തിരുവനന്തപുരം•കഴിഞ്ഞു പോയ ദുരന്തത്തേക്കാള്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്ത മുഖത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും പി. ആര്. ഡി ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ഏകദിന ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും കെ. യു. ഡബ്ളിയു.ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രകൃതി ദുരന്തങ്ങളില്‍ സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരണം റോഡ് അപകടങ്ങളിലും വെള്ളത്തില്‍ വീണും സംഭവിക്കുന്നു. ഇത്തരത്തില്‍ ഒഴിവാക്കാവുന്ന 8000 മരണം പ്രതിവര്‍ഷം കേരളത്തില്‍ സംഭവിക്കുന്നുണ്ട്. വിമാനാപകടങ്ങള്‍, വലിയ കെട്ടിടങ്ങളിലെ തീപിടിത്തം തുടങ്ങിയ ദുരന്തങ്ങള്‍ക്കായി നാം കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്ത മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശില്പശാലയില് വിശദീകരിച്ചു. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അംഗപരിമിതര്‍, അതിഥി തൊഴിലാളികള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ദുരന്ത മുഖത്തേക്ക് പോകുമ്പോള്‍ കൂടെക്കരുതേണ്ട കിറ്റില്‍ എന്തെല്ലാം ഉണ്ടാവണമെന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ദുരന്തങ്ങളെ സംബന്ധിച്ച് വ്യക്തമായ പഠനങ്ങള്‍ നടക്കണമെന്നും ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് പ്രോസീജ്വര് തയ്യാറാക്കണമെന്നും മുരളി തുമ്മാരുകുടി നിര്‍ദ്ദേശിച്ചു.
പി. ആര്. ഡി. ഡയറക്ടര്‍ സുഭാഷ് ടി. വി, കെ. യു. ഡബ്ളിയു. ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആര്. കിരണ്‍ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
Post Your Comments