രാജീവ് ഗാന്ധിയുടെ ഘാതകരുടെ ജയിൽ മോചനം സംബന്ധിച്ച് സോണിയ പരിവാറും കോൺഗ്രസും ഒളിച്ചുകളി നടത്തുകയാണോ?. എന്താണ് അതിന് കാരണം?. മറ്റേതെങ്കിലും പാർട്ടിയിൽ നേതാവും കക്ഷിയും തമ്മിൽ ഭിന്നതയുണ്ടായാൽ അത് നമുക്കൊക്കെ മനസിലാക്കാനാവും; അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ് അവിടെയൊക്കെ. എന്നാൽ ഇവിടെ, കോൺഗ്രസിൽ, സോണിയ തീരുമാനിക്കുന്നത് മാത്രം നടക്കുകയും ഏത് യജമാനനും അത് അനുസരിക്കുകയും ചെയ്യുമ്പോൾ എന്തിനാണ് ഈ രാഷ്ട്രീയ മലക്കം മറിച്ചിലുകൾ?. ഇപ്പോൾ ഇത് സൂചിപ്പിക്കാൻ കാരണം, രാജീവ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ വിട്ടയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് തമിഴ് നാട് ഗവർണറാണ് എന്ന സുപ്രീം കോടതിവിധിയെ തുടർന്നുണ്ടായ ചില പ്രസ്താവനകളാണ്. സുപ്രീം കോടതി നിരീക്ഷണത്തെ തുടർന്ന് തമിഴ് നാട് മന്ത്രിസഭ അക്കാര്യത്തിൽ തീരുമാനമെടുക്കുകയും അത് ഗവർണർക്ക് അയക്കുകയും ചെയ്തു. അതിപ്പോൾ ഗവർണറുടെ മുന്പാകെയാണ്. അത് ഗൗരവമുള്ളതാണ് എന്ന് ഗവർണർക്ക് അറിയാത്തതല്ല. അദ്ദേഹം തീരുമാനമെടുത്തിട്ടുമില്ല. അപ്പോഴാണ് രാജീവ് ഘാതകരെ വിട്ടയക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ഗവർണർ തയ്യാറാവുന്നു എന്നും മറ്റുമുള്ള പരസ്യ പ്രസ്താവനയുമായി കോൺഗ്രസ് രംഗത്തുവന്നത്. അതേസമയം ഏതാനും നാൾ മുൻപ് ഇക്കാര്യം കേന്ദ്രസർക്കാരിന്റെ മുന്നിലെത്തിയതാണ്; അന്ന് അവരെ വിട്ടയക്കാൻ പറ്റില്ല എന്നതാണ് കേന്ദ്രം എടുത്ത നിലപാട്. എന്നാൽ ഈ വിഷയത്തിൽ നേരത്തെ മുതൽ തമിഴ് നാട് സർക്കാരിന്, അവിടത്തെ ഒട്ടേറെ രാഷ്ട്രീയ കക്ഷികൾക്ക് വ്യത്യസ്ത നിലപാടാണുള്ളത്. പക്ഷെ ഇതൊന്നുമല്ല പ്രശ്നത്തെ ചർച്ചാവിഷയമാക്കുന്നത്. അത് സോണിയ പരിവാർ സ്വീകരിച്ച ചില നിലപാടുകളാണ്…… അവരുടെ നീക്കങ്ങളാണ്. അതൊക്കെ സംശയാസ്പദമാണ് എന്ന് ഡോ. സുബ്രമണ്യ സ്വാമി പറയുമ്പോൾ അവിശ്വസിക്കാൻ കഴിയാതെവരുന്നു. സംശയങ്ങൾ മനസിലും ഉയരുന്നു.
1991 ലാണ് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തമിഴ്‌നാട്ടിൽ ശ്രീപെരുമ്പത്തൂർ വെച്ചായിരുന്നു ആ വലിയ ദുരന്തമുണ്ടായത്. ഇന്ത്യ ആകെ ഞെട്ടിച്ച സംഭവമാണ്. രാജീവ് ഗാന്ധി മാത്രമല്ല പതിനഞ്ചോളം മറ്റുള്ളവരും അന്ന് അവിടെ കൊല്ലപ്പെട്ടു. എന്നാൽ അക്കൂട്ടത്തിൽ അറിയപ്പെടുന്ന ഒരൊറ്റ കോൺഗ്രസുകാരനും ഉണ്ടായിരുന്നില്ല എന്നത് അടിവരയിട്ട് പറയേണ്ടതുണ്ട്. സാധാരണ പാർട്ടി അധ്യക്ഷനെപ്പോലുള്ള കോൺഗസ് നേതാക്കൾ വരുമ്പോഴത്തെ ചിത്രം എല്ലാവരുടെയും മനസിലുണ്ടല്ലോ. കൂട്ടം കൂടി തൊട്ടുചേർന്ന് ഖാദർധാരികൾ അണിനിരക്കുന്നതാണ് രീതി. തമിഴ്‌നാട്ടിലും അതുതന്നെയാണ് പതിവ്. എന്നാൽ അന്ന് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ ഗുരുതരമായി പരിക്കേറ്റ ഒരു മുതിർന്ന കോൺഗ്രസുകാരനെങ്കിലും ഉണ്ടായിരുന്നോ എന്ന് സംശയം. അത് പിന്നീട് നോക്കാം. കേസ് അന്വേഷണം തകൃതിയായി നടന്നു; ആകെ 19 പ്രതികൾ; അവരെല്ലാം എൽടിടിഐ -ക്കാർ. അതിൽ ഏഴുപേർ ശിക്ഷിക്കപ്പെട്ടു.മറ്റുള്ളവരെ കോടതി വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവർക്ക് വധ ശിക്ഷയാണ് കോടതി കൊടുത്തത്. അത് സുപ്രീം കോടതിയും ശരിവെച്ചു. എന്നാൽ പ്രതികൾ സമർപ്പിച്ച ദയാഹർജി രാഷ്‌ട്രപതി 11 വര്ഷം പരിഗണിക്കാതെ വെച്ചു. അങ്ങിനെയാണ് അവരുടെ വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി നിശ്ചയിച്ചത്. അവർ ഇപ്പോൾ വെല്ലൂർ സെൻട്രൽ ജയിലിലാണ്.
യഥാർഥത്തിൽ ഇത്തരമൊരു കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത് കോൺഗ്രസ് സർക്കാരാണ്. ദയാ ഹർജിയിൽ തീരുമാനമെടുക്കേണ്ടത് രാഷ്‌ട്രപതി ആണെങ്കിലും അത് സർക്കാരിന്റെ ഉപദേശത്തിന്റെയും തീരുമാനത്തിന്റെയും ഭാഗമാണല്ലോ. 1998 ജനുവരിയിലാണ് ടാഡ കോടതി പ്രതികളെ ശിക്ഷിച്ചത്. അടുത്തവർഷം അത് ശരിവെക്കപ്പെട്ടു, മേൽക്കോടതിയിൽ. അവസാനം 2014 ഫെബ്രുവരിയിൽ ആണ് സുപ്രീം കോടതി, ദയാഹർജി പരിഗണിക്കുന്നതിൽ വീഴ്ചയോട് രൂക്ഷവിമർശനത്തോടെ, വധശിക്ഷ ജീവപര്യന്തമാക്കിയത്. പറഞ്ഞുവന്നത് ഇതിലൊക്കെ കോൺഗ്രസിന്റെ എന്തോ താല്പര്യം മറഞ്ഞിരിക്കുന്നുവോ എന്ന് ആരെങ്കിലും കരുതിയാൽ കുറ്റപ്പെടുത്താൻ പ്രയാസമാവും.
ഇതിനിടെയാണ് പ്രിയങ്ക ഗാന്ധി ഒരു നാൾ അപ്രതീക്ഷിതമായി വെല്ലൂർ ജയിലിലെത്തുന്നത്. വെല്ലൂരിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ എന്ന് പറഞ്ഞാണ് അവർ എത്തിയത്. എന്നിട്ട് സെൻട്രൽ ജയിലിലേക്ക് ചെല്ലുകയായിരുന്നു; സന്ദർശനം വളരെ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. കുറെ നാൾ കഴിഞ്ഞാണ് ഈ വിവരം പുറത്താവുന്നത്. 2008 മാർച്ച് 19 നായിരുന്നു പ്രിയങ്കയുടെ സന്ദർശനം; അത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നത് ഏപ്രിൽ പകുതിയോടെയും. വാർത്തവന്നപ്പോൾ പ്രിയങ്ക അക്കാര്യം സമ്മതിച്ചു. താനും സഹോദരനും ആ കൊലപാതകികൾക്ക് മാപ്പ് കൊടുത്തു എന്നതായിരുന്നു അവരുടെ പ്രതികരണം. ഇത് അടുത്തിടെ സിംഗപ്പൂരിൽ വെച്ച് രാഹുൽ ഗാന്ധിയും ആവർത്തിച്ചത് കണ്ടു. അത്തരമൊരു മനസ്സ് അവർക്കുണ്ട് എന്നത് നല്ലത് തന്നെ. എന്നുവെച്ച് കോടതി ശിക്ഷിച്ച കുറേപ്പേരെ വിട്ടയക്കാൻ കഴിയില്ലല്ലോ. വധശിക്ഷ ജീവപര്യന്തമാക്കിയതിൽ പോലും ദു:സൂചനകൾ കണ്ടാലോ?. പ്രിയങ്കയുടെ സന്ദർശനം മുതൽ നളിനി അടക്കമുള്ളവർ തങ്ങൾ വിട്ടയക്കപ്പെടും എന്നുള്ള വിശ്വാസം പ്രകടിപ്പിക്കുകയാണത്രെ. അതിനൊക്കെ ശേഷമാണ് കേസ് സുപ്രീം കോടതിയിലെത്തുന്നതും വധശിക്ഷ ജീവപര്യന്തമാവുന്നതും. ഇതൊക്കെ തമിഴ്‌നാട്ടിൽ ചർച്ചാവിഷയമാവുന്നുമുണ്ട്. അങ്ങിനെയാണ് ജയലളിത സർക്കാർ ഇക്കാര്യം ഉന്നയിച്ചത്. പക്ഷെ കേന്ദ്ര സർക്കാർ അടുത്തിടെ അവരെ വിട്ടയക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.
പിന്നീട്, പ്രശ്നം സുപ്രീം കോടതിയിലെത്തി; ആ തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗവർണർക്ക് കഴിയുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അത് സ്വാഭാവിക ഒരു കാര്യമാണ്. ഗവർണർക്ക് നിലവിലെ നിയമമനുസരിച്ച് അങ്ങിനെ ഒരു തീരുമാനമെടുക്കാൻ അധികാരമുണ്ട്. എന്നാൽ അതുപോലെയല്ലല്ലോ രാജീവ് ഗാന്ധി എന്ന മുൻ പ്രധാനമന്ത്രിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിച്ചവരുടെ കാര്യം. അവരെ നേരത്തെ വിട്ടയച്ചാൽ അത് നൽകുന്ന സൂചനകൾ എന്താവും എന്നൊക്കെ ഒരു സർക്കാരിന് ചിന്തിക്കാതിരിക്കാൻ കഴിയുമോ, പ്രത്യേകിച്ചും ഭീകര പ്രവർത്തനം തലയുയർത്തി നിൽക്കുന്ന ഒരു കാലഘട്ടത്തിൽ. അതുകൊണ്ട് കേന്ദ്രസർക്കാർ ആ ആവശ്യം തള്ളി. അതേ ആവശ്യമാണ് ഇപ്പോൾ തമിഴ്‌നാട് വീണ്ടും ഉന്നയിച്ചത്. അതാണ് ഗവർണർ പരിശോധിക്കുന്നത്. എനിക്ക് തോന്നുന്നു, ഇക്കാര്യത്തിൽ നേരത്തെ കേന്ദ്രം എടുത്ത നിലപാടിൽ നിന്ന് ഭിന്നമായ എന്തെങ്കിലും ഇപ്പോൾ ഉണ്ടാവാനിടയില്ല. ഗവർണർ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ മനസ്സ് അറിയാതെ എന്തെങ്കിലും തീരുമാനമെടുക്കും എന്നും കരുതാൻ കഴിയില്ല. അപ്പോഴാണ് കേന്ദ്രസർക്കാർ കോൺഗ്രസുകാർ രാജീവ് ഘാതകരെ വിട്ടയക്കാൻ ശ്രമിക്കുന്നു എന്നും മറ്റുമുള്ള തരംതാണ പ്രചാരണത്തിന് തയ്യാറാവുന്നത്. അത് അവരുടെ നിലവാരമാണ്; അതിലേറെ അതിനെക്കുറിച്ചു എന്തെങ്കിലും പറയേണ്ടതില്ലല്ലോ. പിന്നെ അവിടെ അന്ന് രാജീവ് ഗാന്ധി മാത്രമല്ല കൊലചെയ്യപ്പെട്ടത്; വേറെയും കുറേപ്പേരുണ്ടായിരുന്നു. അതുകൊണ്ട് സോണിയയും രാഹുൽ ഗാന്ധിയും പ്രിയങ്കയും വിചാരിച്ചാൽ തീരുന്ന കേസല്ല അത്.
ഇവിടെയാണ് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് കാണുന്നത്. പ്രിയങ്കയും സോണിയയും രാഹുലുമൊക്കെ പ്രതികൾക്ക് മാപ്പ് കൊടുക്കുന്നു; അവരെ ജയിലിൽ സന്ദർശിക്കുന്നു…… ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. ഇത്തരം പ്രതികളെ കാണാൻ ജയിൽ ചട്ടമനുസരിച്ച് അവരുടെ ബന്ധുക്കൾക്ക് മാത്രമേ കഴിയു. എന്നാൽ അതൊക്കെ മാറ്റിവെച്ചുകൊണ്ടാണ് പ്രിയങ്ക പോയി കണ്ടത്. അത്രയൊക്കെ താല്പര്യമെടുക്കാൻ കാര്യമെന്താണ്…… അതിൽ വേറെയെന്തെങ്കിലുമുണ്ടോ?. വെറും സഹതാപമാണ് എന്നൊക്കെ പറയാമെങ്കിലും അതൊന്നും സോണിയ പരിവാറിൽ നാം മുൻപ് കണ്ടിട്ടേയില്ലല്ലോ. ഇത്തരം കാര്യങ്ങളെ സൂക്ഷ്മതയോടെ നോക്കിക്കാണുന്ന പ്രകൃതമുള്ളയാളാണ് ഡോ. സുബ്രമണ്യ സ്വാമി. അദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകാനാവില്ല. അദ്ദേഹത്തെ മാത്രമല്ല, പലരെയും അതിശയിപ്പിക്കുന്നതാണ് പലതും എന്ന് തോന്നിപ്പോകും. രാജീവ് ഗാന്ധിയുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ് ഡോ. സ്വാമി എന്നതും ഓർമ്മിക്കുക.
ഞാൻ ഉദ്ധരിക്കുന്നത് ‘ഡിഎൻഎ’ പത്രത്തിൽ 2018 മാർച്ച് 12 നു വന്ന വാർത്തയാണ്. അതിൽ രാഹുൽ ഗാന്ധി സിംഗപ്പൂരിൽ ഒരു പരിപാടിയിൽവെച്ച് താനും സഹോദരിയും തന്റെ പിതാവിന്റെ ഘാതകർക്ക് മാപ്പ് കൊടുത്തുകഴിഞ്ഞു എന്ന് പറഞ്ഞതിനെയും പ്രിയങ്ക സ്വകാര്യമായി ജയിലിൽ ആ പ്രതികളെ സന്ദർശിച്ചതിനെയുമൊക്കെ സ്വാമി വിമർശിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിക്കാനായി വിദേശശക്തികളുമായി കൈകോർത്തവരുമായി എന്തിനാണ് നമുക്ക് സന്ധിചെയ്യേണ്ടിവരുന്നത് എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം. രാഹുലിന്റെ പ്രസ്താവന രാജ്യസ്നേഹം തീരെ ഇല്ലാത്തതായി തോന്നി എന്നും അവിടെ കൊല്ലപ്പെട്ടത് തന്റെ പിതാവ് മാത്രമല്ല അതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു എന്നും ഡോ. സ്വാമി ഓർമ്മിപ്പിക്കുന്നു.
അതല്ല അതിലെ പ്രധാനപ്പെട്ട വിഷയം, മറിച്ച് ആ വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയുടെ കുട്ടിയെ ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിക്കുന്നത് സോണിയ ഗാന്ധി ആണ് എന്ന ഡോ. സ്വാമിയുടെ വെളിപ്പെടുത്തലാണ്. ആ കുട്ടിക്ക് ഇന്ദിര ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ്പ് ശരിപ്പെടുത്തിക്കൊടുത്തു എന്ന സൂചനയും സ്വാമി ഉന്നയിച്ചിട്ടുണ്ട്. ഇതൊക്കെ സംശയാസ്പദമാണ് എന്ന് അദ്ദേഹം പറയുമ്പോൾ മറ്റു പലരും അങ്ങിനെ ചിന്തിക്കില്ലെ അല്ലെങ്കിൽ അങ്ങിനെ ആരെങ്കിലും ചിന്തിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?. എൽടിടിഇ-യുമായി എന്തോ ഇടപാടുണ്ട് എന്ന് കരുതാനാണ് പ്രേരിപ്പിക്കുന്നത് എന്നും അക്കാര്യം അന്വേഷിക്കണം എന്നും സ്വാമി പറയുന്നുണ്ട്. മാവോയിസ്റ്റുകൾ, വിധ്വംസക ശക്തികൾ എന്നിവയൊക്കെ ഇന്നിപ്പോൾ കോൺഗ്രസിന്റെ പല നേതാക്കൾക്കും വേണ്ടപ്പെട്ടവരാണ് എന്നതോർക്കുക. മാവോയിസ്റ്റുകൾക്ക് വേണ്ടി കോൺഗ്രസുകാർ അലമുറയിടുന്നത് രാജ്യം കണ്ടതാണല്ലോ. അവർക്കൊപ്പം രാജീവിന്റെ ഘാതകർക്കും സ്ഥാനമുണ്ടായോ എന്നതറിയില്ല. അന്വേഷിക്കണം എന്ന് സുബ്രമണ്യൻ സ്വാമി പറയുന്നത് നിരാകരിക്കേണ്ടതായ കാര്യവുമില്ലല്ലോ.
Post Your Comments