തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനും ഒഴിപ്പിക്കുന്നതിനും ലാന്റ് റെവന്യു കമ്മീഷണറെയും അസി. കമ്മീഷണറെയും ഉള്‍പ്പെടുത്തി മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരില്‍ നിന്ന് സെല്‍ റിപ്പോര്‍ട്ട് തേടും. കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇടപെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മാധ്യമങ്ങളില്‍ ഭൂമി കൈയേറ്റം സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ സെല്ലിന് അധികാരമുണ്ടാവും.
അധികാര സ്ഥാപനങ്ങളുടെ സ്റ്റേ ഉത്തരവുകള്‍ ഒഴിപ്പിച്ചെടുക്കാനുള്ള ചുമതലയും ഇവര്‍ക്കുണ്ട്. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാരിന്റെ ഭാഗം വാദിക്കുന്നതിനും സ്റ്റേറ്റ്മെന്റുകളും കൗണ്ടര്‍ അഫിഡവിറ്റുകളും ഫയല്‍ ചെയ്യുന്നതിനും നടപടി സ്വീകരിക്കും. സബ് കളക്ടര്‍മാരുടെയും ആര്‍ഡിഒ മാരുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമികളുടെയും പുറമ്ബോക്കുകളുടെയും ഇടവഴികളുടെയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്പെഷല്‍ ഡ്രൈവ് നടത്താനും സെല്ലിനെ ചുമലതപ്പെടുത്തിയിട്ടുണ്ട്. കോടതി ഇടപെടലുകള്‍ കാരണം ഒഴിപ്പിക്കാനാവാത്ത കൈയേറ്റങ്ങളെക്കുറിച്ചുള്ള വിവരം കളക്ടര്‍മാര്‍ മോണിറ്ററിംഗ് സെല്ലിന് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments