കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കാന്‍ ഗുഢാലോചന നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യന്വോഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സിറ്റി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് അറിയിച്ചു. ഹിന്ദു മക്കള്‍ കക്ഷി സ്ഥാപക നേതാവായ അര്‍ജുന്‍ സമ്പത്ത്, ശക്തി സേനാ നേതാവ് അന്‍പു മാരി എന്നിവരെ വധിക്കാനാണ് ഗൂഢാലോചന നടത്തിയത്.
കോയമ്പത്തൂര്‍ തിരുമല സ്വദേശി ആര്‍.ആഷിക് (25), വില്ലുപുരം സ്വദേശി എസ്. ഇസ്‌മെയില്‍ (25), പല്ലാവാരം സ്വദേശി എസ്.ഷംസുദ്ദീന്‍ (20), എസ്.സലാഹുദ്ദീന്‍ (25) , ചെന്നൈ സ്വദേശി ജാഫര്‍ സിദ്ദിഖ് അലി (29) എന്നിവരാണ് യുഎപിഎ പ്രകാരം അറസ്റ്റിലായത്. ഇവർ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധം ആരോപിച്ചുള്ള കേസില്‍ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.
ഐ.എസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും വിവരങ്ങള്‍ കൈമാറുന്നതിന് രഹസ്യ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.ചെന്നൈയില്‍ നിന്നും പുറപ്പെട്ട ആലപ്പുഴ എക്‌സ്‌പ്രസില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു. കോയമ്പത്തൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാക്കിയ ഇവരെ സെപ്തംബര്‍ നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments