Latest NewsNews

പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി മന്ത്രി ഇ.പി. ജയരാജന്‍

പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. നിലവില്‍ 122 ക്യാമ്പുകളിലായി 1498 കുടുംബങ്ങളില്‍നിന്നായി 4857 പേരാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായി. 6.89 ലക്ഷം വീടുകള്‍ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വൃത്തിയാക്കി. 3581 വീടുകള്‍ ഇനി ബാക്കിയുണ്ട്. 3.19 ലക്ഷം കിണര്‍ വൃത്തിയാക്കി. ഇനിയും വെള്ളം ഇറങ്ങാത്ത ചില പ്രദേശങ്ങളില്‍ കൂടി കിണര്‍ വൃത്തിയാക്കല്‍ ബാക്കിയുണ്ട്. 4213 ടണ്‍ ജൈവമാലിന്യ കൂമ്പാരം ഉണ്ടായിരുന്നതില്‍ 4036 ടണ്‍ സംസ്‌കരിച്ചു. ഇനി 4305 ടണ്‍ അജൈവ മാലിന്യം സംസ്‌കരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.  വെള്ളം കയറിയ വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപ കുടുംബശ്രീ വഴി പലിശരഹിത വായ്പ നല്‍കാനുള്ള നടപടി പൂര്‍ത്തിയായി. 25 മുതല്‍ വായ്പ നല്‍കാനാണ് ശ്രമിക്കുന്നത്.

Read also: പ്രളയദുരിതമനുഭവിക്കുന്ന വ്യാപാരികളെ പുനരുജ്ജീവിപ്പിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജന്‍

5.101 ലക്ഷം കുടുംബങ്ങള്‍ക്ക് 10,000 രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. 10,000 രൂപ സഹായം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ കളക്ടര്‍മാരെ സമീപിക്കാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നാലുലക്ഷം രൂപ സഹായം നല്‍കിവരികയാണ്. വിവിധ ഏജന്‍സികളും വ്യക്തികളും നല്‍കുന്ന സഹായങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെബ് പോര്‍ട്ടല്‍ തയാറായി വരുന്നതായി മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ വഴി ദുരിതാശ്വാസനിധി സ്വീകരിക്കുന്നതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആകെയുള്ള 16,000 വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും പി.ടി.എകളും നന്നായി സഹകരിക്കുന്നുണ്ട്. 10ാം തീയതി മുതല്‍ 15 വരെ മന്ത്രിമാര്‍ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന പ്രവര്‍ത്തനത്തിനാണ്. നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ജില്ലയില്‍ രേഖ നല്‍കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ നടത്തിയ പഠനങ്ങളും വിശദാംശങ്ങളും ക്രോഡീകരിച്ച് തയാറാക്കി നിവേദനം വൈകാതെ കേന്ദ്രത്തിന് സമര്‍പ്പിക്കും. കിട്ടാവുന്നത്ര സഹായം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകബാങ്ക്, എ.ഡി.ബി തുടങ്ങിയ ഏജന്‍സികള്‍ സംസ്ഥാനത്തെ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തുകയാണ് ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ ഏജന്‍സികളില്‍നിന്ന് എത്ര സഹായം ലഭിക്കൂ എന്ന് വ്യക്തമാകൂ. പകര്‍ച്ചവ്യാധി തടയാന്‍ ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികളാണ് കൈക്കൊള്ളുന്നത്. പമ്പയില്‍ റോഡ് പെട്ടെന്ന് പുനര്‍നിര്‍മിച്ച് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനുള്ള പ്രവൃത്തികള്‍ നടക്കുകയാണ്. ശബരിമല തീര്‍ഥാടന കാലത്തിന് മുമ്പ് ഇത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button