Latest NewsArticle

പാക് അതിർത്തിയിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുങ്ങുന്നു : ദേശരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് നരേന്ദ്ര മോദി-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നീക്കത്തിന് ഇന്ന് തിരി തെളിഞ്ഞിരിക്കുന്നു. ഇൻഡോ- പാക് അതിർത്തിയിൽ പുതിയ അത്യന്താധുനിക സുരക്ഷാ സംവിധാനം ആദ്യമായി നടപ്പിലാവുകയാണ്. കോംപ്രിഹെൻസീവ് ഇന്റെഗ്രേറ്റഡ്‌ ബോർഡർ മാനേജ്‌മന്റ് സിസ്റ്റം (CIBMS) എന്നാണ് അതിന് പേര് നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ് ജമ്മു മേഖലയിലെ അതിർത്തിയിൽ അത് ഉദ്‌ഘാടനം ചെയ്തു. പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമാണിത്. ദേശ സുരക്ഷക്ക് നരേന്ദ്ര മോഡി സർക്കാർ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതാണ് ഇത് കാണിക്കുന്നത്. വെറുതെ പ്രസംഗിക്കുകയല്ല മറിച്ച്‌ കാര്യങ്ങൾ വേണ്ടുന്ന വിധത്തിൽ നടപ്പിലാക്കുന്നു. അടുത്തിടെ ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്ന ‘ടു പ്ലസ് ടു’ ചർച്ചകൾ വിരൽ ചൂണ്ടിയതും സുരക്ഷാ വിഷയങ്ങളിലേക്കാണ് എന്നതോർക്കുക.

ഇൻഡോ- പാക് അതിർത്തിയിലെമ്പാടും ഇന്ന് മുള്ളുവേലികളാണ് ഉള്ളത്. അതില്ലാത്ത കുറെ പ്രദേശങ്ങളുമുണ്ട്. ആ വഴികളിലൂടെയാണ് പാക് ഭീകരർ ഇന്ത്യയിൽ പ്രവേശിക്കുന്നത്. ബിഎസ്എഫ് ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും അവർക്കും കാര്യങ്ങൾ ശ്രദ്ധിക്കാൻ പ്രയാസമുണ്ടാക്കുന്ന മേഖലകൾ അവിടെയുണ്ട്. അതൊക്കെ കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് സർക്കാർ തയ്യറായത്. ഗുജറാത്ത് മുതൽ ജമ്മു കശ്മീർ വരെയുള്ള 2,600 അതിർത്തിയിൽ ഇത് നടപ്പിലാക്കും. അതിന്റെ ആദ്യപടിയാണ് ജമ്മു മേഖലയിൽ ഇന്നിപ്പോൾ ആരംഭിച്ചിരിക്കുന്നത്. രണ്ടിടത്താണ് ഇപ്പോൾ ഈ സംവിധാനം ഏർപ്പെടുത്തുന്നത് തുടങ്ങിയത്; മറ്റൊന്ന് പഞ്ചാബിൽ അവസാന ഘട്ടത്തിലാണ്. സിസിടിവി ക്യാമറകൾ, രാത്രികാലത്ത് കാണുന്നതിന് ആവശ്യമായ തെർമൽ ഇമേജസ്, സെൻസറുകൾ എന്നിവ അതിൽപ്പെടും. അരലക്ഷം തൂണുകളിലായി ഏതാണ്ട് ഒന്നര ലക്ഷം ഫ്ലഡ് ലൈറ്റുകൾ, ദൂരദര്ശനികൾ, യുഎവി- കളും ഇതിന്റെ ഭാഗമാവും. ഓരോ ആറോ ഏഴോ കിലോമീറ്ററിൽ ഒരു കൺട്രോൾ റൂം കൂടിയുണ്ട്. അതായത് ഒരു ചെറുനീക്കം അതിർത്തിയിലുണ്ടായാൽ ബിഎസ്എഫിന് വിവരം കിട്ടുന്ന മട്ടിലാവും സുരക്ഷാ ഏർപ്പാടുകൾ.

ഇത് എത്രയുംപെട്ടെന്ന തീർക്കാനാണ് മോഡി സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ രണ്ടിടത്ത് പ്രവർത്തനം തുടങ്ങി; ഒരെണ്ണം ഉദ്‌ഘാടനവുമായി. ബാക്കിയിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാൻ സ്വകാര്യ സംരംഭകരുടെ സഹായം സർക്കാർ തേടുന്നുണ്ട്. 50- 60 സ്ഥാപനങ്ങൾ ആ ജോലി ഏറ്റെടുക്കും. രണ്ടുവർഷത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. ഒരു കിലോമീറ്റർ ഇത്തരത്തിൽ സുരക്ഷാ സംവിധാനമുണ്ടാക്കാൻ ഒരു കോടി രൂപ വേണ്ടിവരും; അതായത് ഇത് ഏതാണ്ട് 2,600 കോടിയുടെ പദ്ധതിയാണ്. അതിന് പുറമെയാണ് അതിർത്തി മേഖലകളിൽ നൂറുകണക്കിന് ബങ്കറുകൾ നിർമ്മിച്ചത്. സംഘര്ഷമുണ്ടാവുമ്പോൾ സുരക്ഷാ സേനക്ക് മാത്രമല്ല അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്കും അത് പ്രയോജനപ്പെടുത്താനാവും.

സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ല എന്നതാണ് മോഡി സർക്കാരിന്റെ നിലപാട്. കഴിഞ്ഞദിവസം ഒപ്പുവെച്ച ‘ ടു പ്ലസ് ടു’ കരാർ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തമാക്കും എന്നതിൽ സംശയമില്ല. ഇന്ത്യയുടെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ടും അതേസമയം ഈ മേഖലയിലെ മറ്റ്‌ വിഷയങ്ങൾ വിലയിരുത്തിക്കൊണ്ടുമാണ് ഇത്തരമൊരു ധാരണക്ക് ഇരു രാജ്യങ്ങളും തയ്യാറായത്. ഇവിടെ പക്ഷെ നാം കാണേണ്ട ഒരു പ്രധാന കാര്യം, ഇന്ത്യ അതിന്റെ പ്രഖ്യാപിത നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടാണ് ഇതിന് മുതിർന്നത് എന്നതാണ്. അമേരിക്കൻ സൗഹൃദത്തിന് വേണ്ടി എന്തെങ്കിലും വിട്ടുവീഴ്ചകൾ ചെയ്യാൻ ന്യൂദൽഹി തയ്യാറായിട്ടില്ല എന്നത് ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.

‘കോംകാസ’ അഥവാ ആശയവിനിമയ സുരക്ഷാ കരാർ ആണ് അതിൽ പ്രധാനം. കുറെ വര്ഷങ്ങളായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് ‘ ടു പ്ലസ് ടു’ കരാർ ഒപ്പുവെയ്ക്കപ്പെട്ടത്. ആധുനിക പ്രതിരോധ വിവരങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കാൻ യുഎസ് വേണ്ടത് ചെയ്യും എന്നതാണ് അതിൽ പ്രധാനം. യുഎസ് നിരീക്ഷണ ഉപഗ്രഹങ്ങൾ നൽകുന്ന വിവരങ്ങൾ ഇന്ത്യക്ക് കൈമാറും. വിവര ശേഖരണ സാമഗ്രികൾ പുതിയ സാങ്കേതിക വിദ്യകൾ എന്നിവ ഇന്ത്യൻ വിമാനങ്ങളിലും മറ്റും വൈകാതെ സ്ഥാപിക്കും. അതിനപ്പുറം അത്യന്താധുനിക വാർത്താവിനിമയ സംവിധാനങ്ങൾ ഇന്ത്യൻ സേനയ്ക്ക് ലഭ്യമാക്കും. അതൊക്കെ ഇന്ത്യക്ക് ഇന്നിപ്പോൾ ഈ മേഖലയിൽ ആവശ്യമാണ് താനും; പ്രത്യേകിച്ചും ചൈന വഴിവിട്ട്‌ ഇന്ത്യ സമുദ്രത്തിലും ചൈന കടലിലും മറ്റും നടത്തുന്ന സംശയാസ്പദമായ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ. ‘ആസിയാൻ’ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകമുണ്ടാക്കിയ നല്ല സൗഹൃദവും ഈ വേളയിൽ ഓർമ്മിക്കേണ്ടതുണ്ട്. ചൈന കടലിനെ ചുറ്റിപ്പറ്റിയുള്ള രാജ്യങ്ങളാണ് അവ എന്നതോർക്കുക. ആ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം അണിനിരക്കുകയും അവിടത്തെ പ്രശ്നങ്ങളിൽ നാം ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുകയുമാണ് ഉണ്ടായത്. അത് ചൈനയെ തീരെ രസിപ്പിച്ചിട്ടില്ല. അതിനു പിന്നാലെയാണ് ഇൻഡോ പസിഫിക് മേഖലയെ ‘തുറന്നുവെക്കാനുള്ള’ ഇന്ത്യ- യുഎസ് ധാരണ.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഏതൊരു ചർച്ചയും ഇടപെടലുമൊക്കെ ഇക്കാലത്ത് വലിയ ചർച്ചാവിഷയമാവാറുണ്ട്. കൂടിയാലോചനയിൽ പുതുതായി എന്തെങ്കിലുമുണ്ടോ ഇല്ലയോ എന്നതല്ല; അമേരിക്ക എന്ന് കേട്ടാൽ അരിശം കൊള്ളുന്നവരുടെ, ഹാലിളകുന്നവരുടെ എണ്ണം കൂടിവരുന്നതിനാലാണ്. സാധാരണയായി ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടികളാണ് അത്തരമൊരു നിലപാട് എടുക്കാറുള്ളത്. കുറച്ചുകാലമായി കുറെ ഇസ്ലാമിക സംഘടനകളും അതേ പാതയിലേക്ക് നീങ്ങുന്നു. ഈ ഇസ്ലാമിക സംഘടനകളും കമ്മ്യുണിസ്റ്റുകളും മാവോയിസ്റുകളുമൊക്കെ ഇന്നിപ്പോൾ സൗഹൃദത്തിലാണ് എന്നുമാത്രമല്ല പലപ്പോഴും കൈകോർത്ത് നീങ്ങുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നുമുണ്ടല്ലോ. അത് അവരുടെ പരസ്യ പ്രകടനങ്ങളിൽ കാണാനാവും. അവർക്കൊപ്പം കോൺഗ്രസുകാരും അണിനിരക്കുന്നു എന്നതാണ് പുതിയ കാര്യം. തിരഞ്ഞെടുപ്പ് ഗോദയിൽ പോലും അത്തരക്കാരുമായി രഹസ്യവും പരസ്യവുമായ ധാരണകൾക്ക് കോൺഗ്രസ് തയ്യാറായതും ഓർക്കുക. മുൻപ് ഭരണത്തിന് ഭീഷണി നിലനിൽക്കുമ്പോൾ പോലും അമേരിക്കയുമായി ആണവ കരാറുണ്ടാക്കാൻ മുന്പിട്ടിറങ്ങിയവർ ഇന്നിപ്പോൾ വിരുദ്ധ ചേരിയോട് അടുക്കുന്നത് കാണാതെ പോകാനാവില്ലല്ലോ. ‘ആരോരുമറിയാതെ ഇരുട്ടിന്റെ മറവിൽ ‘ ചർച്ചനടത്താൻ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ നേതാവ് ചൈനീസ് എംബസിയിൽ പോയതുമൊക്കെ അതിന്റെ ഭാഗമായി വേണമല്ലോ കാണാൻ. അതുകൊണ്ട് തന്നെ ഇത്തവണ ഇന്ത്യ-യുഎസ് ഭരണകർത്താക്കൾ ഒത്തുകൂടിയപ്പോൾ വലിയ കോലാഹലങ്ങൾ, പ്രതിഷേധങ്ങൾ ഒക്കെ ഇന്ത്യയിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല.

ഇന്നിപ്പോൾ ഇന്ത്യ ഈ ഭൂമേഖലയിൽ വലിയ ഭീഷണിയാണ് നേരിടുന്നത്. വിദേശത്തുനിന്ന് തീവ്രവാദം; അതിർത്തി കടന്നുവരുന്ന ഭീകരർ; അവർക്കൊപ്പമുള്ള ചൈനീസ്- പാക്- ഇസ്ലാമിക ശക്തികൾ എന്നിവയാണ് ഒന്ന്. അതിനൊപ്പം ഇന്ത്യയിലെതന്നെ പ്രതിപക്ഷ കക്ഷികളും അണിനിരക്കാൻ തയ്യാറായാലോ. ഇതൊരു സംശയമായിരുന്നു, അടുത്തകാലത്ത് വരെ. മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ ചെന്ന് നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ സഹായം അഭ്യർഥിച്ചതും ഹുറിയത്- പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി കോൺഗ്രസ് നേതാക്കൾ അടുത്തിടപഴകിയതും മറ്റും മറ്റും. ഇല്ലാത്ത വിവാദങ്ങളുണ്ടാക്കി ചൈനയുമായി സൗഹൃദം പങ്കിടാൻ ചിലർ നടത്തിയ നീക്കങ്ങൾ നേരത്തെ സൂചിപ്പിച്ചു. അതിനൊക്കെയപ്പുറമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഒരു വിദേശ ഏജൻസിയുമായി ഒരു മുഖ്യ പ്രതിപക്ഷ കക്ഷി ധാരണയുണ്ടാക്കിയത്. അവസാനം പ്രശ്നം വിവാദമായപ്പോൾ അതുപേക്ഷിച്ചു എന്നാണ് കേട്ടത്. എന്നാൽ അത് ശരിയല്ലെന്നും അവരിപ്പോൾ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നും അവർ ചില ഇന്ത്യൻ രാഷ്ട്രീയകക്ഷികളെ സഹായിക്കുന്നുവെന്നുമാണ് ഇപ്പോൾ തിരിച്ചറിയുന്നത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഏജൻസി ഇന്ത്യയിലെ പ്രതിപക്ഷ കക്ഷിയെ സഹായിക്കുന്നു എന്ന്. അതൊരു ചെറിയ കാര്യമല്ലല്ലോ.

അടുത്തകാലത്ത്‌ ചില ചെറിയ പ്രശ്നങ്ങൾ ഇന്ത്യയിലുണ്ടാവുമ്പോൾ അതിനെ ട്വിറ്ററിൽ വലിയ സംഭവമാക്കി മാറ്റുന്നത് പലരും ശ്രദ്ധിച്ചിരിക്കും. ഹാഷ് ടാഗുകൾ വിപ്ലവം സൃഷ്ടിക്കുന്ന ചിത്രം. അതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, ആ ഹാഷ് ടാഗ് ട്വീറ്റുകളിൽ തൊണ്ണൂറ് ശതമാനത്തിലേറെയും പാക് ട്വിറ്റര് ഹാൻഡിലുകളിൽ നിന്നാണ് എന്ന് തിരിച്ചറിയുന്നു. അവ ഐഎസ്‌ഐയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്നും വ്യക്തമാവുന്നു. ഇന്നാട്ടിൽ രാഹുൽ ഗാന്ധി മുതൽ സീതാറാം യെച്ചൂരിയും ഡി രാജയുമൊക്കെ കെജ്‌രിവാളും വരെ പൊതുവേദിയിൽ ഉന്നയിക്കുന്ന വിഷയങ്ങളാണ് പാക് ട്വിറ്റര് ഹാൻഡിലുകൾ, അതും ഐഎസ്‌ഐയുമായി ചേർത്തുവെച്ചിട്ടുള്ളത്, ആഘോഷിക്കുന്നത്. എന്തൊരു ചേർച്ചയാണിവർക്ക് എന്നാരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവുമോ?. ഇത്രയൊക്കെ കോലാഹലം ട്വിറ്ററിൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നത് അസാധാരണമായതിനാലാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിച്ചത്; അതിന് ഇന്ത്യയുമായി സൗഹൃദത്തിലുള്ള ചില വിദേശ രാഷ്ട്രങ്ങളുടെ സഹായവും നാം തേടിയിരുന്നു എന്ന് കേൾക്കുന്നു.

ഇത് ചെറിയ പ്രശ്നമല്ല. 2019-ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യയെ തളർത്താൻ എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ചവരാണിത്. നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട അർബൻ നക്സലുകൾ ആ കൂട്ടുകെട്ടിന്റെ ഭാഗമാണ് എന്ന് ഈ ഹാഷ് ടാഗുകൾ പിന്തുടർന്നാൽ വ്യക്തമാവും. പറഞ്ഞുവന്നത് ഇന്നിപ്പോൾ ഇന്ത്യയെ തകർക്കാൻ നരേന്ദ മോഡിയാണ് ആദ്യം ഇല്ലാതാവേണ്ടത് എന്ന് ഇക്കൂട്ടർ കരുതുന്നു. മോഡി ഇല്ലാതായാൽ ഒരു ദേശീയ ചിന്താഗതി തളരുമെന്ന് ഇന്ത്യയുടെ ശത്രുരാജ്യങ്ങൾ വിലയിരുത്തുന്നു. അതിൽ ചൈനയുണ്ട്, പാക്കിസ്ഥാനുണ്ട്….. മറ്റു പലരും. പാക് അധീന കാശ്മീരിലൂടെ തങ്ങളുടെ സ്വപ്ന പദ്ധതിയായ പാക് ചൈന വ്യവസായ ഇടനാഴി മുന്നോട്ട് കൊണ്ടുപോകാനാവാത്തത് ബീജിങ്ങിനെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നത്. മോഡി ഉള്ളിടത്തോളം അത് നടക്കില്ലെന്ന് അവർക്കറിയാം. ആയിരക്കണക്കിന് കോടി പാക്കിസ്ഥാനിൽ നിക്ഷേപിച്ച ചൈനക്ക് ഇത് തലവേദനയാണ് എന്നത് അംഗീകരിക്കാതെ വയ്യല്ലോ. മാത്രമല്ല മോഡി പുറത്താവുകയും ഇന്നത്തെ പ്രതിപക്ഷം അധികാരത്തിൽ എത്തുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമാണ് എന്നുമവർ കരുതുന്നു. അതായത് ഇന്ത്യ ഇന്ത്യയുടേതെന്ന് ഏത് ഉറക്കത്തിലും പറയുന്ന പാക് അധീന കാശ്മീരിനെ തങ്ങൾക്ക് അടിയറവെയ്ക്കാൻ ഇന്നത്തെ പ്രതിപക്ഷം തയ്യാറായിക്കഴിഞ്ഞു എന്ന്, ഏറ്റവും ചുരുങ്ങിയത്, പാക്കിസ്ഥാനും ചൈനയും കരുതുന്നു. നമ്മുടെ ആ രാഷ്ട്രീയനേതാക്കൾ അതൊക്കെ ശരിവെക്കുന്ന വിധത്തിൽ പെരുമാറുകയും ചെയ്താൽ……?. ഇത്തരമൊരു പ്രതിസന്ധി ഇന്ത്യയിൽ മുൻപെങ്ങുമുണ്ടായിട്ടുണ്ടാവില്ല.

ഇത് നരേന്ദ്ര മോഡി എന്ന വ്യക്തിയോ ബിജെപിയോ നേരിടുന്ന പ്രശ്നമല്ല എന്നത് അടിവരയിട്ട് പറയേണ്ടതായിട്ടുണ്ട്; ഇന്ത്യ മഹാരാജ്യം നേരിടുന്ന പ്രശ്നമാണ്, അല്ലെങ്കിൽ തലവേദനകളാണ്. അതുകൊണ്ടുതന്നെയാണ് അമേരിക്കൻ സൗഹൃദം പ്രധാനമാവുന്നത്. ഇത്തരം വേളകളിൽ ഇന്ത്യക്ക് സ്വന്തം നിലക്ക് കാര്യങ്ങൾ ചെയ്യാനാവാത്തതല്ല പ്രശ്നം; പക്ഷെ കൂടുതൽ ശക്തമായ ആധുനികമായ ശാസ്ത്ര- സാങ്കേതിക സഹകരണം നമുക്ക് ഗുണകരമാവും. അതിനാണ് മോഡി സർക്കാർ മുൻ‌തൂക്കം നൽകിയത്. അതേസമയം വാഷിങ്ങ്ടണുമായി സൗഹാർദ്ദവും സഹകരണവും ഉറപ്പാക്കാനായി ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നത് മറക്കരുത്. ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത്, റഷ്യയിൽ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് എന്നിവയൊക്കെ സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിന് ചില എതിർപ്പുകളുണ്ടായിരുന്നു. അത് അവർ മുൻപ് തുറന്നുപറഞ്ഞതുമാണ്. അതുപോലെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാമഗ്രികളുടെ താരിഫ് വർധിപ്പിച്ച ഇന്ത്യൻ നടപടിയും തർക്കത്തിനിടയാക്കിയതാണ്. യഥാർഥത്തിൽ ഇന്ത്യയോട് ചെയ്തതിന് പ്രതികാരമായാണ് മുപ്പത് വസ്തുക്കളുടെ നികുതി നിരക്ക് വർധിപ്പിച്ചത്. അത്തരം വിഷയങ്ങളിൽ ഒന്നും ഭിന്നത പ്രകടിപ്പിക്കുകയോ തിരുത്തണമെന്ന് ആവശ്യപ്പെടുകയോ അവർ ചെയ്തില്ല എന്നത് പ്രധാനമാണല്ലോ.

ഒന്നുകൂടി, അമേരിക്കൻ നേതാക്കൾ ഡൽഹിയിലുള്ളപ്പോൾ ഇറാന്റെ ഗതാഗത മന്ത്രി അബ്ബാസ് അഖൗണ്ടിയും അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ സഹകരണത്തോടെ ഇറാനിൽ പൂർത്തിയായ ചബാഹർ തുറമുഖം അടുത്തമാസം ഇന്ത്യക്ക് കൈമാറുന്ന കാര്യം അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. അതായത് അമേരിക്കയുമായി ഇത്തരമൊരു കരാർ ഉണ്ടാകുമ്പോഴും ഇറാൻ ബന്ധം അതുപോലെ നിലനിർത്തുമെന്ന് ന്യൂ ദൽഹി വ്യക്തമാക്കിക്കഴിഞ്ഞു. പറഞ്ഞുവന്നത് ഇന്ത്യൻ താത്പര്യപ്രകാരമാണ് എല്ലാം നടന്നിരിക്കുന്നത്; അതാവട്ടെ ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും.

shortlink

Related Articles

Post Your Comments

Related Articles


Back to top button