ലൈസന്‍സില്ലാത്ത നാക്കിന്റെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോർജ് പലതവണ വിവാദത്തില്‍ ചാടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പി സിയെ ‘അന്താരാഷ്ട്ര പ്രശസ്തനാക്കിയത്’ ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ചു കൊണ്ടാണ്. ഈ വിഷയത്തില്‍ ദേശീയ തലത്തില്‍ പോലും ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയും വിവാദത്തിലുമായി. വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനും ജോര്‍ജ്ജിനെതിരെ രംഗത്തെത്തുകയുണ്ടായി.
എന്നാല്‍, ദേശീയ വനിതാ കമ്മീഷനും തനിക്ക് ഒരു പ്രശ്‌നമേ അല്ലെന്ന നിലപാടിലാണ് പി സി ജോര്‍ജ്ജ്. ഈമാസം 20ന് ജോര്‍ജ് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, യാത്രാബത്ത നല്‍കിയില്ലെങ്കില്‍ താന്‍ വരില്ലെന്ന് അച്ചട്ടായി പറഞ്ഞിരിക്കയാണ് പി സി ജോര്‍ജ്ജ്. യാത്രാ ബത്ത നല്‍കിയാല്‍ ഡല്‍ഹിയില്‍ വരാമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം.
ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? ജോര്‍ജ് പറഞ്ഞു.കഴിഞ്ഞദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീക്കെതിരെ ജോര്‍ജ് ആദ്യം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇന്നലെ പൂഞ്ഞാറിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. അതേസമയം, വനിതാ കമ്മിഷന്‍ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു.
കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിര്‍ദ്ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം.അതേസമയം, കന്യാസ്ത്രീക്കെതിരായ വിവാദ പ്രസ്താവനയില്‍ പി.സി. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്നു പൊലീസ് പറഞ്ഞു.
പി.സി. ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കോട്ടയം എസ്‌പി, ഡിജിപി ലോക്നാഥ് ബെഹ്റയെ നിലപാട് അറിയിച്ചു. കന്യാസ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാനാവുമെന്നാണു പൊലീസിന്റെ നിലപാട്. എന്നാൽ റിപ്പബ്ലിക് ടിവിയിലെ വിവാദ സംവാദത്തിനു ശേഷം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.
Post Your Comments