Article

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടത് വന്‍ വാര്‍ത്തയായിരുന്നു. ഒരു കൊലപാതകക്കേസിലെ പ്രതിയെ സംരക്ഷിക്കാതെ നിയമം നോക്കി തീരുമാനം കൈക്കൊണ്ട ജയലളിതയെ പലരും വാഴ്ത്തി. ഒരു സ്ത്രീയായിരുന്നിട്ട് കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ജയലളിത മാതൃകാപരമായിരുന്നുവെന്ന് അവര്‍ തെളിയിച്ചു. എന്നാല്‍ ബലാത്സംഗക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ചെരുവിരല്‍ പോലും അനക്കാനുള്ള ധൈര്യം കേരള സര്‍ക്കാര്‍ കാണിച്ചിട്ടില്ല.

തെളിവുകളെല്ലാം ബിഷപ്പിന് എതിരായിട്ടും 2014ല്‍ നടന്ന പീഡനക്കേസില്‍ ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴും ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്താന്‍ ആലോചിക്കുന്നതേയുള്ളു. കന്യാസ്ത്രീ നല്‍കിയ പരാതി 60 ദിവസം പിന്നിടുകയാണ്. നിയമം വലിയവനും ചെറിയവനും രണ്ടു രീതിയിലാണെന്നാണോ കേരള പൊലീസ് തെളിയിക്കുന്നത്. വലിയവനെ സംരക്ഷിക്കുന്ന നടപടിയാണ് ഇവിടെ കാണുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീയാണ് ബലാത്സംഗ പരാതി നല്‍കിയത്.

എന്നാല്‍ ഇപ്പോഴും ബിഷപ്പിനെതിരെ എന്തു നടപടി എടുക്കുമെന്നതിനെ കുറിച്ച് കേരളാ പൊലീസ് ചിന്തിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ ഇടതു സര്‍ക്കാര്‍ ഈ കേസേ അറിഞ്ഞിട്ടില്ലെന്നാണോ? മഹാപ്രളയത്തില്‍ ഈ കേസും മുങ്ങിയെന്നാണോ പിണറായി സര്‍ക്കാര്‍ കരുതിയത്. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്താന്‍ ആലോചനയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ബലാത്സംഗക്കേസില്‍ പറയുന്ന ഒരാളെ ഇപ്പോഴും വിളിച്ചു വരുത്താന്‍ മാത്രമാണ് കേരളപൊലീസ് ആലോചിക്കുന്നത്. പരാതിയില്‍ തുടര്‍നടപടിയെന്തെന്ന് ഇനിയും പോലീസ് ആലോചിച്ചിട്ടു പോലുമില്ല. കഴിഞ്ഞ 15ന് ബിഷപ്പിന്റെ മൊഴിയെടുത്തശേഷം കേരളത്തിലെത്തിയ അന്വേഷണ സംഘത്തിന്റെ കൈയും കാലും ഉന്നതോദ്യോഗസ്ഥര്‍ കെട്ടിയിട്ടിരിക്കുന്നുവെന്ന രീതിയിലാണ് ഇപ്പോള്‍ ആ കേസിന്റെ നില.

Read Also: രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയ വാര്യർക്ക് പറയാനുള്ളത്

ബിഷപ്പിന്റെ മൊഴി പരിശോധിക്കുകയാണെന്നും പിന്നീട് ബിഷപ്പിനെ വിളിച്ചുവരുത്തുവെന്നുമാണ് ഇപ്പോള്‍ അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ മൊഴി എന്നു പഠിച്ചുതീരുമെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന് ഒരു ഉത്തരമില്ല. ഒരു പീഡനക്കേസിലും പ്രതിക്ക് നല്‍കാത്ത ആനുകൂല്യമാണ് പോലീസ് ബിഷപ്പിന് നല്‍കുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 27 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗീക പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ 28ന് കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി.

എഫ്.ഐ.ആറും രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്വേഷണം കുറവിലങ്ങാട്ടെ മഠത്തിലും മറ്റു മഠങ്ങളിലുമായി ഒതുങ്ങുകയാണ് ചെയ്തത്. കേരളത്തില്‍ ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കേരള പോലീസിന്റെ നടപടി വളരെ അപഹാസ്യമായിരുന്നു. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്ന് മൊഴിയെടുക്കാന്‍ മുന്‍കൂര്‍ അനുമതിയോ നടപടിക്രമങ്ങളോ പാലിക്കാതെ അവധി ദിനമാണെന്ന് പോലും ഓര്‍ക്കാതെ വത്തിക്കാന്‍ എംബസിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിന്റെ പേരില്‍ പോലീസ് ഏറെ പഴി കേള്‍ക്കുകയും ചെയ്തു. പിന്നീട് ഓഗസ്റ്റ് 13ന് ബിഷപ്പ് ഹൗസില്‍ മൊഴിയെടുക്കാനെത്തിയപ്പോഴും നടന്നത് നാടകീയ സംഭവങ്ങളായിരുന്നു.

ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് അന്നേ ദിവസം കേരള ഹൈക്കോടതി പരിഗണിച്ച ഒരു ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയതോടെ ബിഷപ്പ് മുങ്ങുകയായിരുന്നു. ഇതറിയാതെ കേരള പോലീസ് നാലു മണിക്കൂറോളം ബിഷപ്പ് ഹൗസില്‍ പരിശോധന നടത്തി. രാവിലെ 11 മണിയോടെ ഹൈക്കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ പഞ്ചാബ് പോലീസ് ബിഷപ്പ് ഹൗസിനു ചുറ്റും സായുധ പോലീസിനെ നിയോഗിച്ചു. ബാരിക്കേഡ് വച്ച് വഴികളും അടച്ചു.

Read Also: ദുരിതബാധിതരെ സഹായിക്കുന്ന വിഷയത്തിൽ നടി ഷീലയുടെ പ്രതികരണം

ഈ സമയത്തിനുള്ള ബിഷപ്പ് ഫ്രാങ്കോ മറ്റൊരു വഴിയിലുടെ ജലന്ധറിനു പുറത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിലേക്ക് പോകുകയായിരുന്നു. പുറത്ത് നാടകീയ നീക്കങ്ങളിലൂടെ മാധ്യമ ശ്രദ്ധതിരിച്ച പഞ്ചാബ് പോലീസും ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടാന്‍ സഹായിച്ചു. പിന്നീട് അറസ്റ്റ് ഉണ്ടാവില്ലെന്ന ഉറപ്പില്‍ 7.45 ഓടെ ബിഷപ്പ് ഫ്രാങ്കോ തിരിച്ച് ബിഷപ്പ് ഹൗസില്‍ എത്തി. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പഞ്ചാബ് പോലീസിന്റെ മൗനാനുവാദത്തോടെ മര്‍ദ്ദനവും ഏറ്റിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെ 4.45 വരെ നീണ്ടുനില്‍ക്കുന്ന ചോദ്യം ചെയ്യല്‍ നടന്നുവെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചയോടെ ബിഷപ്പിന്റെ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, ഒരു ഹാര്‍ഡ്ഡിസ്‌ക് എന്നിവയുമായി അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുകയായിരു്‌നനു. കേരളത്തിലെത്തി ഈ സാധനങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കി. നേരത്തെ ബിഷപ്പിനെതിരെ തെളിവുണ്ടെന്നു പറഞ്ഞ പോലീസ് പിന്നീട് ബിഷപ്പ് പറഞ്ഞത് പരിശോധിക്കട്ടെയെന്ന് പറഞ്ഞ് മടങ്ങിയതാണ് സംശയത്തിനിടയാക്കുന്നത്. സംസ്ഥാനത്തെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിനുപിന്നിലന്നും ആക്ഷേപമുണ്ട്. അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഏറെയുണ്ടായിട്ടും പൊലീസ് അതിന് തയ്യാറാകാതിരിക്കുന്നത് വ്യാപക വിമര്‍ശനം വരുത്തിവയ്ക്കുന്നുണ്ട്.

ഇതിന് പിന്നില്‍ ചില ഒത്തുകളികള്‍ ഉണ്ടെന്നും ആരോപണമുണ്ട്. അതേസമയം പോലീസ് അനാസ്ഥ തുടര്‍ന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം. പരാതിയുമായി സഭയിലെ അധികാരികളെയാണ് കന്യാസ്ത്രീ ആദ്യം സമീപിച്ചത്. പല തലങ്ങളിലായി രണ്ടു വര്‍ഷത്തോളമായി അവര്‍ സഭയില്‍ പ്രശ്നം ഉന്നയിച്ച് നീതിക്കായി കാത്തിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, പരാതിക്കാരിക്ക് നിരവധി ദുരനുഭവങ്ങളും നേരിടേണ്ടി വന്നു. ഇവരെ വാഹനാപകടത്തില്‍ വകവരുത്താന്‍ പോലും അണിയറയില്‍ നീക്കമുണ്ടായി. എന്നാല്‍ ആ കേസും വെറും പരാതിയായി നിലനില്‍ക്കുകയാണ്.

Read Also: പുലിയുടെ മുന്നിൽപെട്ട യുവതിക്ക് അത്ഭുതകരമായ രക്ഷപെടൽ

2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് കുറുവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് രജിസ്റ്റര്‍ പരിശോധിച്ചതില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവുകളൊന്നും ഈ കേസില്‍ കൂട്ടിവായിക്കാന്‍ അല്ലെങ്കില്‍ കൂട്ടിക്കെട്ടാന്‍ പൊലീസ് താല്‍പര്യപ്പെടുന്നില്ല. ആരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. നീതിയും നിയമവും നടപ്പിലാക്കേണ്ടവര്‍ തന്നെ അതിന്് നേരെ മുഖം തിരിക്കുകയാണ്. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് മറക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button