Latest NewsKerala

നവകേരളം: വിവാദങ്ങളൊഴിയാത്ത കെപിഎംജി കമ്പനിയ്ക്ക് ചുമതല നല്‍കും മുമ്പ് രണ്ടാമത് ആലോചിക്കണം

ഓഡിറ്റിങ്ങ് കമ്പനിയായ കെ.പി.എം.ജി ഗുപ്ത ഗ്രൂപ്പിന്റെ പണമിടപാടുകളില്‍ തിരിമറി നടത്തി രാജ്യത്തിന് ഗണ്യമായ നഷ്ടമുണ്ടാക്കിയതായി പിന്നീട് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു

തൃശൂര്‍: കേരള പുന:ര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല കെപിഎംജിയ്ക്ക് നല്‍കും മുമ്പ് സര്‍ക്കാര്‍ വീണ്ടും ആലോചിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കേരള നിര്‍മാണത്തിലെ പ്രധാന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി സര്‍ക്കാര്‍ നിര്‍ദേശിച്ച കെ.പി.എം.ജി. രാജ്യത്ത് നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. നെതര്‍ലാന്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി യുഎസ്, യു.കെ., യു.എ.ഇ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ ഓഡിറ്റിങ്ങ് നടപടികളില്‍ കമ്പനിയെ നിരോധിച്ചിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഗുപ്ത കുടുംബത്തിന്റെ ദക്ഷിണാഫ്രിക്കയിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങില്‍ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യത്തിന് ഗണ്യമായ നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലിലായിരുന്നു നടപടി.1993ലാണ്ഗുപ്ത കുടുംബം ദക്ഷിണാഫ്രിക്കയില്‍ ബിസിനസ് ആരംഭിക്കുന്നത്. അജയ്, അതുല്‍, രാജേഷ് എന്നീ ഗുപ്ത സഹോദരങ്ങളുടെ ഉടമസ്ഥതയില്‍ ആരംഭിച്ച ഈ സ്ഥാപനം ബിസിനസ്സില്‍ വലിയ കുതിച്ചുച്ചാട്ടമാണ് ഉണ്ടാക്കിയത്. പിന്നീട് അമേരിക്ക, സിംഗപ്പൂര്‍ ഗള്‍ഫ് എന്നീ രാജ്യങ്ങളിലും ഇവര്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങി. ഓഡിറ്റിങ്ങ് കമ്പനിയായ കെ.പി.എം.ജി ഗുപ്ത ഗ്രൂപ്പിന്റെ പണമിടപാടുകളില്‍ തിരിമറി നടത്തി രാജ്യത്തിന് ഗണ്യമായ നഷ്ടമുണ്ടാക്കിയതായി പിന്നീട് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

കേന്ദ്രത്തില്‍ ധന, വ്യോമയാന, ആഭ്യന്തര, വിദേശ, നഗര വികസന മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സെക്രട്ടറി പദവിയിലുള്ള ഉന്നതരടക്കം നിരവധി ഉദ്യോഗസ്ഥര്‍ കെ.പി.എം.ജിയില്‍നിന്ന് അഴിമതി പണം കൈപ്പറ്റുന്നവരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്ത്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഉന്നത പദവി വഹിക്കുന്ന ഏതാനും ഐ.എ.എസ്, ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥരും കമ്പനിയില്‍ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഡിസംബര്‍ അഞ്ചാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച അജ്ഞാത കത്തില്‍ കെ.പി.എം.ജിയില്‍നിന്ന് 40 കോടി രൂപയോളം അഴിമതിപ്പണമായി കൈപ്പറ്റിയ ചില ഉദ്യോഗസ്ഥരെക്കുറിച്ചു പറയുന്നുണ്ട്. മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് തെളിഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.

കെ.പി.എം.ജി. ഇന്ത്യയുടെ ചെയര്‍മാനും സി.ഇ.ഒ യുമായി 2017 ഫെബ്രുവരി അഞ്ചിന് ചുമതലയേറ്റ അരുണ്‍ എം. കുമാര്‍ മാവേലിക്കരയിലാണ് ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണ്. ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ആഗോള ബിസിനസ് മേഖല നിയന്ത്രണ വകുപ്പില്‍ ഉന്നത പദവി വഹിച്ചിട്ടുള്ളയാളാണ് അരുണ്‍. 30,000 കോടി രൂപയോളം നിര്‍മാണ ചെലവു വരുന്ന നവകേരള പദ്ധതിയില്‍ ഉപദേശകവേഷംകെട്ടി തല്‍ക്കാലം കേരളത്തിന്റെ ഗുഡ് ബുക്കില്‍ ഇടംപിടിക്കുന്ന കമ്പനിയുടെ ലക്ഷ്യം മറ്റൊന്നാണെന്നാണ് സംസാരം. കമ്പനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ഇവരുടെ സുതാര്യത തെളിയിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരനും ആവശ്യപ്പെട്ടു. എന്നാല്‍ കെ.പി.എം.ജിയുമായി മുന്നോട്ടുപോകുമെന്ന് വ്യവയായ മന്ത്രി ഇ.പി. ജയരാജന്റെ തീരുമാനം.

ALSO READ:പ്രളയം മനുഷ്യ സൃഷ്ടി : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button