പഠനവൈകല്യത്താല്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയ തമിഴ്നാട്ടുകാരനായ വെറും നന്ദകുമാറിന്റെ കഥയല്ലിത്. പഠിക്കാന്‍ കഴിവില്ലെന്ന് മുദ്രകുത്തി, പഠിച്ചിരുന്ന സ്‌കൂളും ചുറ്റുമുള്ളവരും അധിക്ഷേപിച്ച് മാറ്റി നിര്‍ത്തി. അവസാനം ആരുമറിയാതെ പരാജയത്തിന്റെ തീജ്വാലകളില്‍ കത്തിയമര്‍ന്ന പരാജിതനായ വി. നന്ദകുമാറിന്റെ കഥയല്ലിത്. ആരെല്ലാം തള്ളി പറഞ്ഞിട്ടും, ഡൈസ്ലേക്ഷ്യയെന്ന ( എഴുതാനും വായിക്കാനും പ്രയാസം നേരിടുക) രോഗം വന്ന് ഭാവിയെ വെല്ലുവിളിച്ചപ്പോഴും ആ വെല്ലുവിളികളെ ഒരു ചലഞ്ചായി എടുത്ത് ജീവിതത്തില്‍ വലിയ പടവുകള്‍ ചവട്ടിക്കയറി അതിജീവനത്തിന്റെ ഉദാത്ത മാതൃകയായി യുവാക്കള്‍ക്ക് ഉള്‍പ്പെടെ ഏവര്‍ക്കും പ്രചോദനമായി മാറിയ ഒരു മഹാമനുഷ്യന്റെ കഥയാണിത്.
നന്ദു (നന്ദകുമാര്‍) വിന് ജന്മം നല്‍കിയതിന് ശേഷം അവന്റെ മാതാപിതാക്കള്‍ വളരെ സന്തോഷത്തിലായിരുന്നു. ഏറെനാള്‍ അവന്റെ പുഞ്ചിരിയില്‍ ലയിച്ച് അവന്റെ മാതാപിതാക്കള്‍ കാലം പോയതറിഞ്ഞില്ല. നന്ദുവിനെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള സമയം ആഗതമായി. തന്റെ കുഞ്ഞിന് അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ച് നടത്തുന്നതിനായി ഏവരേയും പോലെ നന്ദുവിന്റെ മാതാപിതാക്കള്‍ അവനെയും സ്‌കൂളില്‍ ചേര്‍ത്തു.
Read Also: ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗൽ; ഫ്രാന്‍സിനും സമനില
ആദ്യദിനങ്ങളൊക്കെ നല്ലരീതിയിലായിരുന്നു സ്‌കൂള്‍ ദിനങ്ങള്‍. ദിവസങ്ങള്‍ കടന്നുപോയി….. ഒരു ദിവസം വൈകുന്നേരം ബാഗും തോളിലേന്തി നിറകണ്ണുകളോടെ തന്നെവന്ന് കെട്ടി പിടിക്കുന്ന നന്ദുവിനെയാണ് പിന്നെ ആ അമ്മ കണ്ടത്. പിന്നീട് ഞെട്ടിക്കുന്ന സത്യം ആ അമ്മ മനസിലാക്കി…. തന്റെ മകന് പഠിക്കുവാനുളള കഴിവില്ലെന്ന്… അത് അവരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു..
തന്റെ മോന് എന്ത് സംഭവിച്ചെന്നറിയുന്നതിനായി ആ അമ്മ അവനെയും കൂട്ടി ആശുപത്രിപടികള്‍ കയറാന്‍ തുടങ്ങി.. ഒടുവില്‍ ആ ഹൃദയഭേദകമായ സത്യം, യാഥാര്‍ത്ഥ്യം…. ആ അമ്മ കണ്ണീരോടെ അറിഞ്ഞു. തന്റെ മകന് ഡൈസ്ലേക്ഷ്യ ( പദാന്ധത) യെന്ന രോഗമാണെന്ന്. എഴുതാനും വായിക്കാനും പ്രയാസമനുഭവിക്കുന്നുകൊണ്ടാണ് സ്‌കൂളില്‍ നിന്ന് തന്റെ മകനെ പുറത്താക്കിയതെന്ന് വേദനയോടെ അവര്‍ അറിഞ്ഞു. കാലങ്ങള്‍ വീണ്ടും കഴിഞ്ഞുപോയി. നന്ദു വളര്‍ന്നു. ഒപ്പം മറ്റുളള സ്‌കൂളുകളില്‍ പ്രവേശനം നേടാനായി സ്‌കൂളിന്റെ വാതിലുകള്‍ മുട്ടി. പക്ഷേ ആരും തുറന്നില്ല. പഠനവൈകല്യമുള്ള അവനെ പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല.
നന്ദുവിനും കുടുംബത്തിനും വേദനയുടെ നാളുകളായിരുന്നു പിന്നീട് നേരിടേണ്ടി വന്നത്. കളിക്കൂട്ടുകാര്‍ വരെയില്ലാതായി. തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാര്‍ തന്നില്‍ നിന്ന് അകന്ന് മാറുന്നത് നന്ദുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സത്യത്തില്‍ കൂട്ടുകാരുടെ മാതാപിതാക്കള്‍ അവരെ നന്ദുവില്‍ നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നു എന്നതാണ് സത്യം.
എല്ലാവരും തളളി പറഞ്ഞിട്ടും പഴിച്ചിട്ടും നന്ദു തകര്‍ന്നില്ല. പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് കാലെടുത്ത് വെച്ചില്ല. അവന്‍ അതിജീവിച്ചു. ഒരുപക്ഷെ അവന്റെ ഉപബോധമനസില്‍ വരച്ചിട്ട തന്നെ തളളി പറഞ്ഞവരോടുളള പ്രതികാരമായിട്ടായിരുന്നു പിന്നീട് നന്ദുവിന്റെ ജീവിതം. പിന്നീട് ജീവിക്കാനായി ലോട്ടറി ടിക്കറ്റുമായി അലയേണ്ടി വന്നു… കരിപുരണ്ട വര്‍ക്ക്ഷോപ്പില്‍ പണിയെടുക്കേണ്ടിവന്നു….ടെലിവിഷന്‍, റേഡിയോ ഷോപ്പില്‍ ദിനങ്ങള്‍ തളളി നീക്കേണ്ടി വന്നു…. ഹോട്ടലില്‍ എച്ചില്‍ എടുക്കേണ്ടി വന്നു.. ഒരിക്കലും തളര്‍ന്ന് പിന്‍മാറിയില്ല….
ഒരിക്കലും വിട്ടുകൊടുക്കില്ല എന്ന നിശ്ചയദാര്‍ഢ്യത്തോടെ അവന്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കടന്നുവന്നു. പ്രൈവറ്റായി അവന്‍ അവന്റെ ഹയര്‍സെക്കണ്ടറി തലം സെക്കന്റ് ക്ലാസോടെ പൂര്‍ത്തിയാക്കി. പിന്നീട് നന്ദു അക്ഷരങ്ങളെ ആര്‍ത്തിയോടെയാണ് കണ്ടത്. ഒരുപക്ഷേ തന്നെ അകറ്റി നിര്‍ത്തിയവരോടുള്ള പ്രതികാരമാകാം അവനെ ഇങ്ങനെ മാറ്റിയെടുത്തത്.
Read Also: കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
ഹയര്‍സെക്കണ്ടറി തലത്തിനു ശേഷം ഡിഗ്രിയ്ക്ക് കോളേജില്‍ പ്രവേശനം ലഭിക്കുന്നതിനായി നന്ദുവും അവന്റെ അമ്മയും പ്രയാസപ്പെട്ടു. അസുഖമുളള ആളെ കോളേജില്‍ പ്രവേശനം നല്‍കുന്നതിന് ആരും തയ്യാറായില്ല. പിന്നെ നീണ്ട പരിശ്രമത്തിനുള്ളില്‍ അംബ്ദേക്കര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രവേശനം ലഭിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി ഏവരേയും ഞെട്ടിച്ചുകൊണ്ട് ഡിസ്റ്റിങ്ങ്ഷനുമായാണ് നന്ദു ആ കോളേജിന്റെ പടിയിറങ്ങിയത്.
എന്നിട്ടും നന്ദുവിന്റെ അക്ഷരങ്ങളോടുള്ള ദാഹം അവസാനിച്ചില്ല. എല്ലാവരും തന്നെ ചെയ്യാന്‍ വിലക്കിയതെന്തായിരുന്നോ അതിനോടായി നന്ദുവിന്റെ അടങ്ങാത്ത പ്രണയം. അക്ഷരങ്ങളോട് മുട്ട് മടക്കാതെ അവന്‍ ബിരുദാനന്തര ബിരുദത്തിനും പ്രവേശനം നേടി. 1996 കാലഘട്ടത്തിലായിരുന്നു നന്ദുവിന്റെ ആ പഠനകാലം. അന്ന് നന്ദുവിന് ഒത്തിരി സുഹൃത്തുക്കളെ ലഭിച്ചു. ചങ്ങാത്തം എത്തി നിന്നത് UPSC പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് നന്ദുവിന് ലഭിച്ച സുവര്‍ണ അവസരത്തിലേയ്ക്കായിരുന്നു.
Read Also: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് നിയന്ത്രണവിധേയം
പിന്നീടുളള നാളുകള്‍ കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ഊണും ഉറക്കവുമില്ലാതെ നിതാന്ത പരിശ്രമത്തിന്റെ നാളുകള്‍. അവസാനം ആ പ്രയത്നത്തിനൊക്കെ ഫലമായി ഒരു സന്തോഷ വാര്‍ത്ത നന്ദുവിനേയും അമ്മയേയും തേടിയെത്തി…. 2004 ല്‍ നടന്ന സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ 334 -ാം റാങ്കോടെയാണ് നന്ദു തന്നെ തള്ളി പറഞ്ഞവരോടെല്ലാം മധുരപ്രതികാരം വീട്ടിയത്.
ഇന്ന് നുങ്കംപാക്കത്തെ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്‍കംടാക്സ് സമുച്ചയത്തില്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസി. ഡയറക്ടറുടെ കസേര നന്ദകുമാറിനായി ദിവസവും കാത്തിരിക്കുന്നു. മോശപ്പുറത്ത് വി. നന്ദകുമാര്‍ IRS എന്ന ബോര്‍ഡ് കാണുമ്പോള്‍ സന്തോഷിക്കുന്ന ഒരാളുണ്ട് അത് മറ്റാരുമല്ല. നന്ദുവിനെ ജീവനേക്കാള്‍ സ്നേഹിച്ച അവന്റെ പെറ്റമ്മ. ഇന്‍കംടാക്സ് സമുച്ചയത്തിലെ ഭിത്തികളും മുറികളും പടികളും അവന്റെ
വരവിനായി കാത്തിരിക്കുകയാണ്. ആ വലിയ മനുഷ്യന്റെ വരവിനായി കാത്തിരിക്കുകയാണ്. അവന്റെ മെതിയടികളുടെ താളം മുഴങ്ങുന്നത് കേള്‍ക്കാനായി കാത്തിരിക്കുകയാണ്.
നന്ദകുമാറിന്റെ ഈ അതിജീവനം നമുക്ക് നല്‍കുന്നത് വലിയ പാഠങ്ങളാണ്. ആരെയും കുറച്ചുകാണരുതെന്ന പാഠം…. മനസുവെച്ചാല്‍ എന്തും നേടാമെന്നുളള പാഠം….. ഇങ്ങനെ വി. നന്ദകുമാര്‍ അല്ല വി. നന്ദകുമാര്‍ IRS ന്റെ ജീവിതം നമ്മളൊന്ന് ആഴ്ന്ന് ചിന്തിക്കുകയാണെങ്കില്‍ നമുക്ക് ജീവിതത്തില്‍ കിട്ടാതെപോയ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും… നമ്മള്‍ പകച്ചുനിന്ന പല ജീവിത സാഹചര്യങ്ങളെയും ഉറച്ച മനക്കരുത്തോടെ മുന്നോട്ട് നീങ്ങാന്‍ നമ്മളെ പ്രാപ്തരാക്കും.
Read Also: പാചകവാതക വില്‍പ്പന: ഏജന്‍സികള്‍ നടത്തുന്നത് വന്‍ തട്ടിപ്പ്
ഇന്ന് ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് അവിടുത്തെ സിവില്‍ സര്‍വ്വീസിന് തയ്യാറാകുന്ന യുവതി-യുവാക്കാള്‍ അതിനേക്കാളേറെ അവനില്‍ നിന്ന് അവര്‍ക്ക് പഠിക്കുവാന്‍ ഉണ്ടാകും….. അതിജീവനത്തിന്റെ കഥ…. ജീവിതത്തില്‍ പറന്നുയര്‍ന്ന് വലിയ മനുഷ്യനായതിന്റെ കഥ……..
Post Your Comments