ദമ്മാം: സ്പോൺസറുടെ ചതിയിൽപ്പെട്ട് ഹുറൂബിലായ കന്നഡ ജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ബാംഗ്ലൂർ സ്വദേശിനിയായ നസീമയ്ക്കാണ് ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. നാട്ടിൽ നിന്നും ഹൌസ്മെയ്ഡ് വിസയിൽ കൊണ്ട് വന്ന്, സ്പോൺസറുടെ വകയായ ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനായി ജോലി ചെയ്യിയ്ക്കുകയായിരുന്നു. കരാർ കാലാവധിയായ രണ്ടു വർഷം കഴിഞ്ഞപ്പോൾ, നാട്ടിലേയ്ക്ക് മടക്കി അയയ്ക്കണമെന്ന് നസീമ ആവശ്യപ്പെട്ടെങ്കിലും, ഓരോ കാരണങ്ങൾ ഉണ്ടാക്കി സ്പോൺസർ “പിന്നീടാകട്ടെ” എന്ന് പറഞ്ഞ്, നീട്ടികൊണ്ടു പോയി. ഒടുവിൽ ഗത്യന്തരമില്ലാതെ നസീമ അവിടെ നിന്ന് പുറത്തു കടന്ന്, ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്ഡെസ്ക്കിൽ പോയി പരാതി പറഞ്ഞു. വിവരമറിഞ്ഞു എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ നസീമയോട് സംസാരിച്ചു വിവരങ്ങളൊക്കെ മനസ്സിലാക്കുകയും, സൗദി പോലീസിന്റെ സഹായത്തോടെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട്ചെന്നാക്കുകയും ചെയ്തു.
മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവർത്തകരും നസീമയുടെ സ്പോൺസറെ സമീപിച്ചു ചർച്ചകൾ നടത്തിയപ്പോൾ, നസീമ ഒരു വർഷം മുൻപ് ഒളിച്ചോടിപ്പോയവളാണെന്നും, അപ്പോൾത്തന്നെ താൻ അവളെ ഹുറൂബ് ആക്കിയെന്നും പറഞ്ഞു സ്പോൺസർ കൈയൊഴിഞ്ഞു. നസീമ അറിയാതെ ഒരു വർഷം മുൻപ് സ്പോൺസർ അവരെ ഹുറൂബ് ആക്കിയിരുന്നു. കരാർ കഴിയുമ്പോൾ ഒരു തൊഴിൽ ആനുകൂല്യങ്ങളും നൽകാതെ നസീമയെ ഒഴിവാക്കാൻ സ്പോൺസർ നടത്തിയ ചതിയായിരുന്നു അതെന്ന് അപ്പോഴാണ് നസീമയ്ക്ക് മനസ്സിലായത്.
മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നസീമയ്ക്ക് പാസ്പോർട്ട് വാങ്ങി നൽകുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. മഞ്ജുവിൽ നിന്നും വിവരങ്ങൾ അറിഞ്ഞ മാഗ്ലൂർ അസോഷിയേഷൻ ഭാരവാഹി ഷെരീഫ് കർക്കാല നസീമയ്ക്ക് വിമാനടിക്കറ്റ് നൽകാൻ തയ്യാറായി.
നിയമനടപടികൾ പൂർത്തിയാക്കി നസീമ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments