Latest NewsKerala

ഒരുമാസത്തെ നിര്‍ബന്ധിത ശമ്പളം പിടിക്കൽ ; ജീവനക്കാര്‍ നിയമ നടപടിയിലേക്ക്

പ്രളയദുരന്തമനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ നീക്കം. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. ഓണക്കാലത്ത് നല്‍കുന്ന ഫെസ്റ്റിവല്‍ അലവന്‍സ് ഇത്തവണ ജീവനക്കാര്‍ക്ക് പ്രളയത്തിന്റെ പേരില്‍ നല്‍കിയിരുന്നില്ല. അതുവഴി സര്‍ക്കാരിന് ലഭിച്ചത് 102 കോടി രൂപയാണ്. ഇതിനുപുറമേയാണ് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം.

പ്രളയദുരന്തമനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ എട്ട് ജില്ലകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരിതാശ്വാസക്യാമ്പുകളിലായിരുന്നു. ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ പ്രതിസന്ധിയിലാകുമെന്നാണ് ജീവനക്കാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ശമ്പളം പിടിക്കരുത് എന്നുള്ളവര്‍ എഴുതിനല്‍കണമെന്നാണ് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞത്.

എന്നാല്‍ സമ്മതം അറിയിക്കുന്നവരുടെ മാത്രം ശമ്പളം പിടിക്കാനേ നിയമപരമായി കഴിയൂ എന്ന നിലപാടിലാണ് ജീവനക്കാര്‍.ഫെസ്റ്റിവല്‍ അലവന്‍സ് കൂടാതെ രണ്ട് ദിവസത്തെ ശമ്പളം കൂടി നല്‍കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ തയാറായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ധനവകുപ്പ് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച്‌ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. ഇടതുപക്ഷ യൂണിയന്‍ പ്രത്യേകമായി യോഗം ചേര്‍ന്ന് ദേശാഭിമാനിക്ക് ജീവനക്കാരെ വരി ചേര്‍ത്ത രീതിയില്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടുവെന്നും ഇവർ ആരോപിക്കുന്നു.

സ്ഥാപനമേധാവികളും ജീവനക്കാരുടെ യോഗം വിളിച്ച്‌ ശമ്പളം നല്‍കണമെന്ന് പറയുന്നുണ്ട്. നല്‍കില്ലെന്ന് പറയുന്നവരെ സ്ഥലം മാറ്റുമെന്നാണ് ഭീഷണി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ആയിരം കോടിയിലധികം രൂപയുടെ സംഭാവന ലഭിച്ചിട്ടുണ്ട്. ഇതൊന്നും ആരുടേയും പ്രേരണയാലല്ല ലഭിച്ചത്. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിവുള്ള ജീവനക്കാര്‍ അതിനു തയാറായിട്ടുമുണ്ട്. ബുദ്ധിമുട്ടുള്ളവരെ നിര്‍ബന്ധിക്കരുതെന്നും കഴിയുന്നത് നല്‍കാന്‍ അനുവദിക്കണമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button