KeralaLatest News

ത്രിവേണി മുങ്ങിയിട്ടും ചെങ്ങന്നൂര്‍ അറിയാതെ പോയത്: രക്ഷാപ്രവര്‍ത്തനങ്ങള്‍ വന്‍പരാജയമെന്നു വിലയിരുത്തല്‍

ചെങ്ങന്നൂരിലും ജനങ്ങളെ അപകട സ്ഥലങ്ങളില്‍ നിന്ന് മാറ്റാന്‍ ഒരു പകലും രാത്രിയും കിട്ടി

പത്തനംതിട്ട: ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ മഹാപ്രളയത്തിന് കാരണമായത് സമാനകളില്ലാത്ത മഴയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഡാമുകള്‍ തുറന്ന് പമ്പയിലും ത്രിവേണിയിലും വെള്ളമെത്തി ഒരു രാത്രിയും പകലും കഴിഞ്ഞിട്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കാത്തത് പ്രളയത്തിന്റെ വ്യാപ്തി കൂട്ടി. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ വനത്തില്‍ ഓഗസ്റ്റ് 13 മുതല്‍ 16 വരെ ലഭിച്ചത് 1033 മില്ലി മീറ്ററെന്ന ഏറ്റവും വലിയ മഴയാണെന്ന് ഡാം സുരക്ഷാ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. ഗണേശന്‍ പറയുന്നു. ഇതിനാല്‍ ശബരിഗിരി പദ്ധതിയുടെ ആനത്തോട്, പമ്പ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടിവന്നു. ആനത്തോടിന്റെ ഷട്ടറുകളില്‍നിന്ന് സെക്കന്‍ഡില്‍ എട്ടുലക്ഷം ലിറ്റര്‍ എന്ന തോതിലാണ് വെള്ളം പുറത്തേക്കുവിട്ടു കൊണ്ടിരുന്നത്.

thriveni bridge

കനത്ത മഴയുടെ വിവരങ്ങള്‍ വൈദ്യുതി ബോര്‍ഡിന് അപ്പപ്പോള്‍ കിട്ടിയെന്നും അതിനാല്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ ജനത്തിന് നല്‍കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 13 മുതല്‍ കനത്ത മഴ കിട്ടിവരുന്ന സ്ഥിതിക്ക് പതിന്നാലിനെങ്കിലും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടാമായിരുന്നെന്നും, എന്നാല്‍ ഇവിടെ സാധാരണ അണക്കെട്ട് തുറക്കുന്ന സമയത്ത് നല്‍കുന്ന മുന്നറിയിപ്പ് മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sabarimala way

ആനത്തോട്, കക്കി ഡാമുകള്‍ തുറന്നാല്‍ രണ്ട് മണിക്കൂര്‍കൊണ്ട് ശബരിമലയിലെ പമ്പാ ത്രിവേണിയില്‍ വെള്ളമെത്തും. 14-ന് ഉച്ചയ്ക്ക് ത്രിവേണിയില്‍ വെള്ളം നടപ്പാലം മുതല്‍ സര്‍വീസ് റോഡിനുമേലെ വരെ എത്തി. ഈ വെള്ളമാണ് 15-ന് പുലര്‍ച്ചെയോടെ റാന്നിയെ വെള്ളത്തിനടിയിലാക്കിയത്. പിന്നീട് ആറന്മുള, ചെങ്ങന്നൂര്‍ ദേശങ്ങളും വെള്ളത്തിനടിയിലായി. കൂടാതെ ചെങ്ങന്നൂരിലും ജനങ്ങളെ അപകട സ്ഥലങ്ങളില്‍ നിന്ന് മാറ്റാന്‍ ഒരു പകലും രാത്രിയും കിട്ടി. എങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്കായില്ല. ഇവിടെ ഗൗരവമായ മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കിയില്ല.

വൈദ്യുതി ബോര്‍ഡിന്റെ ലോഡ് ഡിസ്പാച്ച് സെന്ററിന്റെ കണക്ക് പ്രകാരം ഓഗസ്റ്റ് 13 മുതല്‍ 17 വരെ ശബരിഗിരി പദ്ധതിപ്രദേശത്ത് കിട്ടിയ മഴ 1060 മില്ലി മീറ്ററാണ്. ആനത്തോട് പ്രദേശത്ത് 14, 15, 17 തീയതികളിലാണ് ഏറ്റവും വലിയ മഴ കിട്ടിയത്. 14-നും 15-നും 290 മില്ലി മീറ്റര്‍ വീതവും 17-ന് 220 മില്ലി മീറ്ററും. കനത്ത മഴയില്‍ വനത്തിനുള്ളില്‍ ഒട്ടേറെ സ്ഥലത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇതോടെ വന്‍മരങ്ങള്‍ കടപുഴകി പമ്പയില്‍ എത്തിയിരുന്നു. പമ്പ ത്രിവേണി നിറഞ്ഞുകിടന്ന 14-ന് പകല്‍ റാന്നി, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഗൗരവമായ മുന്നറിയിപ്പ് കിട്ടിയില്ലെന്ന് എന്‍ജിനീയറും പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറിയുമായ എന്‍.കെ. സുകുമാരന്‍ നായര്‍ പറഞ്ഞു.

ALSO READ:വൈദ്യുതിമന്ത്രിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം : കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button