ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് ജീവനക്കാരന്റെ മൊഴി. എന്നാല്‍ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യ പ്രകാരം പിന്നീട് ക്യാമറകള്‍ ഓഫ് ചെയ്യുകയായിരുന്നെന്നും പറഞ്ഞു. ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സുബ്ബയ്യ വിശ്വനാഥാണ് അന്വേഷണ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്. ക്യാമറകള്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടവരുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര പരിശോധനകള്‍ക്കായി ജയലളിതയെ ഒരു റൂമില്‍ നിന്നും മറ്റൊന്നിലേയ്ക്ക് മാറ്റുമ്പോഴാണ് ക്യാമറകള്‍ ഓഫ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ സിസിടിവി ദൃശ്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് എടുത്തു നല്‍കാന്‍ അന്വേഷണ കമ്മീഷന്‍ ആവശ്യപ്പട്ടു. എന്നാല്‍ 2016 ഡിസംബറിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വിശ്വനാഥ് പറഞ്ഞു.
ഇതേസമയം അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുള്ള കുറച്ച് ഡോക്ടര്‍മാര്‍ ഇതുവരെ ഹാജരായിട്ടില്ലെന്നും അവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കമ്മീഷന്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ അപ്പോളോ ഹോസ്പിറ്റലിന്റെ ചെയര്‍മാന്‍ ജയലളിതയുടെ ചികിത്സാ സമയത്ത് സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ALSO READ:‘ജയലളിതയെ ബിഗ് ബോസിൽ ആക്ഷേപിച്ചു’ : കമൽഹാസനെതിരെ കേസ്
Post Your Comments