Latest NewsIndia

ചൈനയെ പ്രതിരോധിയ്ക്കാന്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ താവളങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

അമരാവതി : ചൈനയെ പ്രതിരോധിയ്ക്കാന്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ താവളങ്ങള്‍ നിര്‍മിയ്ക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആന്ധ്രാപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന തന്ത്രപ്രധാന താവളങ്ങള്‍ നിര്‍മിക്കാനൊരുങ്ങി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സൈനിക സാന്നിധ്യം അനുദിനം കൂടി വരുന്ന സാഹചര്യത്തിലാണ് കിഴക്കന്‍ തീരത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വ്യോമസേന നീക്കം നടത്തുന്നത്.

ചൈനയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാനായി പ്രകാശം ജില്ലയിലെ ദൊനകൊണ്ടയില്‍ ഹെലികോപ്റ്റര്‍ പരിശീലന കേന്ദ്രം, അനന്തപുര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മാണ യൂണിറ്റ്, അമരാവതിയില്‍ സൈബര്‍ സുരക്ഷാ കേന്ദ്രം എന്നിവ നിര്‍മിക്കാനുള്ള പദ്ധതികളാണ് ഇന്ത്യന്‍ വ്യോമസേന ആന്ധ്രാ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം വിജയവാഡ, രാജമുന്ദ്രി വിമാനത്താവളങ്ങള്‍ വ്യോമസേനയ്ക്കു കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ സജ്ജമാക്കാനും പദ്ധതിയുണ്ട്.

ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥര്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി പദ്ധതികള്‍ സംബന്ധിച്ച് മൂന്നു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച വ്യോമസേനാ ദക്ഷിണ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷും സംഘവും മുഖ്യമന്ത്രിയെ കണ്ടു. സൈനിക പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആന്ധ്രാ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള സര്‍വേ ഉടന്‍ ആരംഭിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button