Cinema

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മലയാളി നാടിന് കരുത്തേകും അപ്പാനി രവിയുടെ ചിത്രത്തിലെ ഈ ഗാനം

ഉണരുക...ഉണരുക..ഉയിരേകി ഉലകിന് എന്ന ഗാനത്തിന് പ്രത്യേകതയേറെയാണ്.

മഹാപ്രളയത്തിനു ശേഷം അതിജീവനത്തിനായി പൊരുതി കൊണ്ടിരിക്കുന്ന മലയാളികള്‍ ഈ ഗാനം കേള്‍ക്കണം. പരിസ്ഥിതിയെ നാം അറിയാതെ പോയതിന്റെ വിപത്താണ് സംഭവിച്ചിരിക്കുന്നതെന്നതില്‍ സംശയമില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഈ സാഹചര്യത്തില്‍ പാരിസ്ഥിതിക പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കോണ്ടസയിലെ ഉണരുക…ഉണരുക..ഉയിരേകി ഉലകിന് എന്ന ഗാനത്തിന് പ്രത്യേകതയേറെയാണ്.

അപ്പാനി രവി നായകനായി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുദിപ് ഇ.എസ്. സംവിധാനം ചെയ്യുന്ന കോണ്ടസയിലെ ഈ ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി നിരവധി റിപ്പോര്‍ട്ടുകളും ഷോര്‍ട്ഫിലിമുകളും പുറത്തെത്തിയിരുന്നു. ഉണരുക എന്ന ഗാനവും ഇന്നിന്റെ മനസിനോടും പ്രകൃതിയോടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഗാനമാണ്.

Also Read: നവകേരള നിർമ്മിതിക്കായി സർക്കാർ കണ്ടെത്തിയ വിദേശ ഏജൻസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു തെളിവുകളുമായി സുധീരൻ

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന് കൂടുതല്‍ കരുത്തേകും ഈ ഗാനം. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ നമ്മള്‍ കണ്ടുവളര്‍ന്ന പുഴയും കാടുകളും മേടുകളും പൂക്കളും പക്ഷികളും മൃഗങ്ങളേയും നമുക്ക് കാണാന്‍ കഴിയില്ലെന്ന ആശങ്ക ഗാനത്തിലൂടെ പങ്കുവെക്കുന്നുണ്ട്. പരിസ്ഥിതി ചൂഷണത്തിനെതിരെ ശബ്ദങ്ങള്‍ ഉയരട്ടേ എന്ന് പറയുന്നു. ഈ ഭൂമിയുടെ കാവലാളനായി മാറാനും ജീവന്‍ നല്‍കി നമ്മുടെ ഭൂമിയെ സ്‌നേഹിക്കാനും ഗാനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

കുന്നിടിക്കലും വയല്‍ നികത്തലും പുഴയെ മലിനപ്പെടുത്തലും തുടങ്ങി പ്രകൃതിയെ ഏതെല്ലാം വിധത്തില്‍ നശിപ്പിക്കാമോ ആ വിധത്തിലൊക്കെ മനുഷ്യന്‍ നശിപ്പിച്ചിട്ടുണ്ട്. ഒരു മഹാദുരന്തമെന്ന നിലയില്‍ പ്രളയമെത്തിയപ്പോള്‍ മനുഷ്യന്‍ ഒരിക്കലെങ്കിലും ചിന്തിക്കണം നാം പ്രകൃതിയെ ഏതൊക്കെ രീതിയില്‍ മലീമസമാക്കിയിട്ടുണ്ടെന്ന്. ഇനിയെങ്കിലും മനുഷ്യന്‍ ഉണരണം, ഉണര്‍ന്ന് പ്രവൃത്തിക്കണം.

ഇല്ലെങ്കില്‍ ഒരു കുന്ന് മണ്ണ് പോലും നമുക്ക് സ്വന്തമായിട്ടുണ്ടാകില്ലെന്ന മുന്നറിയിപ്പ് ഗാനം നല്‍കുന്നുണ്ട്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ പുറത്തിറങ്ങിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മഹാദേവനാണ്. അപ്പാനി രവി ആദ്യമായി നായകനാകുന്ന ചിത്രത്തിലെ ഈ ഗാനം ഇതിനോടകം ശ്രദ്ധനേടിയിരിക്കുകയാണ്.

Read Also: വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

പഴയ തലമുറയും പുതിയ തലമുറയും ഒരുമിച്ച് മുന്നോട്ട് നീങ്ങിയാലേ നമ്മുടെ ഭൂമിയെ തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളുവെന്നതിന്റെ തെളിവെന്നോണമാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സിപി ക്രിയേറ്റീവ് വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുബാഷ് സിപിയാണ് കോണ്ടസ നിര്‍മ്മിച്ചിരിക്കുന്നത്. ആതിര പട്ടേലാണ് ചിത്രത്തിലെ നായിക.

shortlink

Post Your Comments


Back to top button