Latest NewsKerala

ഇനി അവരും സ്മാര്‍ട്ടാണ്: കാഴ്ച പരിമിതിയുളള 1000 പേര്‍ക്ക് പ്രത്യേക സ്മാര്‍ട്ട് ഫോണ്‍

തിരുവനന്തപുരം•കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷി മേഖലയെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ ‘കാഴ്ച’യുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 1000 യുവതീ യുവാക്കള്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാഴ്ച പരിമിതി നേരിടുന്നവര്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിസ്‌പ്ലേയില്‍ തെളിയുന്ന വിവരങ്ങള്‍ ശബ്ദ രൂപത്തിലാക്കി ആവശ്യാനുസരണം ഉപഭോക്താവിനെ അറിയിക്കുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഉള്‍ക്കൊളളിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നത്. അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യകള്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കും ലഭ്യമാക്കി ബുദ്ധിമുട്ടുകളെ അതിജീവിച്ച് ദൈനംദിന ജീവിതം വിജയകരമാക്കുന്നതിനുളള ഒരുപാധി കൂടിയായിട്ടാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

READ ALSO: യു.എ.ഇയില്‍ മൊബൈല്‍ സേവന കമ്പനി വഴി പുതിയ തട്ടിപ്പ് : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ആശയ വിനിമയവുമായി ബന്ധപ്പെട്ട പ്രയാസങ്ങളെയും ചുറ്റുപാടുകളില്‍ നിന്നും അറിവുകള്‍ കണ്ട് മനസിലാക്കുന്നതിനുളള പരിമിതികളെയും അതിജീവിക്കുന്നതിനും സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കുന്നതിന് ഇവരെ പ്രാപ്തരാക്കുക, വിദ്യാഭ്യാസം, വിനോദം, പണമിടപാടുകള്‍ തുടങ്ങിയ നിത്യജീവിതത്തിന് ആവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരാക്കുക, സമൂഹത്തില്‍ കാഴ്ചവെല്ലുവിളി നേരിടുന്നവരെക്കുറിച്ച് മെച്ചപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുക, അതോടൊപ്പം തന്നെ ഇവരെ മുഖ്യധാരയിലെത്തിക്കുക, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ കാഴ്ച പരിമിതികൊണ്ടുളള പ്രയാസങ്ങള്‍ കഴിയുന്നത്ര മറികടക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ഓരോ ജില്ലയിലെയും ഭിന്നശേഷി ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 80% അതിനു മുകളില്‍ കാഴ്ച പരിമിതി നേരിടുന്ന വനിതകള്‍, വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സ്ഥാപത്തിന്റെ സാങ്കേതിക സഹായത്തോടെ 2 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കുന്നതാണ്.

കാഴ്ച പദ്ധതിയ്ക്കായി, കോര്‍പ്പറേഷന്റെ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറവും ലഭ്യമാണ്. സൈറ്റില്‍ നിന്ന് അപേക്ഷ ഡൗണ്‍ ലോഡ് ചെയ്ത് അനുബന്ധ രേഖകള്‍ സഹിതം വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ സമര്‍പ്പിക്കണം. കേരളത്തില്‍ ഉടനീളം പ്രളയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് പരിഗണിച്ച് പദ്ധതിയിലേയ്ക്കുളള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്തംബര്‍ 15-ല്‍ നിന്നും സെപ്റ്റംബര്‍ 29ലേക്ക് നീട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button