ എത്തിയപ്പോള്‍ കുട്ടിയെ കാണാതായതോടെ തിരച്ചില്‍ ആരംഭിച്ചു. പിന്നീട് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുക ആയിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments