KeralaLatest News

ദുരിതബാധിതരെ സഹായിക്കുമ്പോള്‍ സര്‍ക്കാരിളവിന് ചെയ്യേണ്ടത്‌

സഹായ വാഗ്ദാനങ്ങളുമായി നിരവധി ആളുകളും നിരവധി രാജ്യങ്ങളും മുന്നോട്ട് വരുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം അതിജീവിച്ചു വരുന്നതേയുള്ളൂ. ഇപ്പോഴും പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പ്രളയബാധിതരെ സഹായിക്കാനായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. പണമായും മറ്റ് സഹായ വാഗ്ദാനങ്ങളുമായി നിരവധി ആളുകളും നിരവധി രാജ്യങ്ങളും മുന്നോട്ട് വരുന്നുണ്ട്. ആദായനികുതി നല്‍കുന്ന പലരും പ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതയെ സഹായിക്കുന്നതിനായി പലവിധത്തിലുള്ള സംഭാവനകള്‍ നല്‍കിവരുന്നുണ്ട്.

ഇത്തരത്തില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ആദായനികുതി ഇളവ് ലഭ്യമാണ്. ആദായനികുതി നിയമത്തിലെ ‘സെക്ഷന്‍ 80 (ജി)’ പ്രകാരമാണ് ഈ നികുതിയിളവ് ലഭ്യമാകുക. ഈ വകുപ്പ് പ്രകാരം, നിയമത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കോ ഫണ്ടുകള്‍ക്കോ നല്‍കുന്ന സംഭാവനകള്‍ക്ക് മാത്രമാണ് നികുതി ഇളവ് ലഭ്യമാകുക. ഇപ്രകാരം സംഭാവനയായി നല്‍കുന്ന തുകയുടെ 100 ശതമാനവും ഇളവ് ലഭിക്കുന്ന ഫണ്ടുകളും സംഭാവനത്തുകയുടെ 50 ശതമാനം മാത്രം ഇളവ് ലഭിക്കുന്ന ഫണ്ടുകളുമുണ്ട്.

Also Read : പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കേരളം കരകയറിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയഭീഷണി

ഇതിനെല്ലാം പുറമെ, സംഭാവനയായി നല്‍കുന്ന തുക, നല്‍കുന്ന വ്യക്തിയുടെ വരുമാനത്തിന്റെ 10 ശതമാനമായി ഈ നികുതിയിളവ് പരിമിതപ്പെടുത്തുന്ന ഫണ്ടുകളും ഇക്കൂട്ടത്തിലുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്കും അവര്‍ നല്‍കുന്ന ഇത്തരം സംഭാവനകള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 ജി പ്രകാരമുള്ള ഇളവ് ലഭ്യമാണ്.

പരമാവധി തുകയ്ക്ക് പരിധിയില്ലാതെ 100 ശതമാനവും ഇളവ് ലഭിക്കുന്ന ഫണ്ടുകളില്‍ ചിലത്:

– പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി

– മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

– ദേശീയ സുരക്ഷാ നിധി

പരമാവധി തുകയ്ക്ക് പരിധിയില്ലാതെ 50 ശതമാനം ഇളവ് ലഭിക്കുന്ന ഫണ്ടുകളില്‍ ചിലത്:

– പ്രധാനമന്ത്രിയുടെ വരള്‍ച്ച

ദുരിതാശ്വാസ നിധി

– നാഷണല്‍ ചില്‍ഡ്രന്‍സ് ഫണ്ട്

– രാജീവ് ഗാന്ധി ഫൗണ്ടേഷന്‍

എങ്ങനെ ഇളവ് നേടാം?

സംഭാവനയായി നല്‍കുന്ന തുകയ്ക്ക്, ഒപ്പിട്ട രസീത് വാങ്ങി വയ്ക്കുകയും രസീതില്‍ തുക കൈപ്പറ്റുന്ന സ്ഥാപനം, അല്ലെങ്കില്‍ ഫണ്ടിന്റെ വിവരങ്ങള്‍, പാന്‍, വിലാസം എന്നിവ വ്യക്തമായി കാണിച്ചിരിക്കുകയും വേണം.

നിയമത്തില്‍ നോട്ടിഫൈ ചെയ്തിട്ടുള്ള ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കാണ് സംഭാവനയെങ്കില്‍, പ്രസ്തുത ട്രസ്റ്റിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, പാന്‍, വിലാസം എന്നിവയും രസീതിനൊപ്പം ഉണ്ടാകണം.

എന്നാല്‍, ഒരു തൊഴില്‍ സ്ഥാപനം, ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഇത്തരം ദുരിതാശ്വാസ നിധികളിലേക്ക് തുക സമാഹരിക്കുന്ന പക്ഷം, തൊഴില്‍ സ്ഥാപനം ഇക്കാര്യം സാക്ഷ്യപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, ആദായനികുതി ഇളവ് നേടാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്‍കുന്നവര്‍ക്ക് ധനവകുപ്പില്‍ നിന്നുള്ള രസീത് നല്‍കുന്നതിനായി, തുക അയയ്ക്കുന്നവര്‍ അവരുടെ വിലാസം, ഇ-മെയില്‍ ഐ.ഡി. എന്നിവയും രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ സെക്ഷന്‍ 80ജി-യില്‍ സംഭാവനയുടെ വിവരങ്ങള്‍ ചേര്‍ത്ത് നികുതിയിളവ് നേടാവുന്നതാണ്.

മറ്റു നിബന്ധനകള്‍

പണമായി 2,000 രൂപയില്‍ കൂടുതല്‍ നല്‍കിയാല്‍, രസീതുണ്ടെങ്കിലും നികുതിയിളവ് ലഭിക്കില്ല.

അതിനാല്‍, 2,000 രൂപയില്‍ കൂടുതലുള്ള ഇത്തരം സംഭാവനകള്‍ ബാങ്ക് അക്കൗണ്ടിലൂടെ,

ചെക്കായോ ഡിജിറ്റല്‍ പേമെന്റായോ മാത്രമേ നല്‍കാവൂ. മറ്റൊരു പ്രധാനപ്പെട്ട കാര്യം, നാം വ്യക്തികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ (പണമായാലും, ഭക്ഷണ സാധനങ്ങള്‍, വസ്ത്രം തുടങ്ങിയ രൂപത്തിലായാലും) ഈ വകുപ്പിന്റെ പരിധിയില്‍ വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button